ശൈത്യകാലം രോഗങ്ങളുടെ കാലമാണ്. തണുത്ത കാലാവസ്ഥ നമ്മുടെ പ്രതിരോധസംവിധാനത്തെ തകരാറിലാക്കും. നമ്മുടെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും. ഭക്ഷണത്തിൽ പ്രകൃതിദത്തവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശൈത്യകാലത്ത് ആരോഗ്യത്തോടെയിരിക്കാനുള്ള രുചികരവും ഫലപ്രദവുമായ മാർഗ്ഗമാണ്. ശൈത്യകാലത്ത് പ്രതിരോധശേഷി നൽകാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സിയാൽ സമ്പന്നമായ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് പ്രധാനമാണ്, ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളി
ഇന്ത്യക്കാരുടെ അടുക്കളയിൽ ഒഴിച്ചുനിർത്താനാവാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന അലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. രുചിയും ആരോഗ്യ ഗുണങ്ങളും വർദ്ധിപ്പിക്കുന്നതിന് സൂപ്പ്, പായസം, പച്ചക്കറികൾ എന്നിവയിൽ അരിഞ്ഞ വെളുത്തുള്ളി ചേർക്കുക.
ഇഞ്ചി
പ്രകൃതിദത്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പദാർത്ഥമാണ് ഇഞ്ചി. വിവിധ രോഗങ്ങളെ ചെറുക്കാൻ നൂറ്റാണ്ടുകളായി ഇന്ത്യക്കാർ ഇഞ്ചി ഉപയോഗിക്കുന്നു. ചായ, സ്മൂത്തികൾ, ഫ്രൈകൾ എന്നിവയിൽ ഇഞ്ചി ഉൾപ്പെടുത്താം, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം രുചിയും നൽകുന്നുണ്ട് ഇഞ്ചി.
തൈര്
തൈരിൽ കാണപ്പെടുന്ന പ്രോബയോട്ടിക്സ്, കുടലിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ പോഷിപ്പിക്കുന്നു. ഇത് രോഗപ്രതിരോധശേഷി കൂടാൻ സഹായകരമാണ്. തൈര് കഴിക്കുമ്പോൾ പഞ്ചസാര ചേർക്കുന്നത് നല്ലതല്ല. പഴങ്ങളോടൊപ്പമോ സ്മൂത്തികളുടെ കൂടെയോ തൈര് ചേർത്ത് കഴിക്കാം. ചോറിനൊപ്പം തൈര് കഴിക്കുന്നത് മലയാളികളുടെ ഇഷ്ടപ്പെട്ട ശീലവുമാണ്.
ബെറി പഴങ്ങൾ
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ നിറഞ്ഞ ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ പഴങ്ങൾ ശൈത്യകാല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പോഷകങ്ങൾ നൽകാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഓട്സിലോ സ്മൂത്തികളിലോ ചേർത്തതും പഴങ്ങൾ മാത്രമായും ഇവ കഴിക്കാം.
ചീര
ചീര പോലുള്ള ഇലക്കറികൾ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. അവശ്യ പോഷകങ്ങളാൽ നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ചീര സലാഡുകളിലോ തോരനിലോ സൂപ്പുകളിലോ ഉൾപ്പെടുത്തുക.
മഞ്ഞൾ
ശരീരത്തിലെ നീർവീക്കം ഇല്ലാതാക്കാൻ മഞ്ഞളിനുള്ള കഴിവ് പ്രസിദ്ധമാണ്. വിവിധ ആരോഗ്യ ഗുണങ്ങളുള്ള കുർക്കുമിൻ എന്ന സംയുക്തവും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. കറികളിലോ സൂപ്പുകളിലോ പാനീയങ്ങളിലോ മഞ്ഞൾ ചേർത്ത് കഴിക്കുക.
നട്‌സും വിത്തുകളും
വിറ്റാമിൻ ഇ, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ നട്‌സും വിത്തുകളും രോഗപ്രതിരോധ സംവിധാനത്തിന് കരുത്തേകും. ഒരു പിടി ബദാം, വാൽനട്ട് അല്ലെങ്കിൽ സൂര്യകാന്തി വിത്തുകൾ കഴിക്കുക.
സമീകൃതാഹാരം നിലനിർത്താനും, ജലാംശം നിലനിർത്താനും, മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുമായി വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക.
Also Read: തണുപ്പ്കാലത്ത് രോഗപ്രതിരോധത്തിന് 5 ഡീടോക്‌സ് പാനീയങ്ങൾ