കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

കുട്ടികളിൽ ശരിയായ മാനസിക-ശാരീരിക ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ ആരോഗ്യശീലങ്ങൾ അവരുടെ ജീവിതത്തിൽ ഏറെ ഉപകാരപ്രദമായി മാറും. ഇവിടെയിതാ കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ മെച്ചപ്പെടുത്താനും, അവരിൽ നല്ല ശീലം വളർത്തിയെടുക്കാനും സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ…

1. ഡോക്ടറെ കാണേണ്ട ഘട്ടങ്ങൾ

അസുഖം വരുമ്പോൾ മാത്രമല്ല, ഒരു കുട്ടിയുടെ വളർച്ചയിൽ ഡോക്ടറുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും വലിയ സ്ഥാനമാണുള്ളത്. കുട്ടിയുടെ ആരോഗ്യം, ശീലങ്ങൾ, വളർച്ചാഘട്ടങ്ങളിലെ പ്രത്യേകതകൾ എന്നിവയിൽ ഏതെങ്കിലും അസ്വാഭാവികതകൾ ഉണ്ടെങ്കിൽ ഒരു പീഡിയാട്രീഷ്യനെ കാണിക്കണം. വാക്സിനേഷനുകൾ, കാഴ്ച, കേൾവി, സംസാരം, പെരുമാറ്റം, വിര നിർമ്മാർജനം എന്നീ കാര്യങ്ങളിലൊക്കെ കുട്ടികൾക്ക് ചില ഘട്ടങ്ങളിൽ വൈദ്യ സഹായം വേണ്ടിവരും. കുട്ടികളുടെ ആരോഗ്യത്തിന് അനുസൃതമായി ഭക്ഷണശീലത്തിൽ മാറ്റം വരുത്തുകയോ, സപ്ലിമെന്‍റുകൾ എടുക്കുകയോ ചെയ്യേണ്ടതായി വരാം. ഈ ഘട്ടങ്ങളിലും മെഡിക്കൽ ഉപദേശം നല്ലതാണ്.

2. കുട്ടികൾ ആക്ടീവായി വളരട്ടെ

ഇന്ന് പൊതുവെ മണിക്കൂറുകളോളം ടിവിയ്ക്കും മൊബൈൽഫോണിനും മുന്നിൽ ചടഞ്ഞിരിക്കുക എന്ന കുട്ടികളിൽ കണ്ടുവരുന്ന ഒരു രീതിയാണ്. എന്നാൽ ഇത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. അതുകൊണ്ടുതന്നെ കുട്ടികളെ കൂടുതൽ ആക്ടീവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടിക്കാലം മുതൽക്കേ വ്യയാമം ചെയ്യാൻ ശീലിപ്പിക്കണം. സൈക്ലിംഗ്, നീന്തൽ, ഏതെങ്കിലും കായികയിനം എന്നിവ ശീലമാക്കാൻ ശ്രദ്ധിക്കണം. ഇത് പേശികൾ കൂടുതൽ ഉറപ്പുള്ളതാക്കുകയും ശാരീരികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. ഫുട്‌ബോൾ, ക്രിക്കറ്റ്, കബഡി, ബാഡ്മിന്‍റൺ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, തുടങ്ങിയ ടീം ഗെയിമുകളിലും അത്ലറ്റിക്സിലുമൊക്കെ കുട്ടികളെ പരിശീലിപ്പിക്കുകയും കളിപ്പിക്കുകയും വേണം. 

3. വീട്ടുജോലികളിൽ അവരെ ഉൾപ്പെടുത്തുക

ചെറിയ പ്രായം മുതൽക്കേ വീട്ടിലെ ജോലികളിലും കുട്ടികളെയും ഉൾപ്പെടുത്തുക. സാധനങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ, പാത്രങ്ങൾ വൃത്തിയാക്കൽ, പൂന്തോട്ട പരിപാലനം, വീടു വൃത്തിയാക്കൽ, അടുത്ത കടയിൽനിന്ന് സാധനങ്ങളോ മറ്റോ വാങ്ങിക്കൊണ്ടു വരൽ തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക. ഇത് അവരിൽ ഉത്തരവാദിത്വശീലം വർദ്ധിപ്പിക്കാൻ സഹായിക്കും. 

4. രക്ഷിതാക്കൾ റോൾ മോഡലുകൾ ആകണം

കുട്ടിക്കാലത്ത് തങ്ങൾ കാണുന്നതും കേൾക്കുന്നതും അനുകരിച്ച് വളർന്നുവരുന്നതാണ് കുട്ടികളുടെ ഒരു രീതി. അവർക്ക് ഏറ്റവും വലിയ റോൾ മോഡലാകേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. നല്ല ശീലങ്ങൾ കുട്ടികളിൽ വളർത്താൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ മുന്നിൽ മോശം ശീലങ്ങളും, പ്രവൃത്തികളും, സംസാരവും പൂർണമായും ഒഴിവാക്കുക. പെരുമാറ്റത്തിലും ഭക്ഷണകാര്യങ്ങളിലും ആരോഗ്യസംരക്ഷണത്തിലുമൊക്കെ കുട്ടികൾക്ക് പ്രചോദനമാകുന്ന ഇടപെടലാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. 

5. ഭക്ഷണശീലം വളരെ പ്രധാനം

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഭക്ഷണശീലം വളരെ പ്രധാന പങ്ക് വഹിക്കുന്നു. അതിൽ അവരുടെ ഭക്ഷണക്രമത്തിൽ മതിയായ പോഷകങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ശരീരവളർച്ചയെ സഹായിക്കുന്ന പ്രോട്ടീൻ, നല്ല കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം. കുട്ടികൾ ധാരാളം വെള്ളം കുടിക്കുകയും ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പാൽ, മുട്ട പോലെയുള്ള സമീകൃതാഹാരം അവരെ കുട്ടികൾക്ക് ഉൻമേഷവും ശാരീരികക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കും.

Also Read: മോശം രക്ഷാകർതൃത്വം കുട്ടികളിൽ ഉണ്ടാക്കുന്ന 8 നെഗറ്റീവ് ഇഫക്റ്റുകൾ

Content Summary: Parents need to pay special attention to inculcating proper mental and physical health habits in their children. At each stage of development, these healthy habits will become very useful in their lives.