ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ആശുപത്രികളിലെ ചികിത്സാച്ചെലവ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓർക്കാപ്പുറത്ത് വരുന്ന അസുഖങ്ങൾ പലപ്പോഴും കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്ന അവസ്ഥയാണുള്ളത്. ഇവിടെയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രാധാന്യം വർദ്ധിക്കുന്നത്. കുടുംബത്തിന് മുഴുവൻ പരിരക്ഷ ലഭിക്കുന്നവിധം ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്താൽ പെട്ടെന്നുണ്ടാകുന്ന ആശുപത്രി ചെലവുകളെ നേരിടാനാകും. ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് മുമ്പ് ഏതൊരാളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. ആവശ്യമറിഞ്ഞുള്ള പോളിസി

ഹെൽത്ത് ഇൻഷുറൻസ് പോളിസി രണ്ടുതരത്തിൽ എടുക്കാം. ഒന്ന് വ്യക്തിപരമായ പോളിസി, രണ്ടാമത്തേത് കുടുംബത്തിന് മുഴുവൻ പരിരക്ഷ ലഭിക്കുന്ന ഫാമിലി പോളിസി. പോളിസി എടുക്കുന്ന ആളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യസ്ഥിതി, അവരെ ബാധിച്ചിട്ടുള്ള ജീവിതശൈലി രോഗങ്ങൾ, പ്രായം, മെഡിക്കൽ ഹിസ്റ്ററി, പാരമ്പര്യരോഗങ്ങൾ ഉൾപ്പടെ മനസിലാക്കുന്ന ഫാമിലി ഹിസ്റ്ററി എന്നിവയും ശ്രദ്ധിക്കണം. ഇക്കാര്യങ്ങൾ മനസിൽവെച്ചാൽ അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാൻ എളുപ്പമാകും.

2. വിവിധ പ്ലാനുകളുടെ താരതമ്യം

നിരവധി ഇൻഷുറൻസ് കമ്പനികളുടെ പ്ലാനുകൾ നമുക്ക് ലഭ്യമാണ്. നമ്മുടെ വിവരങ്ങൾ അതത് കമ്പനികളുടെ വെബ്സൈറ്റിലോ, ഇൻഷുറൻസ് സർവീസ് പ്രൊവൈഡറുടെ വെബ്സൈറ്റിലോ കയറിയാൽ അനുയോജ്യമായ പ്ലാനുകൾ അവർ നിർദേശിക്കും. ഇത്തരത്തിൽ വിവിധ കമ്പനികളുടെ പ്ലാനുകൾ താരതമ്യം ചെയ്താൽ താങ്ങാനാവുന്ന പ്രീമിയത്തിൽ ഏറ്റവും മികച്ച കവറേജ് ലഭ്യമാക്കുന്നത് ഏതൊക്കെ കമ്പനികളാണെന്ന കാര്യത്തിൽ ഒരു വ്യക്തത ലഭിക്കും. ഇൻ-പേഷ്യന്റ് കെയർ, ഹോസ്പിറ്റലൈസേഷന് മുമ്പുള്ള ചെലവുകൾ, ഡേ-കെയർ നടപടിക്രമങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്ന പോളിസി പ്ലാനുകൾക്ക് മുൻഗണന നൽകാൻ ശ്രദ്ധിക്കുക.

3. ആശുപത്രികളുടെ ശൃംഖല

നിങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്ന പോളിസിയിൽ സ്ഥിരമായി കാണിക്കുന്നതും സമീപത്തുള്ളതുമായ ആശുപത്രികളിൽ ചികിത്സാ ആനുകൂല്യം ലഭിക്കുമോയെന്ന് ഉറപ്പാക്കണം. ഗുണമേന്മയുള്ളതും വിശ്വസനീയവുമായ ആരോഗ്യ സേവനങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുമെന്ന് ഇതുവഴി ഉറപ്പാക്കാം.

4. ആഡ്-ഓൺ ആനുകൂല്യങ്ങൾ

ചില ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ മെറ്റേണിറ്റി കവർ, ക്രിട്ടിക്കൽ രോഗ പരിരക്ഷ മുതലായവ പോലുള്ള ആഡ്-ഓൺ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണെങ്കിൽ ഈ ആനുകൂല്യങ്ങൾ നിങ്ങളുടെ പ്ലാനിൽ ചേർക്കുന്നത് പരിഗണിക്കുക.

5. ക്ലെയിം സെറ്റിൽമെന്റ്

ഇൻഷുറൻസ് കമ്പനി ഒരു വർഷത്തിൽ തീർപ്പാക്കുന്ന ക്ലെയിമുകളുടെ എണ്ണമാണ് ക്ലെയിം സെറ്റിൽമെന്റ് അനുപാതം എന്ന് പറയുന്നത്. ഉയർന്ന അനുപാതം ക്ലെയിമുകൾ തീർപ്പാക്കുന്നത് മികച്ച ട്രാക്ക് റെക്കോർഡ് സൂചിപ്പിക്കുന്നു. അത്തരത്തിലുള്ള കമ്പനികളെക്കുറിച്ച് മനസിലാക്കുകയും, അവരുടെ പോളിസികൾ എടുക്കാനും ശ്രദ്ധിക്കുക.

6. പോളിസി നിർദേശങ്ങൾ ശ്രദ്ധയോടെ വായിച്ച് മനസിലാക്കുക

പോളിസി പരിരക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള രോഗങ്ങൾ ഏതൊക്കെ, ക്ലെയിമിനായി കാത്തിരിക്കേണ്ട സമയപരിധി, മറ്റ് നിബന്ധനകളും വ്യവസ്ഥകളും തുടങ്ങിയവ മനസ്സിലാക്കാൻ പോളിസി ഡോക്യുമെന്റ് ശ്രദ്ധാപൂർവ്വം വായിച്ചു മനസിലാക്കുക. ക്ലെയിം ചെയ്യുന്ന സമയത്ത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

7. വിദഗ്ദരുടെ ഉപദേശം

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് മുമ്പ് ഇതേക്കുറിച്ച് കൃത്യമായ അറിവുള്ളവരോ, ഈ രംഗത്ത് പ്രവർത്തിക്കുന്നവരോ ആയ സുഹൃത്തുക്കളെയോ കുടുംബാഗങ്ങളെയോ ബന്ധപ്പെട്ട് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടുക. ഇൻഷുറൻസ് പോളിസികളെക്കുറിച്ച് സൂക്ഷ്മമായി മനസിലാക്കാനും നിങ്ങളുടെ ആവശ്യകതകൾക്ക് അനുയോജ്യമായ മികച്ച പ്ലാൻ തിരഞ്ഞെടുക്കാനും ഇത് നിങ്ങളെ സഹായിക്കും.

ശരിയായ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും സാമ്പത്തിക സുരക്ഷിതത്വത്തിനും മനസ്സമാധാനത്തിനും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ പോളിസി എടുക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് കൃത്യമായി മനസിലാക്കാൻ ശ്രദ്ധിക്കണം.

Content Summary: Illnesses often disrupt family budgets. That’s why the importance of health insurance policies increases. Let’s check the most important things anyone should know before taking a health insurance policy.