ആരോഗ്യകരമായ ആർത്തവത്തിന് 6 ഭക്ഷണങ്ങൾ

ക്രമരഹിതമായ ആർത്തവം മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ്. ആർത്തവചക്രങ്ങൾക്കിടയിൽ ഉണ്ടാകുന്ന ക്രമരഹിതമായ ഇടവേളകൾ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ല, ഇത് ആരോഗ്യം മോശമാണ് എന്നതിന്റെ സൂചനകൂടിയാണ്. ആർത്തവം ക്രമമല്ലാതെ വരുന്നത് വന്ധ്യതയിലേക്ക് നയിക്കുന്ന ഘടകം കൂടിയാണ്.

പല കാരണങ്ങൾകൊണ്ടും ആർത്തവം ക്രമമല്ലാതെ വരാം. പിസിഒഎസ്, മാനസിക സമ്മർദ്ദം തുടങ്ങിയവ ചില കാരണങ്ങളാണ്. ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും ഉണ്ടായ മാറ്റങ്ങളും ആർത്തവം ക്രമരഹിതമാകാൻ കാരണമാണ്. ശരിയായ ഭക്ഷണം കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ്. ആർത്തവം ക്രമമാക്കാനും ചില ഭക്ഷണങ്ങൾ സഹായിക്കും.

ആർത്തവം ക്രമമാകാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

പപ്പായ

പപ്പായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പഴമാണ്. ഇതിൽ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഈസ്ട്രജന്റെ അളവ് ഗുണകരമായി നിലനിർത്താൻ ഈ പോഷകം സഹായിക്കും. ഗർഭാശയത്തിന്റെ സങ്കോചത്തിന് സഹായിക്കുന്ന പഴം കൂടിയാണ് പപ്പായ.

അയമോദകം

അയമോദകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആർത്തവചക്രം ക്രമീകരിക്കാൻ സഹായിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും ആർത്തവ വേദന കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ അയമോദക വെള്ളം കുടിക്കുന്നത് ഒട്ടനവധി ആരോഗ്യഗുണങ്ങൾ നൽകും.

പൈനാപ്പിൾ

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈമുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ആർത്തവം ക്രമമാകാൻ സഹായിക്കുകയും ചെയ്യും.

പെരുംജീരകം

ക്രമരഹിതമായ ആർത്തവത്തെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഔഷധമാണ് പെരുംജീരകം. ഇത് ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും അണ്ഡോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ആർത്തവ വേദന കുറയ്ക്കാനും സഹായിച്ചേക്കാം.

കറുവാപ്പട്ട

ഇൻസുലിൻ അളവ് ഹോർമോണുകളിലും ആർത്തവചക്രത്തിലും സ്വാധീനം ചെലുത്തുമെന്ന് പറയപ്പെടുന്നു. ശരീരത്തിലെ ഈ ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുന്നു, കാരണം ഇത് ഗ്ലൂക്കോസും ഇൻസുലിനും പ്രോസസ്സ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തും. പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിനും ഇത് പരിഹാരമാണ്.

Also Read: ആർത്തവത്തെക്കുറിച്ച് ആലോചിച്ച് ടെൻഷനുണ്ടോ? ഇതാ അറിയേണ്ടതെല്ലാം

കറ്റാർ വാഴ

ക്രമരഹിതമായ ആർത്തവചക്രങ്ങൾക്കുള്ള മികച്ച പ്രതിവിധിയായി കറ്റാർവാഴ കണക്കാക്കപ്പെടുന്നു. കറ്റാർവാഴയിൽ ഫോളിക് ആസിഡ്, അമിൻപ് ആസിഡ്, സാലിസിലിക് ആസിഡ്, വിറ്റാമിൻ എ, സി, ഇ, ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവത്തിന് കാരണമാകുന്ന ഹോർമോണുകളെ നിയന്ത്രിക്കുകയും എല്ലാ മാസവും കൃത്യസമയത്ത് ആർത്തവചക്രം ഉണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു.

Content Summary: 6 foods that promote a healthy menstruation