തണുപ്പ് കാലമായാൽ ജലദോഷം വരുന്നത് സാധാരണമാണ്. മൂക്കൊലിപ്പും തൊണ്ടവേദനയും ചിലപ്പോൾ പനിയും വരാറുണ്ട്. ചിലർക്ക് ഇടയ്ക്കിടെ പനി വരാറുണ്ട്. എന്തുകൊണ്ടാണ് പനി വിട്ടുമാറാത്തത്? തണുപ്പ് കാലത്ത് പനി വരുന്നതിന് പല കാരണങ്ങൾ ഉണ്ട്.
പുകവലി
പുകവലിക്കുന്നവരിൽ രോഗപ്രതിരോധശേഷി കുറയുന്നതായി പഠനങ്ങൾ പറയുന്നു. പുകവലി ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തും. ഇത് അണുബാധ വരാനുള്ള സാധ്യത കൂട്ടുന്നു. അടിക്കടി പനി വരുന്നത് തടയാൻ പുകവലി പൂർണ്ണമായും നിർത്തണം.
ശുചിത്വമില്ലായ്മ
വ്യക്തി ശുചിത്വത്തിന് ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. കീടാണുക്കൾ ശരീരത്തിനകത്ത് പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
മാനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദം ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തും. ഇത് എളുപ്പത്തിൽ രോഗങ്ങൾ പിടിപെടാൻ കാരണമാകുന്നു. യോഗ, ധ്യാനം പോലുള്ള ലഘു വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്.
ഉറക്കക്കുറവ്
മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പ്രതിരോധ ശേഷി കുറയും. ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്. നന്നായി ഉറങ്ങിയില്ലെങ്കിൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടും.
അനാരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം കഴിക്കാത്തതും രോഗപ്രതിരോധ ശേഷി കുറയാൻ കാരണമാണ്. ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
കൂടുതൽ സമയം അകത്ത് ചെലവഴിക്കുന്നു
തണുപ്പ് കാലത്ത് കൂടുതൽ സമയം വീടിനകത്ത് ചെലവഴിക്കുന്നത് നല്ലതല്ല. പൊടി കാരണം അലർജി വരാൻ ഇടയാകും. ആളുകൾക്ക് പരസ്പരം അസുഖങ്ങൾ വേഗത്തിൽ പകരാനും കാരണമാകും.