കുടവയർ കുറയ്ക്കണോ? ഈ 8 കാര്യങ്ങൾ ചെയ്തുനോക്കൂ

Last Updated on July 19, 2023

വയറ്റിൽ കൊഴുപ്പ് അടിയുന്നതാണ് കുടവയർ ഉണ്ടാകുന്നതിൻറെ പ്രധാന കാരണം. മാറിയ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലവുമാണ് കുടവയറിലേക്ക് നയിക്കുന്നത്. കുടവയർ മാറ്റാൻവേണ്ടി പരസ്യത്തിലും ഇൻറർനെറ്റിലുമുള്ള തെറ്റായ വിവരങ്ങൾ പിന്തുടരുന്നത് ഫലത്തേക്കാളേറെ ദോഷം ചെയ്യാറുൂണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഏറെ ക്ഷമാപൂർണമായ ജീവിതശൈലി മാറ്റങ്ങൾ പിന്തുടരുകയാണ് പ്രധാനം.

നന്നായി ഉറങ്ങുന്നത് മുതൽ പോഷകപ്രദമായ പ്രഭാതഭക്ഷണം വരെ, ലളിതമായ നടപടികളിലൂടെ വേണം കുടവയർ കുറയ്ക്കുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കേണ്ടത്. ഭക്ഷണക്രമത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, പരിപ്പ്, മത്സ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉൾപ്പെടുത്തുകയും പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളും ശുദ്ധീകരിച്ച ധാന്യങ്ങളും(മൈദ) ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൂടാതെ വ്യായാമം, യോഗ തുടങ്ങിയവയ്ക്കായി ദിവസം അരമണിക്കൂർ നീക്കിവെക്കുകയും വേണം.

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 8 മാർഗങ്ങൾ

  1. മധുരപലഹാരങ്ങൾ, കൂൾ ഡ്രിങ്കുകൾ, സ്ക്വാഷുകൾ, മിഠായികൾ, കേക്കുകൾ തുടങ്ങിയ പഞ്ചസാരയും പഞ്ചസാര ഉൽപ്പന്നങ്ങളും കുറയ്ക്കുക.
  2. സംസ്ക്കരിച്ച ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുക
  3. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ റൊട്ടി, ബിസ്ക്കറ്റ്, വെള്ള അരി, മൈദ, വെളുത്ത ഉരുളക്കിഴങ്ങ് എന്നിവ നിർബന്ധമായും ഒഴിവാക്കണം. ധാന്യങ്ങൾ അടങ്ങിയതും നാരുകളുള്ളതും പഞ്ചസാരയുടെ അളവ് കുറവുള്ളതുമായ ഭക്ഷണം കഴിക്കുക.
  4. നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക. അതുപോലെ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും സലാഡും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
  5. പയറുവർഗങ്ങൾ, ചിക്കൻ, കൊഴുപ്പ് കുറഞ്ഞ പാൽ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുക.
  6. ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തണം.
  7. ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായി കഴിക്കുക. ഇതിനായി പരിപ്പ്, മൽസ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
  8. ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ, സൂംബ ഡാൻസ്, എയ്റോബിക്സ് എന്നിവ മികച്ച വ്യായാമങ്ങളാണ്. ഇതിനൊപ്പം യോഗ, സൂര്യനമസ്ക്കാരം എന്നിവയും ശീലമാക്കണം.

Content Summary: Want to reduce belly fat? Try these 8 things