അമിതമായ മദ്യപാനം ഉണ്ടാക്കുന്ന 5 ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

ചെറിയ അളവിൽ ആണെങ്കിലും മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ശാരീരികമായും മാനസികമായും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് അത് നയിക്കും. സ്ഥിരമായി അമിതമായ അളവിൽ മദ്യപിക്കുന്നത് ജീവന് ഭീഷണിയായേക്കാവുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അത്തരത്തിൽ മദ്യപാനം മൂലം ഉണ്ടാകുന്ന 5 ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

കരൾ രോഗം

മദ്യം ഒരു വിഷവസ്തുവാണ്, അത് ശരീരത്തിൽ നിന്ന് പുറന്തള്ളുന്നത് കരളിന്റെ ജോലിയാണ്. എന്നാൽ അമിതമായി മദ്യപിച്ചാൽ കരളിന് ജോലിഭാരം കൂടുകയും അത് കരളിലെ കോശങ്ങളെ നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യും. ഇങ്ങനെയാണ് ലിവർ സിറോസിസ് എന്ന അസുഖം ഉണ്ടാകുന്നത്. മദ്യത്തിന്റെ ദീർഘകാല ഉപയോഗം മൂലം ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവും ഉണ്ടാകും. ഇത് കരൾ നന്നായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.

ഹൃദ്രോഗം

ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതും ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ രക്തധമനികളിൽ അടിയുന്നതും ഹൃദയത്തിൻറ ആരോഗ്യത്തെ അപകടത്തിലാക്കും. ഈ രണ്ട് അപകടസാധ്യതയും വർദ്ധിപ്പിക്കുന്ന ഒന്നാണ് മദ്യപാനം. അമിതമായി മദ്യപിക്കുന്നവരുടെ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിൽ പ്രശ്‌നമുണ്ടാകാനും ഹൃദ്രോഗം മൂലം മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്നും അടുത്തിടെ നടത്തിയ പഠനങ്ങൾ കാണിക്കുന്നു.

തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും അനാരോഗ്യം

മദ്യം തലച്ചോറിന്റെ ആശയവിനിമയ പാതകളെ ബാധിക്കുന്നു. ഇത് ചിന്തിക്കാനും വ്യക്തമായി സംസാരിക്കാനും കാര്യങ്ങൾ ഓർക്കാനും തീരുമാനങ്ങൾ എടുക്കാനും ശരീരത്തെ ചലിപ്പിക്കാനുമുള്ള തലച്ചോറിൻറെ പ്രവർത്തനങ്ങളെ തടസപ്പെടുത്തും. അമിതമായ മദ്യപാനം വിഷാദം, ഡിമെൻഷ്യ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. വേദനാജനകമായ നാഡി ക്ഷതം ഉണ്ടാക്കാനും മദ്യപാനം കാരണമാകുന്നു.

വിളർച്ച

ശരീരകോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ ഉണ്ടാകാത്ത അവസ്ഥയാണ് വിളർച്ചയ്ക്ക് കാരണമാകുന്നത്. ഇതുമൂലം അൾസർ, നീർക്കെട്ട്, മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. അമിതമായ മദ്യപാനം ഭക്ഷണം ഒഴിവാക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കും, ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കുകയും വിളർച്ചയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

കാൻസർ

അമിതമായ മദ്യപാനവും പല തരത്തിലുള്ള ക്യാൻസറുകളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മദ്യം വായ, തൊണ്ട, അന്നനാളം എന്നിവയിലെ കോശങ്ങളെ നശിപ്പിക്കും. ഇത് നിങ്ങളുടെ കരൾ, സ്തനങ്ങൾ, കുടൽ എന്നിവിടങ്ങളിൽ ക്യാൻസറിന് കാരണമാകും. പുകയിലയിലെയും മറ്റ് സ്രോതസ്സുകളിലെയും ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ നിങ്ങളുടെ കോശങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിപ്പിക്കാൻ മദ്യത്തിന് കഴിയും.

Content Summary: 5 serious health problems caused by excessive alcohol consumption