ഇക്കാലത്ത് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നമാണ് വന്ധ്യത. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും മോശം ഭക്ഷണരീതികളുമെല്ലാം വന്ധ്യതിയിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. പ്രത്യുൽപാദന നിരക്കിനെ സ്വാധീനിച്ചേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ജീവിതശൈലി ഘടകങ്ങളിൽ ഒന്നാണ് ഭക്ഷണക്രമം. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, പൂരിത കൊഴുപ്പുകൾ എന്നിവയടങ്ങിയ ഭക്ഷണക്രമം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതികൾ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതുണ്ട്. ഗർഭം ധരിക്കാനും ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനും ഇത് സഹായകമാകും. പ്രത്യുൽപ്പാദനശേഷിയെ ബാധിക്കുന്ന ആറ് ജീവിതശൈലികൾ ഏതൊക്കെയാണെന്ന് നോക്കാം.
1. അനാരോഗ്യകരമായ ഭക്ഷണക്രമം
ഉയർന്ന അളവിലുള്ള ജങ്ക് ഫുഡിന്റെ ഉപഭോഗം അനാരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പാണ്. അത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. ആരോഗ്യകരമായ ഗർഭധാരണത്തിനായി ഒരു നിശ്ചിത ഭക്ഷണക്രമം പിന്തുടരുകയാണ് വേണ്ടത്.
2. അമിതവണ്ണം
അമിതവണ്ണം സ്ത്രീകളുടെ ആർത്തവചക്രത്തിൽ തടസ്സങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം. അണ്ഡോത്പാദനത്തിൽ ക്രമക്കേടുകൾ, അണ്ഡവിസർജ്ജനം നടക്കാതെ വരിക, മാസം തികയാതെയുള്ള പ്രസവം, ഗർഭകാല പ്രമേഹം, ഹൈപ്പർ ടെൻഷൻ എന്നിവയ്ക്ക് അമിതവണ്ണം കാരണമാകും.
3. ഭാരക്കുറവ്
സാധാരണയിലും കുറഞ്ഞ ശരീരഭാരമുള്ള സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകളും ദീർഘകാലത്തേക്ക് ആർത്തവമില്ലാതെ വരികയോ ചെയ്യാം. BMI 18-ൽ താഴെയാണെങ്കിൽ ആവശ്യത്തിന് ശരീരഭാരം ഇല്ല എന്നാണ് അർഥം. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നു.
4. പുകയിലയുടെ ഉപയോഗം
ഹൃദയ സംബന്ധമായ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള അപകടസാധ്യത കൂടാതെ പുകയിലയ്ക്ക് മറ്റ് ചില ദോഷവശങ്ങൾ കൂടി ഉണ്ട്. പുകവലി സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കും. പുകവലിക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം കുറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുകയില ഉപയോഗിക്കുന്ന സ്ത്രീകളിൽ അണ്ഡത്തിന്റെ എണ്ണം കുറയാനും അതുവഴി ഗർഭധാരണം ബുദ്ധിമുട്ടാകാനും സാധ്യതയുണ്ട്. മാത്രമല്ല, ഗർഭം അലസാനുള്ള സാധ്യതയും കൂടുതലാണ്.
5. മദ്യത്തിന്റെ ഉപഭോഗം
മദ്യപാനം പ്രത്യുൽപാദനക്ഷമത കുറയ്ക്കുകയും ബീജത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം, വളർച്ചയെത്താത്ത അണ്ഡവിസർജ്ജനം, ആർത്തവചക്രത്തിലെ ക്രമക്കേടുകൾ, ബീജസങ്കലനത്തിന്റെയും ഇംപ്ലാന്റേഷന്റെയും നിരക്ക് കുറയൽ, ബീജത്തിന്റെ രൂപഘടനയിലെ അപാകതകൾ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
Also Read: പുരുഷൻമാരിൽ വന്ധ്യത കൂടുന്നത് എന്തുകൊണ്ട്?
6. മറ്റ് ജീവിതശൈലീ ഘടകങ്ങൾ
ചില പാരിസ്ഥിതിക ഘടകങ്ങളും ഒരാളുടെ പ്രത്യുത്പാദന ആരോഗ്യത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാറുണ്ട്.
സമ്മർദ്ദം – ജോലിയിൽ നിന്നോ വ്യക്തിപരമായ പ്രശ്‌നങ്ങളിൽ നിന്നോ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം. ദീർഘനേരം സമ്മർദ്ദം അനുഭവിക്കുന്ന പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലെ സമ്മർദ്ദം വന്ധ്യതാ ചികിത്സ പരാജയപ്പെടാനും കാരണമാകാറുണ്ട്.
കഫീൻ – കാപ്പി ഒരാളുടെ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്ന കാര്യമായ ക്ലിനിക്കൽ തെളിവുകൾ ഇല്ല. എന്നാൽ, ഗർഭം ധരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ കഫീന്റെ അളവ് ഒരു ദിവസം ഒരു കപ്പായി കുറയ്ക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഗർഭധാരണം എളുപ്പമാക്കാനും ഗർഭം അലസിപ്പോകുന്നത് ഒഴിവാക്കാനുമാണിത്.
മരുന്നുകളും രാസവസ്തുക്കളും – മരിജുവാന പോലുള്ള മരുന്നുകൾ കഴിക്കുന്നത് പുരുഷ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കും. ഇത് ബീജങ്ങളുടെ ഉൽപ്പാദനം കുറയാൻ കാരണമാകും.
Content Summary: Infertility – 6 Lifestyle factors that affect your reproductive health