കരളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഈ അസുഖം കരളിന്റെ പ്രവർത്തനങ്ങളെ താറുമാറാകും. വിഷാംശം ഇല്ലാതാക്കൽ, പ്രോട്ടീനുകളുടെ ഉത്പാദനം, പോഷകങ്ങളുടെ സംഭരണം തുടങ്ങിയ നിർണായക പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള കരളിന്റെ കഴിവ് ക്രമേണ കുറയുന്നു. അതിന്റെ ഭാഗമായി ക്ഷീണം, ബലഹീനത, മഞ്ഞപ്പിത്തം, ആശയക്കുഴപ്പം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകും. കരളിന്റെ പ്രവർത്തനം നിലക്കുക, കരളിൽ കാൻസർ വരിക തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ലിവർ സിറോസിസ് കാരണമാകാറുണ്ട്.
അമിതമായ മദ്യപാനം, വൈറൽ ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ രോഗം എന്നിവയാണ് സിറോസിസിന്റെ സാധാരണ കാരണങ്ങൾ. ലിവർ സീറോസിസിനെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. പുരുഷന്മാരിൽ മാത്രം ഉണ്ടാകുന്ന അസുഖമാണ് ഇതെന്നാണ് അതിലൊന്ന്. മദ്യപിക്കാത്തവർക്ക് ഈ അസുഖം വരില്ല എന്ന് കരുതുന്നവരും ഉണ്ട്. ഇതിൽ എത്രമാത്രം സത്യമുണ്ട്?
കരൾ രോഗം വരുന്നത് പുരുഷൻമാർക്ക് മാത്രമാണോ?
മാറിയ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും മാരകമായ പല അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കരൾ രോഗം. ഈ അസുഖത്തെക്കുറിച്ച് തെറ്റായ ചില ധാരണകൾ സമൂഹത്തിലുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് കരൾരോഗസാധ്യത ഏറ്റവും കൂടുതൽ എന്നതാണ് ഇതിൽ ഏറ്റവും മുഖ്യം. ഇത് എത്രത്തോളം ശരിയാണ്?
ഈ വാദം തെറ്റാണെന്നാണ് പ്രമുഖ ഡോക്ടർമാർ പറയുന്നത്. 2019ലെ ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് പഠനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളിലും പുരുഷൻമാരിലും കരൾ രോഗം വരുന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ടെന്നാണ് പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കരൾ രോഗത്തിന് ഇടയാക്കുന്ന ചില കാരണങ്ങൾ പുരുഷൻമാരിലും ചില കാരണങ്ങൾ സ്ത്രീകളിലുമാണ് കൂടുതൽ. ഉദാഹരണത്തിന് കരൾ രോഗത്തിനുള്ള പ്രധാന കാരണമായ പ്രൈമറി ബില്ല്യറി കോളങ്കൈറ്റിസ് മൂലമുള്ള രോഗസാധ്യതയും മരണനിരക്കും സ്ത്രീകളേക്കാൾ പുരുഷൻമാരിലാണ് കൂടുതൽ.
കരൾ രോഗം കൂടുതലായി കാണപ്പെടുന്നത് പുരുഷൻമാരിലാണ്. എന്നാൽ ഈ അസുഖം മൂലമുള്ള അപകടസാധ്യതയും മരണനിരക്കും പുരുഷൻമാരിലും സ്ത്രീകളിലും വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇതിൽ പാരിസ്ഥിതികവും ജീവിതിശൈലിപരവും ജനിതകവുമായ കാരണങ്ങൾ ഉൾപ്പെടുന്നു.
മദ്യപിക്കാത്തവർക്ക് കരൾ രോഗം വരില്ലെന്ന വാദം ശരിയാണോ?
ഏറ്റവും അപകടകരമായ അസുഖങ്ങളിലൊന്നാണ് കരൾ രോഗം. കരൾ രോഗം ഗുരുതരമായാൽ മരണസാധ്യത കൂടുതലായിരിക്കും. ഗുരുതരമായ കരൾ രോഗമുള്ളവരിൽ കരൾ മാറ്റിവെക്കലാണ് ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ. എന്നാൽ ഇത് ഏറെ ചെലവേറിയ ചികിത്സാരീതിയാണ്. ലോകത്ത് കൂടുതൽ പേരിലും കരൾ രോഗം കാണപ്പെടുന്നതിന് പ്രധാന കാരണം മദ്യപാനമാണെന്ന വാദം നിലവിലുണ്ട്. അതുകൊണ്ടുതന്നെ മദ്യപിക്കാത്തവർക്ക് കരൾ രോഗം വരില്ലെന്ന പ്രചരണവുമുണ്ട്. ഇത് എത്രത്തോളം ശരിയാണ്? പരിശോധിക്കാം…
കരൾ രോഗത്തിന് പ്രധാന കാരണം മദ്യപാനമാണെന്ന് ഒരു വാദത്തിന് വേണ്ടി പറയാം. എന്നാൽ കരൾ രോഗത്തിനുള്ള ഏക കാരണം മദ്യപാനമാണെന്ന് ഇതുകൊണ്ട് അർഥമില്ല.
ലോകത്തുള്ള കരൾ രോഗികളുടെ മെഡിക്കൽ ചരിത്രം പരിശോധിച്ചതിൽനിന്ന് അവരിൽ ഭൂരിഭാഗത്തിനും രോഗം പിടിപെട്ടത് മദ്യപാനം കൊണ്ടല്ല. കൂടുതൽ പേരിലും ലിവർ സിറോസിസിലേക്ക് നയിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമാണ്. ഇത് വരാനുള്ള പ്രധാന കാരണം മോശം ഭക്ഷണരീതിയും പ്രമേഹവും ഹൈപ്പോ തൈറോയ്ഡിസവും അമിതവണ്ണവുമൊക്കെയാണ്. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവയും ലിവർ സിറോസിസ് അഥവാ കരൾ രോഗത്തിലേക്ക് നയിക്കും. പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്നമുള്ളവർ ചെറിയ രീതിയിൽ മദ്യപിച്ചാലും കരൾ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായിരിക്കും.
തടിയുള്ളവരിൽ മാത്രമാണോ കരൾ രോഗം വരുന്നത്?
അമിതവണ്ണമുള്ളവർക്ക് കരൾ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാലിത് മറ്റ് പല ഘടകങ്ങളെ ആശ്രയിച്ചാണ് വരുന്നത്. ഏറ്റവും പ്രധാനമായി മദ്യപിക്കുന്ന അമിതവണ്ണമുള്ളവർ കരൾ രോഗത്തെ ഭയക്കണം. അമിതവണ്ണമുള്ളവർ മദ്യപിക്കുന്നതിലൂടെ കരൾ രോഗം വരാനുള്ള സാധ്യത 90 ശതമാനം കൂടുതലായിരിക്കും. കൂടാതെ പ്രമേഹം, തൈറോയ്ഡ് പോലുള്ള ജീവിതശൈലീ രോഗങ്ങളും കരൾരോഗ സാധ്യത വർദ്ധിപ്പിക്കും.
Also Read: ഫാറ്റി ലിവർ ലക്ഷണങ്ങൾ എന്തൊക്കെ?