കോവിഡ് മഹാമാരിയോടെ ലോകവ്യാപകമായി ഉണ്ടായ കുറച്ച് ശീലങ്ങളുണ്ട്. മാസ്ക്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗം എന്നിവയാണ് ഇതിൽ പ്രധാനം. മഹാമാരിക്ക് ശേഷവും ജനങ്ങളിൽ കുറച്ചധികം പേർ ഈ ശീലം തുടരുന്നുണ്ട്. എന്നാൽ സാനിറ്റൈസറിന്‍റെ ദൂഷ്യവശത്തെക്കുറിച്ച് പറയുന്ന ഒരു പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. സാനിറ്റൈസറുകൾ, സാധാരണ പശകൾ, ഫർണിച്ചർ തുണിത്തരങ്ങൾ, ഗാർഹിക അണുനാശിനികൾ എന്നിവയിൽ കണ്ടെത്തിയ രാസവസ്തുക്കളാണ് ഇവിടെ വില്ലനാകുന്നത്. ഈ രാസവസ്തുക്കൾ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്.
കെയ്‌സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിലെ മോളിക്യുലാർ ബയോളജിസ്റ്റ് എറിൻ കോണും സംഘവും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സാനിറ്റൈസറിലുള്ള രണ്ട് രാസവസ്തുക്കൾ തലച്ചോറിലെ ചില കോശങ്ങളെ നശിപ്പിക്കുകയോ അവയുടെ പ്രവർത്തനം തടസപ്പെടുത്തുകയോ ചെയ്യുന്നതായാണ് ഈ പഠനം പറയുന്നത്. സയൻസ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂറോണുകൾക്ക് സംരക്ഷണമേകി പൊതിയുന്ന കോശങ്ങളായ ഒളിഗോഡെൻഡ്രോസൈറ്റുകളെയാണ് ഈ രാസവസ്തുക്കൾ ആക്രമിക്കുന്നത്. ഹാൻഡ് സാനിറ്റൈസറുകൾ, അണുനാശിനി സ്പ്രേകൾ, വൈപ്പുകൾ, മൗത്ത് വാഷ്, ടൂത്ത് പേസ്റ്റ് തുടങ്ങിയ മറ്റ് വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ക്വാട്ടേണറി സംയുക്തങ്ങളാണ് തലച്ചോറിന് കോശങ്ങൾക്ക് ഹാനികരമാകുന്ന രാസവസ്തുക്കളിലൊന്ന്.
ഓർഗാനോഫോസ്ഫേറ്റുകളാണ് അപകടകരമായ രണ്ടാമത്തെ രാസവസ്തു. അവ അഗ്നിശമന വസ്തുക്കളായി വർത്തിക്കുന്നു, പശകൾ, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ എന്നിവ പോലുള്ള മറ്റ് വീട്ടുപകരണങ്ങൾ എന്നിവയിൽ ഈ രാസവസ്തു കാണപ്പെടുന്നുണ്ട്. കൊഴുപ്പ് ലയിക്കുന്ന സംയുക്തങ്ങളായതിനാൽ ഓർഗാനോഫോസ്ഫേറ്റുകൾ ചർമ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും തലച്ചോറിലെത്തുകയും ചെയ്യും.
2013 നും 2018 നും ഇടയിൽ CDC യുടെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ ശേഖരിച്ചത്. കുട്ടികളുടെ മൂത്ര സാമ്പിളുകളിൽ നിന്ന് തലച്ചോറിന് ഹാനികരമായ രാസവസ്തുക്കൾ ഗവേഷകർ കണ്ടെത്തി. സാധാരണ ഹാൻഡ് സാനിറ്റൈസർ നിർമിക്കാൻ ഈ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഇതേക്കുറിച്ച് കൂടുതൽ വിശദമായ പഠനം ആവശ്യമാണെന്നും എറിൻ കോൺ പറയുന്നു.