കൊളസ്ട്രോളിൻറെ ആളവ് വർദ്ധിക്കുന്നത് ഹൃദ്രോഗത്തിൻറെ അപകടസാധ്യത വർധിപ്പിക്കും. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ നിയന്ത്രിച്ചുനിർത്തേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവുമൊക്കെയാണ് കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നത്. കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന 6 ജീവിതശൈലികൾ പരിചയപ്പെടാം.
1. ആരോഗ്യകരമായ ഭക്ഷണശീലം
കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കുക. ഭക്ഷണത്തിലെ പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും കൊളസ്ട്രോൾ വർദ്ധിപ്പിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, അണ്ടിപ്പരിപ്പ്, നട്ട്സ് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ നല്ല കൊളസ്ട്രോളിൻറെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ഇതുവഴി രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനാകും.
2. വ്യായാമം മുടക്കരുതേ
രക്തത്തിലെ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ ദിവസേനയുള്ള വ്യായാമം സഹായിക്കും. ദിവസേന കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്താൽ ചീത്ത കൊളസ്‌ട്രോൾ കുറയുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിക്കുകയും ചെയ്യും.
3. ശരീരഭാരം കൂടരുത്
ഒരാളുടെ പ്രായത്തിനും ഉയരത്തിനും അനുയോജ്യമായ ശരീരഭാരം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. അമിതഭാരമോ പൊണ്ണത്തടിയോ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. അതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
Also Read: പാൽ കുടിച്ചാൽ കൊളസ്ട്രോളും ഹൃദ്രോഗവും കൂടുമോ?
4. പുകവലി ഉപേക്ഷിക്കുക
പുകവലി എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ (നല്ല കൊളസ്ട്രോൾ) അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും, അതിനാൽ നിർബന്ധമായും പുകവലി ഉപേക്ഷിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായകരമാണ്.
5. മദ്യപാനം നിയന്ത്രിക്കാം
അമിതമദ്യപാനം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. ഇത് ഹൃദ്രോഗസാധ്യത കൂട്ടുകയും ചെയ്യും. അതിനാൽ മദ്യപാനം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടത് പരമപ്രധാനമായ കാര്യമാണ്.
6. വൈദ്യസഹായത്തിന് ഉപേക്ഷവേണ്ട
ജീവിതശൈലിയിലും ഭക്ഷണത്തിലും മാറ്റം വരുത്തിയിട്ടും കൊളസ്ട്രോൾ കുറഞ്ഞില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് നിർദേശം തേടുകയും ആവശ്യമെങ്കിൽ മരുന്ന് കഴിക്കുകയും ചെയ്യണം. കൊളസ്ട്രോളിൻറെ മരുന്ന് മുടങ്ങാതെ കഴിക്കാനും ശ്രദ്ധിക്കണം.
Also Read: കോഴിമുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
ജനിതകശാസ്ത്രവും പ്രായവും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ കൊളസ്ട്രോളിനെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ കൊളസ്ട്രോളുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറുമായി സംസാരിക്കുകയും വിദഗ്ദ നിർദേശങ്ങൾ പിന്തുടരുകയും വേണം. മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ചില പഠനങ്ങളെയും വിദഗ്ദരുടെ അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും വിദഗ്ദ ഡോക്ടറുടെ നിർദേശാനുസരണമാണ് മുന്നോട്ടുപോകേണ്ടത്.
Content Summary: High cholesterol levels can increase the risk of heart disease. Lifestyle changes and unhealthy eating habits are the main reasons for increased cholesterol. Here are 6 lifestyle habits that can help lower cholesterol.