മലയാളികൾ പൊതുവെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവരാണ്. ചിലപ്പോൾ ഇത് അമിതമാകാറും ഉണ്ട്. സാങ്കേതികതയുടെ വികാസം എല്ലാവരെയും അവരവരുടെ ആരോഗ്യം മോണിറ്റർ ചെയ്യാൻ പ്രാപ്തരാക്കിയിട്ടും ഉണ്ട്. ഭക്ഷണക്രമവും വ്യായാമവും ഇന്ന് മിക്ക മലയാളികളുടേയും ദിനചര്യയുടെ ഭാഗമാണ്. എന്നാൽ ഡയറ്റ് ഒരു ലക്ഷ്യമായി കാണുന്നത് നല്ലതല്ല. ആസ്വദിച്ച് ചെയ്യാവുന്ന ഒരു ദിനചര്യയാകണം ഡയറ്റ്. ഇഷ്ടങ്ങൾ മാറ്റിവെച്ച് കഷ്ടപ്പെടേണ്ട കാര്യമേയില്ല.
തടിയല്പം കൂടിയാൽ മലയാളിക്ക് ആധിയാണ്. പിന്നെ എവിടെയെങ്കിലും കണ്ട ഡയറ്റിന് പിറകെ പോകും. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും ചെയ്യും. ഇത് പല അസുഖങ്ങൾക്കും കാരണമാകും. ഒരാളുടെ ഡയറ്റ് മറ്റൊരാൾക്ക് ആരോഗ്യകരമായിരിക്കില്ല. ഓരോരുത്തരുടെയും ശരീരഘടന അനുസരിച്ചുള്ള ഡയറ്റാണ് പിന്തുടരേണ്ടത്. ഇതിന് ഒരു ഡയറ്റിഷ്യന്റെ അഭിപ്രായം തേടേണ്ടതാണ്.
ഇഷ്ട ആഹാരം ഒഴിവാക്കേണ്ട
ഡയറ്റ് എന്നാൽ ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് എന്ന ചിന്ത വേണ്ട. ഇഷ്ടമുള്ളതെല്ലാം കഴിച്ചും ഡയറ്റ് ചെയ്യാം. അവശ്യ പോഷകങ്ങൾ ആവശ്യമുള്ള അളവിൽ കഴിക്കുന്നതാണ് ഡയറ്റ്. തടി കൂടിയിട്ടുണ്ടെങ്കിൽ എങ്ങനെയാണ് കൂടിയത് എന്നറിയുക. അതിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തുക. ചിലപ്പോൾ ഭക്ഷണം കഴിക്കുന്നതുകൊണ്ടാകില്ല തടി കൂടുന്നത്. പിസിഒഡി പോലുള്ള അസുഖങ്ങളോ ചില മരുന്നുകളോ ഒക്കെയാകാം തടി കൂടുന്നതിന് കാരണം.
ഡയറ്റും വ്യായാമവും തുടങ്ങുന്നതിനുമുമ്പ് ആരോഗ്യകാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഡയറ്റിഷ്യന്റേയും ഫിറ്റ്നസ് ട്രെയ്‌നറുടെയും മേൽനോട്ടത്തിൽ വ്യായാമവും ഭക്ഷണവും ക്രമീകരിക്കാം. ഒറ്റയടിക്ക് തടി കുറയാനുള്ള കുറുക്കുവഴികൾ തേടാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
അരിയാഹാരവും പഞ്ചസാരയും ഒഴിവാക്കാണോ?
ഭക്ഷണക്രമീകരണം തുടങ്ങുമ്പോൾ എല്ലാവരും ആദ്യം ചെയ്യുന്നത് അരിയാഹാരം ഒഴിവാക്കുക എന്നതാണ്. മലയാളിയുടെ ആരോഗ്യം നശിപ്പിക്കുന്നത് അരിയാഹാരമാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. സത്യത്തിൽ നാം ജീവിക്കുന്ന ചുറ്റുപാടിൽ ലഭിക്കുന്ന ഭക്ഷണങ്ങളാണ് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം. ഒരു കപ്പ് ചോറും രണ്ട് ചപ്പാത്തിയും ഒരേ ഊർജ്ജമാണ് നൽകുന്നത്. തവിടുള്ള അരി ഗോതമ്പിനെക്കാൾ നല്ലതാണ്. ചോറ് കഴിക്കുമ്പോൾ അതിനനുസരിച്ചുള്ള അളവിൽ പച്ചക്കറികളും കഴിക്കണമെന്ന് മാത്രം.
അതുപോലെ വെളുത്ത വിഷം എന്ന് വിളിക്കുന്ന പഞ്ചസാരയും ആളുകൾ പൂർണ്ണമായും ഒഴിവാക്കാറുണ്ട്. പഞ്ചസാര ഹൃദയാരോഗ്യത്തിന് നല്ലതല്ല. കുട്ടികളിൽ പൊണ്ണത്തടിയും പഠനവൈകല്യങ്ങളും ഉണ്ടാകാനും പഞ്ചസാര കാരണമാകും. ചോക്ലേറ്റ്, ഐസ്ക്രീം ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറക്കുക. പകരം പൃകൃതിദത്തമായ മധുരം അടങ്ങിയ ഇളനീർ, പഴങ്ങൾ എന്നിവ കഴിക്കുക.
ഉപ്പും എണ്ണയും വേണ്ടേ?
ശാരീരിക പ്രവർത്തനങ്ങൾക്ക് സോഡിയം ആവശ്യമാണ്. അതുകൊണ്ട് ഉപ്പ് പാടെ ഒഴിവാക്കാൻ പറ്റില്ല. അമിതമായ ഉപ്പ് രക്തസമ്മർദ്ദം കൂടാൻ ഇടയാക്കുകയും ചെയ്യും. ഉപ്പ് അമിതമായി അടങ്ങിയ ഫാസ്റ് ഫുഡ്, ഉണക്കമീൻ പോലുള്ള ഭക്ഷണങ്ങളോട് ബൈ പറയാൻ ഒരു മടിയും കാണിക്കേണ്ട.
എല്ലാവരും പാടെ ഒഴിവാക്കുന്ന മറ്റൊരു കാര്യം എണ്ണയാണ്. കൊളെസ്ട്രോൾ പോലുള്ള അസുഖങ്ങളെ പേടിച്ചാണ് എണ്ണയെ അകറ്റി നിർത്തുന്നത്. എന്നാൽ ധാതുക്കളുടെ ആഗിരണം മെച്ചപ്പെടുത്താനും തച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം എണ്ണ വേണം. സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മാത്രം. വെളിച്ചെണ്ണ അമിതമായി ചൂടാക്കരുത്. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കരുത്. കറികൾ വറവിടുന്നത് ഒഴിവാക്കാവുന്നതാണ്. എണ്ണ അളന്ന് ഉപയോഗിക്കാൻ ശ്രമിക്കുക.
സാലഡുകൾ
ഡയറ്റിങ് ചെയ്യുന്നവരുടെ ഇഷ്ട ഭക്ഷണമാണ് സാലഡ്. പഴങ്ങളും പച്ചക്കറികളും ഗുണങ്ങൾ ഒട്ടും ചോർന്ന് പോകാതെ ശരീരത്തിലെത്താൻ സാലഡുകൾ സഹായിക്കും. ഓരോ സീസണിലും അതാത് പ്രദേശങ്ങളിൽ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് സാലഡുകൾ ഉണ്ടാക്കുന്നതാണ് ആരോഗ്യപ്രദം.
ഭക്ഷണത്തിൽ ആവശ്യത്തിന് അന്നജം, പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തുക. അതോടൊപ്പം പഴങ്ങളും പച്ചക്കറികളും ചേർക്കുക. ഇങ്ങനെ സമീകൃതമായ ഒരു പ്ലേറ്റ് കഴിക്കുന്നതിലൂടെ ഇഷ്ടമുള്ള ഡയറ്റ് ആരംഭിക്കാം.
Also Read:
ഹാർട്ട് അറ്റാക്ക് സാധ്യത ഇരട്ടിയാക്കുന്ന ഭക്ഷണരീതി- എന്താണ് കീറ്റോ ഡയറ്റ്?
എന്താണ് മെഡിറ്ററേനിയൻ ഡയറ്റ്? അറിയേണ്ട കാര്യങ്ങൾ
മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് മൈൻഡ് ഡയറ്റ്; എന്തൊക്കെ കഴിക്കാം?