ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) സമീപകാല സർവേകൾ വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന ഒരു സത്യമാണ്. വെറും നാല് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള മുതിർന്നവരിൽ പ്രീ ഡയബറ്റിസിന്റെയും പ്രമേഹത്തിന്റെയും വ്യാപനത്തിൽ 44% വർദ്ധനവുണ്ടായതായാണ് സർവേയിൽ കണ്ടെത്തിയത്. ഈ വർദ്ധനവിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചും അതിന്റെ വ്യാപനം തടയേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
പ്രമേഹവുമായി ബന്ധപ്പെട്ട പ്രത്യേക ക്യാൻസറുകളുടെ ഉയർന്ന അപകടസാധ്യതയും തിരിച്ചറിയേണ്ടത് പ്രധാനമാണ്. പ്രമേഹവും കാൻസറും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം മനസ്സിലാക്കുന്നത് ഫലപ്രദമായ പ്രതിരോധ നടപടികൾ രൂപപ്പെടുത്തുന്നതിനും നേരത്തെയുള്ള സ്ക്രീനിംഗ് പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിനും വിവിധ ശാരീരിക വ്യവസ്ഥകളെ ബാധിക്കുന്ന ഗുരുതരമായ സങ്കീർണതകൾക്കൊപ്പം രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും അത്യന്താപേക്ഷിതമാണ്.
പ്രമേഹവും ക്യാൻസറും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് അംഗീകരിക്കേണ്ടതുണ്ട്.. പ്രമേഹവും ചിലതരം അർബുദങ്ങളും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് പഠനങ്ങൾ തുടർച്ചയായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രമേഹമുള്ളവരിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവരിൽ പാൻക്രിയാറ്റിക്, ഹെപ്പറ്റോബിലിയറി ക്യാൻസറുകൾ ഉണ്ടാകാനുള്ള സാധ്യത 200 മുതൽ 300 ശതമാനം വരെയാണ്. സ്തനാർബുദ സാധ്യത 20% വർദ്ധിക്കുന്നു, എൻഡോമെട്രിയൽ ക്യാൻസർ ഇരട്ടിയാകുന്നു. മാത്രമല്ല, പ്രമേഹമുള്ളവരിൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 50% കൂടുതലാണ്. എന്നാൽ, പ്രമേഹമുള്ള പുരുഷന്മാർക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.
അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, ഹൈപ്പർഇൻസുലിനീമിയ, ഡിസ്ലിപിഡെമിയ തുടങ്ങിയ അവസ്ഥകൾ മുതിർന്നവരിൽ പ്രമേഹത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ഇവ ചില തരം കാൻസറുകൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഈ പൊതു ഘടകങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നത് കാൻസർ, പ്രമേഹം എന്നീ രണ്ട് രോഗാവസ്ഥകളെയും തടയാൻ സഹായിക്കും.
പ്രമേഹ ചികിത്സയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ മരുന്നുകളിൽ ഒനായ മെറ്റ്‌ഫോർമിൻ ഉപയോഗം കാൻസർ മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാൻസർ ചികിത്സയിൽ മെറ്റ്‌ഫോർമിന്റെ ഫലങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന നിരവധി പരീക്ഷണങ്ങളും നടക്കുന്നുണ്ട്.
പ്രമേഹവും പ്രീ ഡയബറ്റിസും ഉള്ള വ്യക്തികളിൽ ക്യാൻസറിനുള്ള ഉയർന്ന സാധ്യത കണക്കിലെടുത്ത്, സജീവമായ സ്ക്രീനിംഗ് പ്രോട്ടോക്കോളുകൾ നടപ്പാക്കേണ്ടത് അനിവാര്യമാണ്. പ്രമേഹമുള്ളവർക്ക് സ്തനാർബുദത്തിനും വൻകുടലിലെ അർബുദത്തിനുമുള്ള സ്‌ക്രീനിംഗുകൾ നേരത്തേ നടത്തുന്നത് അപകട സാധ്യത കുറയാൻ സഹായകരമാകും.
വ്യായാമവും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പ്രമേഹം വരാനുള്ള സാധ്യത ലഘൂകരിക്കുക മാത്രമല്ല, അനുബന്ധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ജീവിതശൈലിയിൽ ആരോഗ്യകരമായ പരിഷ്‌ക്കരണങ്ങൾ വരുത്തുന്നത് ഈ രണ്ട് രോഗങ്ങളേയും പ്രതിരോധിക്കാൻ സഹായകരമാണ്.
Content Summary: ICMR survey on link between diabetes and cancer