Last Updated on December 19, 2022
ശാരീരിക പ്രവർത്തനങ്ങളിൽ പേശികൾക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ പേശികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പതിവായി നടക്കുന്ന ശാരീരിക പ്രവർത്തനങ്ങൾ പേശികൾക്ക് ക്ഷതമേൽപ്പിച്ചേക്കാം. പേശികളുടെ ആരോഗ്യം വീണ്ടെടുക്കാൻ ഭക്ഷണത്തിൽ അൽപ്പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പേശികളുടെ ആരോഗ്യത്തിന് ആവശ്യമായ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
ചീര
ചീര കഴിക്കുന്നത് പേശികളുടെ ആരോഗ്യം വർദ്ധിപ്പിക്കും. ചീരയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും എ,ബി, സി, തുടങ്ങിയ വിറ്റാമിനുകളും ഇതിന് സഹായിക്കുന്നു. തോരൻ, കറി തുടങ്ങിയ വിഭവങ്ങൾ ചീര കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം. വെജിറ്റബിൾ സാലഡുകളിൽ ചേർത്തും ചീര കഴിക്കാം.
കീൻവ
ആരോഗ്യകരമായ ട്രെൻഡി ഭക്ഷണം എന്നതിലുപരി കീൻവ പേശികളുടെ ആരോഗ്യം വീണ്ടെടുക്കാൻ പറ്റുന്ന സൂപ്പർ ഫുഡാണ്. ഒൻപത് അമിനോ ആസിഡുകളടങ്ങിയ കീൻവ പ്രോട്ടീന്റെ കലവറയാണ്. മറ്റ് ധാന്യങ്ങൾക്ക് പകരമായി കീൻവ ഉപയോഗിക്കാം.
തണ്ണിമത്തൻ
വർക്ക്ഔട്ടിന് ശേഷം കഴിക്കാൻ വിദഗ്ദർ ശുപാർശ ചെയ്യുന്ന ഒരു ഭക്ഷണമാണ് തണ്ണിമത്തൻ. വർക്ക്ഔട്ടിനിടെ ശരീരത്തിലെ ജലാംശം വലിയതോതിൽ നഷ്ടമാകുന്നുണ്ട്. അത് വീണ്ടെടുക്കാൻ ധാരാളം ജലാംശമുള്ള തണ്ണിമത്തൻ സഹായിക്കും. കൂടാതെ പേശികളെ പരിപോഷിപ്പിക്കുന്ന മറ്റ് വിറ്റാമിനുകളും ധാതുക്കളും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
ഏത്തപ്പഴം
ഫിറ്റ്നസ് ഫ്രീക്കുകളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് ഏത്തപ്പഴം. അയൺ, പൊട്ടാസ്യം, ഫൈബർ, വൈറ്റമിൻ സി, ഫോളേറ്റ് തുടങ്ങി ധാരാളം പോഷകങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പേശികളുടെ ആരോഗ്യം വീണ്ടെടുക്കാൻ ഇവ സഹായിക്കും. വിയർക്കുമ്പോൾ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന പൊട്ടാസ്യം ഏത്തപ്പഴത്തിലൂടെ ലഭിക്കും. ഇത് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനവുമാണ്. ശരീരത്തിൽ നിന്ന് നഷ്ടമാകുന്ന ഗ്ലൈക്കോജൻ പുനഃസ്ഥാപിക്കാൻ ആവശ്യമായ കാർബോഹൈഡ്രേറ്റും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് മത്സ്യം. ഇവ പേശികളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. പേശികളുടെ ആരോഗ്യം നിലനിർത്താൻ സ്ഥിരമായി മത്സ്യം കഴിക്കണം. മത്തി, ആവോലി പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളാണ് പേശികൾക്ക് നല്ലത്. വ്യായാമത്തിലൂടെ പേശികൾക്കുണ്ടാകുന്ന കേടുപാടുകൾ മാറ്റാൻ പറ്റിയ ജൈവ പ്രോട്ടീൻ മത്സ്യത്തിൽ നിന്ന് ലഭിക്കും.
പുളിയുള്ള പഴങ്ങൾ
പുളിയുള്ള പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ പേശികൾക്ക് വളരെ നല്ലതാണ്. തക്കാളി, കിവി, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച് എന്നിവയാണ് ഏറ്റവും മികച്ച പുളിയുള്ള പഴങ്ങളിൽ ചിലത്.
ബീറ്റ്‌റൂട്ട്, മാതള നാരങ്ങ എന്നിവയുടെ ജ്യൂസും പേശികളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
മഞ്ഞൾ
കാലങ്ങളായി നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ചെറിയ ചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് പേശികൾക്ക് ഗുണം ചെയ്യും. ശരീരത്തിലെ വിഷാശം പുറംതള്ളാനും ഈ പാനീയം സാഹായിക്കും.
വ്യായാമം ചെയ്യുന്നതോടൊപ്പം പേശികൾക്ക് ആവശ്യത്തിന് പോഷകം ഉറപ്പാക്കുകയും ചെയ്യുക. ഇതിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വന്തമാക്കാം.