തിരക്കേറിയതും സമ്മർദ്ദമുള്ളതുമായ ജീവിതക്രമമാണ് മിക്കയാളുകൾക്കുമുള്ളത്. ജോലിയിലെയും കുടുംബത്തിലെയും സമ്മർദ്ദം മാനസികമായി മാത്രമല്ല, ശാരീരികമായും ബാധിക്കും. ഇത് ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കും. പ്രത്യേകിച്ചും കോവിഡിനുശേഷം ലോകത്താകമാനം ആളുകളുടെ മാനസികസമ്മർദ്ദം വർദ്ധിച്ചതായാണ് വിദഗ്ദർ പറയുന്നത്. അതുകൊണ്ടുതന്നെ സമ്മർദ്ദമകറ്റി സന്തോഷത്തോടെ ജീവിക്കാനുള്ള വഴികൾ തേടുന്നവരുടെ എണ്ണം കൂടുതലാണ്.
വ്യായാമം, ശരിയായ ഉറക്കം, സമീകൃതാഹാരം തുടങ്ങി ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ജീവിതത്തിലെ സ്ട്രെസ് കുറയ്ക്കുകയും സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യാം. രോഗങ്ങളെ അകറ്റി ആരോഗ്യത്തോടെ ജീവിക്കാനും ഇത് സഹായിക്കും.
സന്തുലിതമായ ജീവിതശൈലി സ്ട്രെസ് മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും മാനസികാവസ്ഥയും ആത്മാഭിമാനവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. സമതുലിതമായ ജീവിതശൈലി മുന്നോട്ടുള്ള ജീവിതത്തിലെ ഏറെ പ്രധാനമാണ്. സന്തോഷത്തോടെ ജീവിക്കാൻ ദിവസവും ചെയ്യേണ്ട 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
- യോഗയും ധ്യാനവും
മാനസികസമ്മർദ്ദം അകറ്റാൻ ഇതിലും നല്ല വഴി മറ്റൊന്നില്ല. ദിവസവും രാവിലെയോ വൈകിട്ടോ അരമണിക്കൂറെങ്കിലും യോഗയ്ക്കും ധ്യാനം ചെയ്യാനുമായി മാറ്റിവെക്കുക. യോഗയിലൂടെ ശരീരത്തിന്‍റെ വഴക്കവും ശക്തിയും സഹിഷ്ണുതയും മെച്ചപ്പെടുത്താം. അതിനൊപ്പം ധ്യാനം കൂടി ശീലിച്ചാൽ മനസിനെ ശാന്തമാക്കാനും സമ്മർദ്ദവും വിഷാദവും അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- വ്യായാമം
ദിവസവും അര മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക. സന്തുലിതമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗം കൂടിയാണ് വ്യായാമം. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊർജ്ജ നില വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും. നടത്തം, സൈക്ലിങ്, നീന്തൽ, ജിം, ബാഡ്മിന്‍റൻ, ഫുട്ബോൾ എന്നിവയൊക്കെ മികച്ച വ്യായാമരീതികളാണ്. ഇവയിൽ ഏതാണ് ഉചിതമെന്ന് മനസിലാക്കാൻ ഡോക്ടറുടെയും ഫിസിക്കൽ ട്രെയിനറുടെയും സഹായം തേടുക. ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം.
- ഉറക്കം
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉറക്കം പ്രധാനമാണ്. ജീവിതത്തിൽ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുന്നതിന് മതിയായ ഉറക്കം അത്യന്താപേക്ഷിതമാണ്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഊർജ്ജ നില വർദ്ധിപ്പിക്കാനും ശാരീരിക പ്രവർത്തനങ്ങളിൽ നിന്ന് ശരിയായ വിശ്രമം ശരീരത്തിന് നൽകാനും ഉറക്കം സഹായിക്കും. എല്ലാ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങണം. ഉറക്കം രാത്രിയിൽ ആകുന്നതാണ് നല്ലത്. പകൽ സമയത്തെ ഉറക്കം ഒഴിവാക്കുന്നതാണ് രാത്രിയിൽ ഉറക്കം മെചപ്പെടുത്താൻ സഹായിക്കുക. നന്നായി ഉറങ്ങാൻ, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മൊബൈൽ, ലാപ്ടോപ്പ്, ടിവി എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയും എല്ലാദിവസവും കൃത്യസമയത്ത് ഉറങ്ങുകയും വേണം. കൂടാതെ ഉറങ്ങുന്നതിന് മുമ്പ് ചായ, കോഫി മദ്യം എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയും വേണം.
- ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യകരമായ ജീവിതത്തിന് സമീകൃതാഹാരം അടങ്ങിയ ഭക്ഷണക്രമം ശീലമാക്കണം. സമീകൃതാഹാരം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഊർജ്ജ നില വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പോലുള്ള ഭക്ഷണം ശീലമാക്കണം. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുകയും വേണം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരമുള്ള പാനീയങ്ങളും പരമാവധി ഒഴിവാക്കുക.
- സപ്ലിമെന്‍റുകൾ
ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ ശരീരത്തിന് ആവശ്യമായ പോഷകം ശരീരത്തിന് ഉറപ്പാക്കാൻ കഴിയും. എന്നാൽ കോവിഡാനന്തരകാലത്ത് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ചും ശ്വാസകോശ-ഹൃദയ ആരോഗ്യങ്ങളിൽ കോവിഡിന് ശേഷം ന്യൂനതകൾ പ്രകടമായ സാഹചര്യത്തിുൽ ശാരീരികക്ഷമത നിലനിർത്തുന്നതിന് ആവശ്യമായ സപ്ലിമെന്‍റുകൾ ഏതൊക്കെയെന്ന് മനസിലാക്കി പോഷകാഹാരവിദഗ്ധരുടെ സഹായത്തോടെ അവ ശീലമാക്കണം.
Content Summary:
A balanced lifestyle helps promote mental health. stress management, energy levels, good mood and self-esteem are important in life. Know the 5 things you should do every day to live a happy life.