ഹൃദയാരോഗ്യം സംബന്ധിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലോകത്ത് നടന്നുവരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ്. സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് അനുസരിച്ച് 2021-ൽ ഏകദേശം 700,000 അമേരിക്കക്കാർ ഹൃദ്രോഗം മൂലം മരിച്ചുവത്രെ. ആരോഗ്യകരമായ ജീവിതശൈലിയും മതിയായ മുൻകരുതലുകളും വിദഗ്ദ പരിശോധനകളും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഈ രംഗത്ത് അടുത്ത കാലത്തായി രോഗനിർണയത്തിന് നിരവധി അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും കടന്നുവന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
1. ഇകെജി
ഇലക്‌ട്രോകാർഡിയോഗ്രാഫി (EKG) നിരീക്ഷണത്തിന് ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് സംബന്ധിച്ച വ്യക്തമായ വിവരം നൊടിയിടയിൽ നൽകാൻ കഴിയും. സ്മാർട്ട് വാച്ച്-മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് നിലവിൽ നിരന്തരം ഹൃദയമിടിപ്പ് നിരീക്ഷിക്കാനും കഴിയും. എന്നാൽ വാച്ചിന്‍റെ ചാർജ് തീർന്നുപോകുന്നത് ഒരു പ്രശ്നമാണ്. ഇതിന് പരിഹാരമെന്നോണം ചൈനയിലെ ഗവേഷകർ മൃദുവും ധരിക്കാവുന്നതുമായ ഇകെജി ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇലക്ട്രോഡുകളുള്ള ഒരു സെൻസർ, അത് ചർമ്മത്തിൽ നേരിട്ട് ടേപ്പ് ചെയ്യാൻ കഴിയും – അത് ധരിക്കുന്നയാളുടെ ചലനങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള ഊർജ്ജം കൈവരിക്കും. ഇലക്ട്രോഡുകൾ ശരീരത്തിൽ നിന്ന് വൈദ്യുതി എടുക്കുന്നതിനാൽ ഉപകരണം ബാഹ്യമായി ചാർജ് ചെയ്യേണ്ടതില്ല എന്നാണ് ഇതിനർത്ഥം.
ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം ഉപകരണങ്ങൾ ഘടിപ്പിക്കാൻ കഴിയുന്നതിനാൽ, അവയ്ക്ക് കൂടുതൽ കൃത്യതയുള്ളതാകാൻ കഴിയുമെന്ന് ടെക്സസ് ഡാളസ് സർവകലാശാലയിലെ ബയോ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ശാലിനി പ്രസാദ് മെഡിക്കൽ ന്യൂസ് ടുഡേയോട് പറയുന്നു.
“ഒരു ആപ്പിൾ വാച്ച് ഉപയോഗിച്ച് നിങ്ങൾക്ക് കഴിയുന്നതുപോലെ ഹൃദയമിടിപ്പ് അളക്കാൻ ഇകെജിക്ക് കഴിയും, കൂടുതൽ പോയിൻ്റുകൾ ഉള്ളതിനാൽ, സ്മാർട്ട് വാച്ചിനേക്കാൾ അത് കൂടുതൽ കൃത്യതയുള്ളതായിരിക്കും,” അവർ വിശദീകരിച്ചു.
2. ടെസ്റ്റ് സ്ട്രിപ്പുകൾ
ടെസ്റ്റ് സ്ട്രിപ്പുകൾ പുതിയ കാര്യമല്ല, കാരണം അവ ഗ്ലൂക്കോസ് മീറ്ററുകൾക്കും മൂത്രപരിശോധനകൾക്കും മറ്റ് വിവിധ ആപ്ലിക്കേഷനുകൾക്കും ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്നു. എന്നാൽ ഹൃദയാരോഗ്യം നിരീക്ഷിക്കാനായി വികസിപ്പിക്കുന്ന ടെസ്റ്റ് സ്ട്രിപ്പുകൾ വൈദ്യശാസ്ത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കും. രക്തത്തിലെ സെറം അളക്കാൻ പേപ്പർ സ്ട്രിപ്പുകൾ വികസിപ്പിച്ചെടുത്തതായി ഗവേഷകർ പറയുന്നു, ഇത് ഹൃദയസ്തംഭനം സംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ സഹായിക്കം. നിലവിൽ ഹാർട്ട് അറ്റാക്ക് സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്ന ട്രോപ്പിനിൻ ടെസ്റ്റ് ഫലം ലഭിക്കുന്നതിന്‍റെ പകുതി സമയത്തിനുള്ളിൽ പേപ്പർ സ്ട്രിപ്പുകൾ ഉപയോഗിച്ച് കണ്ടെത്താനാകും. പരിശോധനാഫലം നൊടിയിടയിൽ സ്മാർട്ട്ഫോണിൽ ലഭ്യമാകുകയും ചെയ്യും.
3. ഡിസോൾവബിൾ ഇംപ്ലാൻ്റ്
ശരീരത്തിനുള്ളിൽ ഒരു സെൻസർ സ്ഥാപിക്കുന്നത് ഒരു വ്യക്തിയുടെ ഹൃദയാരോഗ്യത്തെക്കുറിച്ചോ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ പ്രധാനപ്പെട്ട വിവരങ്ങൾ നൽകും. അജൈവ രൂപത്തിലുള്ള ഇത്തരം സെൻസർ ഇപ്ലാന്‍റുകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ശരീരത്തിൽ അലിഞ്ഞ് ഇല്ലാതാകുന്ന സെൻസറുകളുടെ വരവാണ് ഈ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോന്ന മറ്റൊന്ന്. ലാക്റ്റിക് ആസിഡ്, അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങൾ, പിഎച്ച് ബാലൻസ്, മർദ്ദം എന്നിവ അളക്കാൻ കഴിയുന്ന ഒരു പുതിയ തലമുറ ഇംപ്ലാൻ്റുകളാണിത്. കാലക്രമേണ ഇത് അലിഞ്ഞ് ഇലാതാകും.
“ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം, വീണ്ടെടുക്കൽ നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്,” ശാലിനി പ്രസാദ് പറഞ്ഞു. “ഈ സെൻസറുകൾ ബയോകമ്പാറ്റിബിൾ ആണ്, അലിഞ്ഞ് ഇല്ലാതാകുകയും ചെയ്യുന്നു, അതിനാൽ സാധാരണഗതിയിൽ ശരീരത്തിൽ സ്ഥാപിച്ച സെൻസറുകൾ പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ ഇവിടെ ആവശ്യമായി വരില്ല. ഈ സെൻസറുകൾ സ്ഥാപിച്ചാൽ ആശുപത്രി സന്ദർശനം വേണ്ടിവരില്ല. കാരണം ഇതിൽനിന്നുള്ള വിവരങ്ങൾ സ്മാർട്ട്ഫോൺ വഴി ഡോക്ടർക്ക് നിരീക്ഷിക്കാനാകും.
4. സ്മാർട്ട് സ്റ്റെന്‍റ് ഇംപ്ലാന്‍റുകൾ
ഹൃദ്രോഗമുള്ളവരെ ചികിത്സിക്കുന്നതിനുള്ള അമൂല്യമായ ഉപകരണമാണ് ഹാർട്ട് സ്റ്റെൻ്റുകൾ. ആൻജിയോ പ്ലാസ്റ്റി ചെയ്യുമ്പോഴാണ് ഹൃദയധമനികളിൽ സ്റ്റെന്‍റ് ഇടുന്നതെന്ന കാര്യം നമുക്കെല്ലാം അറിയാം. ഇത് കൊറോണറി ധമനി തുറന്നിരിക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്നു. എന്നാൽ പരമ്പരാഗത സ്റ്റെന്‍റുകൾക്ക് പകരം അത്യാധുനിക സ്മാർട്ട് സ്റ്റെന്‍റുകൾ ഗവേഷകർ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. സാധാരണ സ്റ്റെന്‍റുകൾ കാലപ്പഴക്കമെത്തുമ്പോൾ കാര്യക്ഷമത കുറയുകയും ചുരുങ്ങുകയും ചെയ്യുന്നു. കൂടുതൽ സങ്കീർണതകൾ ഉണ്ടാക്കുകയും ചെയ്യും. എന്നാൽ സ്മാർട്ട് സ്റ്റെന്‍റുകൾക്ക് ഈ പ്രശ്നമില്ലെന്ന് മാത്രമല്ല, അവ ധമനിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ സ്മാർട്ട്ഫോൺ വഴി ലഭ്യമാക്കും. സ്റ്റെന്‍റിന്‍റെ പ്രവർത്തനത്തെക്കുറിച്ച് തൽസമയം ഡോക്ടർമാർക്ക് മനസിലാക്കാനാകും.
“ഇതുപോലുള്ള സാങ്കേതികവിദ്യകൾക്ക്, താരതമ്യേന ആക്രമണാത്മകമല്ലാത്ത രീതിയിൽ കാര്യങ്ങൾ നിരീക്ഷിക്കാനുള്ള കഴിവ്, ഇൻറർനെറ്റിലൂടെയും മറ്റ് ചട്ടക്കൂടുകളിലൂടെയും ഡാറ്റ പോർട്ട് ചെയ്യാൻ കഴിയും, ഇത് ടെലിമെഡിസിനിലൂടെ രോഗികളുടെ ആരോഗ്യം നിരീക്ഷിക്കാൻ സഹായിക്കും,” ശാലിനി പ്രസാദ് പറഞ്ഞു.
5. രക്തത്തിലെ ബയോ മാർക്കറുകൾ
ഹൃദയാരോഗ്യം മോശമാകുമ്പോൾ അത് തലച്ചോറിന്‍റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് കണ്ടെത്താൻ സഹായിക്കുന്ന രക്ത പരിശോധനയാണിത്. പുതിയ ഗവേഷണം കാണിക്കുന്നത് രക്തത്തിലെ ബയോ മാർക്കറുകൾ ഒരു വ്യക്തിയുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വിലയിരുത്തി തലച്ചോറിൻ്റെ ആരോഗ്യം നിരീക്ഷിക്കാൻ സഹായിക്കുന്നു. ഹൃദയസ്തംഭനത്തിന് ശേഷം തലച്ചോറിന് വീക്കം സംഭവിച്ചിട്ടുണ്ടോ അല്ലെങ്കിൽ മുറിവേറ്റിട്ടുണ്ടോ എന്ന് രക്തത്തിലെ രോഗപ്രതിരോധ കോശങ്ങൾക്ക് സൂചിപ്പിക്കാൻ കഴിയുമെന്ന് എലികളിൽ നടത്തിയ പരിശോധന കാണിക്കുന്നു. ഇതിനർത്ഥം, ഒരു ഹൃദയസംഭവത്തിന് ശേഷം തലച്ചോറിൻ്റെ വീണ്ടെടുക്കൽ – എല്ലാം ഒരു ലളിതമായ രക്തപരിശോധനയിലൂടെ ഡോക്ടർമാർക്ക് മുൻകൂട്ടി മനസിലാക്കാനും, ആവശ്യമായ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്നാണ്.
Also Read:
ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആരോഗ്യകരമായ ഡയറ്റ് ശീലമാക്കാം.
ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ? മുൻകൂട്ടി എങ്ങനെ അറിയാം
അവലംബം- മെഡിക്കൽ ന്യൂസ് ടുഡേ
Content Summary: 5 new cutting-edge technologies to improve heart care.