എന്താണ് ബോൺ ക്യാൻസർ? അറിയേണ്ടതെല്ലാം

അസ്ഥികളെ ബാധിക്കുന്ന ക്യാൻസർ ബോൺ സർകോമ എന്നാണ് അറിയപ്പെടുന്നത്. അസ്ഥികളിലെയും കൈകാലുകളുടെ സന്ധികളിലെയും കലകളെയാണ് ഈ ക്യാൻസർ ബാധിക്കുന്നത്. അത്യധികം ഗുരുതരമായ ക്യാൻസറാണിത്. ലോകത്ത് കണ്ടെത്തുന്ന ക്യാൻസറുകളിൽ ഒരു ശതമാനം മാത്രമാണ് ബോൺ സർകോമ. എല്ലാവർഷവും ജൂലൈ മാസം ബോൺ ക്യാൻസർ ബോധവൽക്കരണ മാസമായാണ് ലോകാരോഗ്യസംഘടന ആചരിക്കുന്നത്. അതുകൊണ്ടുതന്നെ ബോൺ ക്യാൻസറിൻറെ കാരണങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും കൂടുതൽ മനസിലാക്കാം…

ഓസ്റ്റിയോ സർകോമ

അസ്ഥിയിലുണ്ടാകുന്ന വിവിധതരം ക്യാൻസറുകളെയാണ് ബോൺ സർകോമ എന്ന് വിളിക്കുന്നത്. ഇതിൻറെ ലക്ഷണങ്ങളും കാരണങ്ങളും തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഓസ്റ്റിയോ സർകോമ. അസ്ഥികൾ നിർമ്മിക്കുന്ന കോശങ്ങളെയാണ് ഓസ്റ്റിയോ സർകോമ ബാധിക്കുന്നത്. സാധാരണയായി കൈകളിലും കാലുകളിലും ഉള്ള നീളമുള്ള അസ്ഥികളിലാണ് ഈ ക്യാൻസർ കണ്ടുവരുന്നത്. രോഗം ബാധിച്ച ഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടും, ശരീരത്തിന്റെ ആ ഭാഗം ചലിപ്പിക്കുന്നതിനും മറ്റുമുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടാം. കൂടാതെ ക്ഷീണം, പനി, ശരീരഭാരം കുറയൽ എന്നിവയാണ് ഓസ്റ്റിയോസർകോമയുടെ മറ്റ് ലക്ഷണങ്ങൾ.

കോണ്ട്രോസർകോമ

തരുണാസ്ഥി കോശങ്ങളെ ബാധിക്കുകയും സാധാരണയായി തോൾ, പെൽവിക് ഏരിയ അല്ലെങ്കിൽ കാലുകൾ എന്നിവയിൽ ഉണ്ടാകാൻ സാധ്യതയുള്ള കോണ്ട്രോസർകോമയാണ് മറ്റൊരു തരം ബോൺ ക്യാൻസർ. വേദന, നീർക്കെട്ട്, അല്ലെങ്കിൽ എക്സ്-റേയിൽ ദൃശ്യമാകാത്ത തരം മുഴ എന്നിവയാണ് ലക്ഷണങ്ങൾ. സാധാരണയായി തലയോട്ടിയിലോ നട്ടെല്ലിലോ വികസിക്കുന്ന ബോൺ ക്യാൻസറിൻറെ അപൂർവ രൂപമാണ് കോണ്ട്രോസർകോമ. തലവേദന, കാഴ്ച പ്രശ്നങ്ങൾ, നടക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് കോണ്ട്രോസർകോമയുടെ പൊതുവെയുള്ള ലക്ഷണങ്ങൾ.

കാരണങ്ങൾ

ബോൺ ക്യാൻസർ പിടിപെടാനുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് വേണമെങ്കിൽ പറയാം. അതേസമയം ഒരു വ്യക്തിയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. മറ്റ് തരത്തിലുള്ള ക്യാൻസറുകൾക്കുള്ള റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ലി-ഫ്രോമേനി സിൻഡ്രോം, റോത്ത്മണ്ട്-തോംസൺ സിൻഡ്രോം പോലുള്ള ചില ജനിതക അവസ്ഥകൾ, പാരമ്പര്യമായുള്ള ബോൺ ക്യാൻസർ എന്നിവയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള ചില കാരണങ്ങൾ.

ചികിത്സ

മറ്റ് ക്യാൻസറുകളെ പോലെ തന്നെ വളരെ നേരത്തെ തന്നെ രോഗം കണ്ടെത്തുക എന്നതാണ് ഇവിടെയും പ്രധാനം. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ രോഗനിർണയത്തിനുള്ള പരിശോധനകൾക്ക് വിധേയമാകുന്നത് ചികിത്സക്ക് ഗുണകരമാണ്. ബോൺ ക്യാൻസറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച്, ചികിത്സകളിൽ മുഴകൾ അല്ലെങ്കിൽ കേടായ അസ്ഥികൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയും ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി എന്നിവയുമൊക്കെയാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

ബോൺ ക്യാൻസറിൻറെ ലക്ഷണങ്ങളെയും കാരണങ്ങളെയും കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെയെങ്കിൽ രോഗലക്ഷണങ്ങൾ മനസിലാക്കി വളരെ വേഗം തന്നെ ചികിത്സ തുടങ്ങാൻ സാധിക്കും. എല്ലുകളിലോ സന്ധികളിലോ വേദനയോ നീർവീക്കമോ പോലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ അനുഭവിക്കുകയാണെങ്കിൽ, എത്രയും വേഗം വൈദ്യോപദേശം തേടേണ്ടത് പ്രധാനമാണ്, അതിനാൽ രോഗനിർണയവും ചികിത്സയും എത്രയും വേഗം ആരംഭിക്കാൻ കഴിയും. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാനാകുന്ന അസുഖം തന്നെയാണ് ബോൺ സർകോമ.

Also Read: ആരോഗ്യമുള്ള അസ്ഥികൾ ലഭിക്കാൻ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

Content Summary: What is bone cancer? Everything you need to know