വളരെ ഹെൽത്തിയായ സലാഡ് ഉണ്ടാക്കിയാലോ?

മോശം ഭക്ഷണശീലമാണ് അനാരോഗ്യത്തിലേക്കുള്ള വഴി തുറക്കുന്നത്. പോഷകങ്ങളുള്ള ഭക്ഷണം ശീലമാക്കിയാൽ, അനാരോഗ്യം മാറി നിൽക്കും. പ്രത്യേകിച്ചും മഴക്കാലത്ത്. ഏറെ പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ പ്രധാനമാണ് സലാഡുകൾ. ഉന്മേഷദായകവും രുചികരവുമായ സലാഡുകളിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ്, കാൽസ്യം, ഫൈബർ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

വെജിറ്റബിൾ സലാഡുകൾ

പച്ചക്കറികളിലും പഴങ്ങളിലും കലോറിയും സോഡിയവും കുറവാണ്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾഎന്നിവ ചേർത്ത് സലാഡുകൾ രുചികരവുമാക്കാം. ഉയർന്ന ആർദ്രതയുള്ള സീസണിൽ, ടൈഫോയ്ഡ്, ഗ്യാസ്ട്രോഎൻറൈറ്റിസ്, ഭക്ഷ്യവിഷബാധ, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സലാഡ് ഉണ്ടാക്കാനായി പച്ചക്കറികൾ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധവേണം. നല്ല ഫ്രെഷായുള്ള പച്ചക്കറികൾ വേണം തെരഞ്ഞെടുക്കാൻ. മോശം പച്ചക്കറിയിൽ ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടാകാം. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

“സലാഡുകൾ ശീലമാക്കിയാൽ ശരീരത്തിന് ഊർജം ലഭിക്കുകയും നല്ല ദഹനം സാധ്യമാകുകയും ചെയ്യും. കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും ഉത്തമമായ ഭക്ഷണമാണ് സാലഡുകൾ. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ സലാഡുകൾ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിലനിർത്താനും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും ഊർജത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ശക്തമായ പ്രതിരോധ സംവിധാനം രൂപപ്പെടുത്താനും സഹായിക്കും,” പ്രശസ്ത ന്യൂട്രീഷനിസ്റ്റ് ഭക്തി അറോറ കപൂർ തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.

സലാഡുകൾ ആസ്വാദ്യകരമാക്കാം

“നിങ്ങൾ സലാഡുകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അവ ഇഷ്ടപ്പെടാൻ ധാരാളം വഴികളുണ്ട്. തനതായ രീതിയിൽ സാലഡ് മാസ്റ്റർപീസ് തയ്യാറാക്കാൻ വിവിധ ടെക്സ്ചറുകളും സുഗന്ധങ്ങളും ടോപ്പിംഗുകളും ഉപയോഗിച്ച് പരീക്ഷിക്കുക. ക്രഞ്ചി നട്‌സ്, ക്രീം അവോക്കാഡോസ്, ടാങ്കി ഡ്രെസ്സിംഗുകൾ എന്നിവ ചേർത്ത് സലാഡ് തയ്യാറാക്കുക. അല്ലെങ്കിൽ അധിക രുചിക്കും സംതൃപ്തിക്കും വേണ്ടി ഗ്രിൽ ചെയ്ത ചിക്കൻ, മൽസ്യം എന്നിവ ചേർക്കാം. സാലഡുകൾ കാഴ്ചയിൽ ആകർഷകവും വൈവിധ്യപൂർണ്ണവുമാക്കുക എന്നതാണ് പ്രധാനം,” കപൂർ പറയുന്നു.

വയറിന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന സലാഡുകൾ ഉണ്ടാക്കുന്നത് എങ്ങനെ?

തക്കാളി, സവാള, വെള്ളരി എന്നിവയക്കൊപ്പം തൈര്, ഉപ്പ് എന്നിവ കൂടി ചേർത്ത് വളരെ സിംപിളായ സാലഡുകൾ തയ്യാറാക്കാം. കൂടാതെ ഇലക്കറികൾ ആവിയിൽ ചെറുതായി അവിച്ചെടുത്തും സാലഡിനൊപ്പം ചേർക്കാം. കുറഞ്ഞത് മൂന്നുതരം പച്ചക്കറികൾ സാലഡിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാസ്പിക്കം പോലെയുള്ളവ സാലഡിലുള്ളത് ഏറെ പോഷകസമൃദ്ധമാക്കും. സാലഡിൽ പ്രോട്ടീൻ ലഭ്യമാക്കാൻ, മുട്ട ഓംലറ്റായോ, പുഴുങ്ങിയോ ഉപയോഗിക്കാം. കൂടാതെ ഗ്രിൽ ചെയ്ത മാംസം, മീൻ എന്നിവയും ചേർക്കാവുന്നതാണ്.

Content Summary: How to make healthy salads