ടെസ്റ്റോസ്റ്റിറോണിൻറെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

മനുഷ്യൻറെ ശാരീരികപ്രവർത്തനങ്ങളെയും പ്രത്യുൽപാദനത്തെയും സഹായിക്കുന്ന ഒരു ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. പ്രധാനമായും പുരുഷ ഹോർമോണായാണ് ടെസ്റ്റോസ്റ്റിറോൺ അറിയപ്പെടുന്നത്. പുരുഷന്മാരിലെ വൃഷണങ്ങളിലും, ചെറിയ അളവിൽ സ്ത്രീകളിലെ അണ്ഡാശയങ്ങളിലും അഡ്രീനൽ ഗ്രന്ഥികളിലുമാണ് ടെസ്റ്റോസ്റ്റീറോൺ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് ഒരു ആൻഡ്രോജൻ ആണ്. അതായത് മുഖത്തെ രോമങ്ങളുടെയും പേശികളുടെയും വളർച്ച, ശബ്ദത്തിന്റെ ആഴം കൂട്ടൽ, പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ വികസനം തുടങ്ങിയ പുരുഷ സ്വഭാവസവിശേഷതകളുടെ വികാസത്തിലും പരിപാലനത്തിലും ടെസ്റ്റോസ്റ്റീറോൺ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

അസ്ഥികളുടെ വികാസം, മാനസികാവസ്ഥ, വൈജ്ഞാനിക പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നതിലും ടെസ്റ്റോസ്റ്റിറോൺ ഒരു പങ്ക് വഹിക്കുന്നു. സ്ത്രീകളിൽ, ടെസ്‌റ്റോസ്റ്റിറോൺ പേശികളുടെയും അസ്ഥികളുടെയും ബലം, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയുടെ വികാസത്തിനും പരിപാലനത്തിനും പ്രധാനമാണ്. പ്രായത്തിനനുസരിച്ച് ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായും കുറയുന്നു. ഇത് കുറയുന്നത് ക്ഷീണം, ലൈംഗികശേഷി കുറയുക, പേശികളുടെ ബലം കുറയുകയ തുടങ്ങി വിവിധ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ചൂര മൽസ്യം

ഏറെ ആരോഗ്യഗുണങ്ങളുള്ള കടൽ മൽസ്യമാണ് ചൂര, കേര തുടങ്ങിയവ ഉൾപ്പെടുന്ന ട്യൂണ വിഭാഗം. ഇതിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

കക്ക, കല്ലുമ്മേക്കായ, ഞണ്ട്, ലോബ്സ്റ്റർ

ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിന് ആവശ്യമായ സിങ്ക് കക്കയിലും കല്ലുമ്മേക്കായയിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. കക്ക, കല്ലുമ്മേക്കായ, ഞണ്ട്, ലോബ്സ്റ്റർ തുടങ്ങിയ കടൽമൽസ്യവിഭവങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ടെസ്റ്റോസ്റ്റീറോൺ വർദ്ധിപ്പിക്കാൻ സഹായിക്കും.

ബീഫ്

ബീഫ് പ്രോട്ടീൻ, വിറ്റാമിൻ ഡി, സിങ്ക് എന്നിവയുടെ നല്ല ഉറവിടമാണ്. ഇവയെല്ലാം ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനും ധാതുക്കളുമാണ്.

മുട്ട

മുട്ടയിൽ പ്രോട്ടീൻ, കൊളസ്ട്രോൾ, വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.

Also Read: വേണം വൈറ്റമിൻ ഡി; ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

ബീൻസ്

ബീൻസിൽ ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്, ഇത് മുകളിൽ സൂചിപ്പിച്ചതുപോലെ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിന് പ്രധാനമാണ്.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചില ഭക്ഷണങ്ങൾ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും, എപ്പോഴും ഫലപ്രദമാകണമെന്നില്ല, മാത്രമല്ല ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കുന്നതിനുള്ള ഏക മാർഗ്ഗമായി ഇത് ആശ്രയിക്കേണ്ടതില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തിൽ സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിലനിർത്തുന്നതും പ്രധാനമാണ്.

Content Summary: Foods that may help increase testosterone levels