Earth Day 2023: നല്ല ഭൂമിക്കായി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ആരംഭിക്കാം

പരിസ്ഥിതി സംരക്ഷണത്തിനായി ഒരുമിച്ചുകൂടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഏപ്രിൽ 22 ന് ഭൗമദിനം ആഘോഷിക്കുന്നത്. “Invest in Our Planet” എന്നതാണ് ഈ വർഷത്തെ പ്രമേയം. നമ്മുടെ ഗ്രഹത്തെ രക്ഷിക്കാൻ പരിശ്രമിക്കുക എന്ന സന്ദേശമാണ് ഈ പ്രമേയം പങ്കുവെക്കുന്നത്.

വായു, ജല മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, വംശനാശഭീഷണി നേരിടുന്ന ജീവികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ഭൗമദിനം സഹായിച്ചിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാൻ സഹായിക്കുന്ന പാരിസ്ഥിതിക നയങ്ങൾ, നിയന്ത്രണങ്ങൾ, നിയമനിർമ്മാണം എന്നിവയ്ക്കായി വാദിക്കാൻ പറ്റുന്ന ഒരു വേദിയായി വ്യക്തികളും സ്ഥാപനങ്ങളും ഭൗമ ദിനത്തെ പ്രയോജനപ്പെടുത്താറുണ്ട്.

നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഈ ഭൗമദിനം തെരഞ്ഞെടുക്കാം.

ഒരു മരം നടുക:

ആരോഗ്യകരമായ അന്തരീക്ഷത്തിന് മരങ്ങൾ അത്യന്താപേക്ഷിതമാണ്. ലോക ഭൗമദിനത്തിൽ ഒരു മരം നടുന്നത് പരിസ്ഥിതിക്ക് സംഭാവന നൽകാനും മറ്റുള്ളവർക്ക് മാതൃക കാണിക്കാനുമുള്ള അവസരമാണ്. മരങ്ങൾ നടുന്നതിന്റെ ഒരു തുടക്കമായി ഈ ഭൗമദിനം മാറട്ടെ.

മാലിന്യങ്ങൾ കുറയ്ക്കുക, പുനരുപയോഗം ചെയ്യുക:

മാലിന്യങ്ങൾ കുറയ്ക്കുന്നതിനും സാധ്യമാകുന്ന ഇനങ്ങൾ പുനരുപയോഗിക്കുന്നതിനും റീസൈക്കിൾ ചെയ്യാൻ കഴിയുന്നതെല്ലാം റീസൈക്കിൾ ചെയ്യുന്നതിനും ശ്രമിക്കുക. ബാറ്ററികൾ പോലെയുള്ള അപകടകരമായ ഇലക്ട്രോണിക് മാലിന്യങ്ങൾ ശരിയായി നീക്കം ചെയ്യാനും ശ്രദ്ധിക്കുക.

പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക:

മാലിന്യം കുറയ്ക്കാൻ പുനരുപയോഗിക്കാവുന്ന ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, കോഫി കപ്പുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളിലേക്ക് മാറുക.

വെള്ളം സംരക്ഷിക്കുക:

ചോർച്ച പരിഹരിച്ചും, ആവശ്യത്തിന് മാത്രം ഉപയോഗിച്ചും വെള്ളം സംരക്ഷിക്കുക. അനാവശ്യമായി ടാപ്പ് തുറന്ന് വെള്ളം കളയാതിരിക്കുക.

പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിലേക്ക് മാറുക:

സൗരോർജ്ജം അല്ലെങ്കിൽ കാറ്റാടി പോലെയുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുക.

അവബോധം പ്രചരിപ്പിക്കുക:

പരിസ്ഥിതിയെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുകയും മറ്റുള്ളവരെ നടപടിയെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

ഒരു ശുചീകരണം സംഘടിപ്പിക്കുക:

പ്രാദേശിക പാർക്കുകൾ, ബീച്ചുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവയിൽ നിന്ന് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കംചെയ്യാൻ ഒരു കമ്മ്യൂണിറ്റി ക്ലീനിംഗ് പരിപാടി സംഘടിപ്പിക്കുക.

ഊർജ്ജ ഉപഭോഗം കുറയ്ക്കുക:

ലൈറ്റുകളും വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക, കൂടാതെ ഊർജ്ജക്ഷമതയുള്ള ബൾബുകളും വീട്ടുപകരണങ്ങളും ഉപയോഗിക്കുക.

Also Read: വായു മലിനീകരണം കുട്ടികളുടെ ബുദ്ധിശക്തി കുറയ്ക്കുമോ?

ഓർക്കുക, ചെറിയ പ്രവർത്തനങ്ങൾ വലിയ സ്വാധീനം ചെലുത്തും. അതിനാൽ, ഇന്ന് നടപടിയെടുക്കുകയും അത് തുടരുകയും നമ്മുടെ ഗ്രഹത്തിന് നല്ല മാറ്റമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുക.

Content Summary: Earth Day 2023 – Let’s start eco-friendly activities for a better earth