മെലിഞ്ഞിരുന്നാൽ ആരോഗ്യമുണ്ടെന്ന് ഉറപ്പിക്കാമോ?

അമിതവണ്ണം അനാരോഗ്യത്തിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മെലിഞ്ഞവർ ആരോഗ്യമുള്ളവരാണെന്നല്ല അതിനർത്ഥം. മെലിഞ്ഞിരിക്കുന്നതുകൊണ്ട് ആരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കിക്കളയാം എന്ന് കരുതേണ്ട. നിങ്ങൾക്ക് ഒരുപക്ഷേ ആവശ്യത്തിനനുസരിച്ചുള്ള ബോഡി മാസ് ഇൻഡക്സ് ഒക്കെ ആയിരിക്കാം. ബോഡി മാസ് ഇൻഡക്സ് കൊണ്ട് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പൂർണ്ണമായി മനസിലാക്കാനാവില്ല. വ്യക്തികളുടെ ഉയരവും ഭാരവുമനുസരിച്ച് ശരീരത്തിലെ കൊഴുപ്പിന്റെ ഏകദേശ അളവ് കണക്കാൻ പറ്റുന്ന ഒരു എളുപ്പവഴി മാത്രമാണ് ബോഡി മാസ് ഇൻഡക്സ്.

അമിതഭാരമില്ലെങ്കിൽ നിയന്ത്രങ്ങങ്ങൾ ആവശ്യമുണ്ടോ?

മോശം ഭക്ഷണങ്ങൾ കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്തിട്ടും മെലിഞ്ഞിരിക്കുന്നതിനാൽ ജീവിതശൈലിയിൽ നിയന്ത്രണങ്ങൾ ആവശ്യമില്ല എന്ന് കരുതുന്നവരുണ്ട്. പുറമേ മെലിഞ്ഞിട്ടാണെങ്കിലും പൊണ്ണത്തടിയുള്ളവരുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളും നിങ്ങൾക്കും ഉണ്ടാകാം.

ഹൃദ്രോഗം, സ്ട്രോക്ക്, ക്യാൻസർ തുടങ്ങിയ അസുഖങ്ങൾ മോശം ജീവിതശൈലി കാരണം ഉണ്ടാകുന്ന അസുഖങ്ങളാണ്. നിങ്ങൾ ഒരുപക്ഷേ പുകവലിക്കില്ലായിരിക്കാം, കൊളെസ്ട്രോൾ, പ്രഷർ തുടങ്ങിയ അസുഖങ്ങളും ഇല്ലായിരിക്കാം. അതിനർത്ഥം നിങ്ങൾക്ക് ജീവിതശൈലീരോഗങ്ങൾ വരില്ല എന്നല്ല. മോശം ഭക്ഷണവും വ്യായാമമില്ലായ്മയും നിങ്ങളെ രോഗിയാക്കും.

മെലിഞ്ഞവർ ആരോഗ്യമുള്ളവരാണോ?

മെലിഞ്ഞിരുന്നാൽ ആരോഗ്യമായി എന്ന് പലരുടെയും തെറ്റിദ്ധാരണയാണ്. ഫിറ്റ് എന്നാൽ മെലിയുക എന്നല്ല! ദിവസവും ജങ്ക് ഫുഡ് കഴിച്ചിട്ടും ഭാരം കൂടാത്ത കൂട്ടുകാരോട് അസൂയപ്പെടേണ്ട. അവരുടെ കൊഴുപ്പ് ആന്തരികാവയവങ്ങൾക്ക് ചുറ്റുമായിരിക്കും അടിഞ്ഞുകൂടുന്നത്. ഇത് ഏറെ അപകടകരമായ അവസ്ഥയാണ്. ഭക്ഷണം നിയന്ത്രിച്ച് വ്യായാമം ചെയ്യാതെ ഭാരം നിയന്ത്രിക്കുന്നവരിലും ഈ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ നിയന്ത്രണങ്ങളില്ലാതെ ജീവിക്കുന്നവർ മെലിഞ്ഞിരിക്കുന്നതുകൊണ്ട് തങ്ങൾ ആരോഗ്യമുള്ളവരാണെന്ന് അഭിമാനിക്കേണ്ട കാര്യമില്ല.

പുറമേ മെലിഞ്ഞിരിക്കുമെങ്കിലും ആന്തരികമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹാനികരമാണ്. ഇത്തരക്കാരിൽ ഭാരമുള്ളവരേക്കാൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവർ കൂടുതൽ അലസരുമായിരിക്കും. മെലിഞ്ഞിരിക്കുന്നതുകൊണ്ട് എന്ത് ഭക്ഷണവും കഴിക്കാം എന്ന ചിന്ത ആദ്യം മാറ്റുക.

മെലിഞ്ഞവരിൽ മെറ്റബോളിസം കുറവായിരിക്കും. അതായത്, കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം കുറവായിരിക്കും. ഇത് നിരവധി ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്ന കാരണമാണ്. വ്യായാമം ചെയ്യാതിരുന്നാൽ ചർമ്മം വരണ്ടതും മങ്ങിയതുമാകും. മെലിഞ്ഞവർക്ക് ഒരുപക്ഷേ കൂടുതൽ അസുഖങ്ങൾ വരുന്നതായി കാണാറില്ലേ, അവർക്ക് പ്രതിരോധശേഷിയും കുറവായിരിക്കും. നല്ല ഭക്ഷണങ്ങളും വ്യായാമവും ചെയ്‌താൽ മാത്രമേ പ്രതിരോധശേഷി ഉണ്ടാകൂ.

തെറ്റിദ്ധാരണകൾ മാറ്റാം

തടിച്ചവർ ആരോഗ്യമില്ലാത്തവരാണെന്നും മെലിഞ്ഞിരുന്നാൽ ആരോഗ്യമുണ്ടാകുമെന്നും കരുതുന്നവർ തെറ്റിദ്ധാരണകൾ മാറ്റേണ്ട സമയമായി. ആരോഗ്യകരമായ ജീവിതശൈലിയല്ല എങ്കിൽ മെലിഞ്ഞിരിക്കുന്നത് തടിയുള്ളതിനേക്കാൾ അപകടകരമാണ്. മറഞ്ഞിരിക്കുന്ന ജീവിതശൈലീരോഗങ്ങൾ നിങ്ങൾ അറിയാതെ പോകും. തടിക്കാനും മെലിയാനും ശ്രമിക്കാതെ ആരോഗ്യമുള്ളവരാകാൻ ശ്രമിക്കൂ.

Also Read: ക്ഷീണം മാറുന്നില്ലേ? ശരീരത്തിന് തളർച്ച അനുഭവപ്പെടാനുള്ള കാരണങ്ങൾ അറിയാം