ഇന്ത്യക്കാർ വെളുത്ത നിറത്തോട് അഭിനിവേശം പുലർത്തുന്നവരാണ്. ഇന്ത്യൻ സൗന്ദര്യ മാനദണ്ഡങ്ങളിൽ ഇപ്പോഴും കൊളോണിയലിസത്തിന്റെ സ്വാധീനമുണ്ടെന്ന് പറയാം. സത്യത്തിൽ വെളുത്ത നിറമാണ് സൗന്ദര്യം എന്നത് ഒരു മിഥ്യാധാരണയല്ലേ? ആരോഗ്യവും തിളക്കവുമുള്ള ചർമ്മം എന്നാൽ അതൊരിക്കലും വെളുത്ത നിറമല്ല. ഗ്ലോ ആൻഡ് ലവ്‌ലിക്ക് പോലും പ്രശസ്തമായ അതിന്റെ പേര് മാറ്റേണ്ടിവന്നില്ലേ.
പരസ്യങ്ങൾ, സിനിമ തുടങ്ങിയ മാധ്യമങ്ങളാണ് വെളുത്ത നിറം എന്ന സൗന്ദര്യ സങ്കല്പം നമുക്കിടയിൽ വ്യാപകമാക്കിയത്. ഇതിനെതിരെ പലതരം വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ തരംഗമാകുന്ന ‘മേഡ് ഇൻ ഹെവൻ’ എന്ന ഇന്ത്യൻ പരമ്പരയാണ് ഇത്തവണ നിറം വർധിപ്പിക്കുന്ന ഗ്ലൂട്ടത്തയോൺ ചികിത്സയെ നിശിതമായി വിമർശിച്ചിരിക്കുന്നത്. പരമ്പരയുടെ സീസൺ 2 അടുത്തിടെ റിലീസ് ചെയ്തു. സീസൺ 2 ന്റെ ആദ്യ എപ്പിസോഡിൽ ‘മേഡ് ഇൻ ഹെവൻ’ നടത്താൻ പോകുന്നത് സെറീനയുടെയും അമന്റെയും വിവാഹമാണ്. സെറീനയുടെ ചർമ്മത്തിന്റെ നിറം അവളുടെ ഭാവി വരന്റെ രക്ഷിതാക്കളെ പോലെത്തന്നെ അവളുടെ അമ്മയെയും അലോസരപ്പെടുത്തുന്നുണ്ട്.
തുടർന്ന് അവൾ നിറം വർദ്ധിപ്പിക്കുന്ന ഒരു ചികിത്സക്ക് വിധേയയാകുകയാണ്. എന്നാൽ അതിന് പാർശ്വഫലമുണ്ടാകുകയും സെറീനയുടെ ചർമ്മം പൊള്ളുകയും ചെയ്യുന്നു. വെളുത്ത നിറമാണ് സൗന്ദര്യം എന്ന സങ്കൽപ്പത്തെ വിമർശിക്കുകയാണ് ‘മേഡ് ഇൻ ഹെവൻ’.
എന്താണ് ഗ്ലൂട്ടത്തയോൺ?
ഗ്ലൂട്ടത്തയോൺ പ്രാഥമികമായി ഒരു ആന്റിഓക്‌സിഡന്റാണ്. വളരെക്കാലം മുമ്പ്, ക്യാൻസറിന് ചികിത്സിക്കുന്ന ചില കീമോതെറാപ്പി രോഗികളിൽ ഗ്ലൂട്ടത്തയോൺ ഒരു ആന്റിഓക്‌സിഡന്റായി ഉപയോഗിച്ചപ്പോൾ അവരുടെ ചർമ്മത്തിന്റെ നിറം മാറുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സൗന്ദര്യവർദ്ധക ചികിത്സകളിൽ ഇത് ഉപയോഗിക്കുകയായിരുന്നു.
പാർശ്വഫലങ്ങൾ
നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ മിക്ക ആന്റിഓക്‌സിഡന്റുകളും കാണപ്പെടുന്നുണ്ടെങ്കിലും ഗ്ലൂട്ടത്തയോൺ നമ്മുടെ ശരീരം ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തിയാൽ ശരീരത്തിൽ ആരോഗ്യകരമായ അളവിൽ ഗ്ലൂട്ടത്തയോൺ നിലനിർത്താൻ സാധിക്കും. ഗ്ലൂട്ടത്തയോൺ ഗുളികകളോ ഇഞ്ചക്ഷനുകളോ എടുക്കുന്നത് ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കും.
Also Read: ശരീരത്തിൽ ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ
ചില സന്ദർഭങ്ങളിൽ, ചില വ്യക്തികൾക്ക് ഗ്ലൂട്ടത്തയോൺ സപ്ലിമെന്റുകളോട് അലർജിയോ സംവേദനക്ഷമതയോ അനുഭവപ്പെടാം. ആസ്ത്മ പോലുള്ള ചില ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ ഗ്ലൂട്ടത്തയോൺ സപ്ലിമെന്റേഷൻ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ചില സന്ദർഭങ്ങളിൽ ഇത് രോഗലക്ഷണങ്ങൾ വഷളാക്കുമെന്നുമാണ് വിദഗ്ധർ നൽകുന്ന ഉപദേശം. വളരെ ചെലവേറിയ ഒരു ചികിത്സയാണിത്. ഫലം കാണാൻ വൈകിയാൽ മാനസിക പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
Content Summary: Glutathione Treatment in Made in Heaven 2; What is the treatment that Serena undergoes?