Last Updated on January 10, 2023
മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടാറുണ്ടോ? ചിലപ്പോൾ മൂത്രസംബന്ധമായ ഏതെങ്കിലും അസുഖത്തിൻറെ ലക്ഷണമാകാം ഈ വേദന. വേദനയ്ക്ക് പുറമെ മൂത്രത്തിൽ നിറവ്യത്യാസമോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നത് ഏതൊക്കെ അസുഖങ്ങളുടെ കാരണമാകാമെന്ന് നോക്കാം.
മൂത്രനാളിയിലെ അണുബാധ
സാർവത്രികമായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ. പ്രധാനമായും സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പുരുഷൻമാരെയും ഇത് ബാധിക്കാറുണ്ട്.
രോഗകാരികളായ ബാക്ടീരിയകളാണ് മൂത്രത്തിലെ അണുബാധയ്ക്ക് കാരണമാകുന്നത്. ഇവ മൂത്രസഞ്ചിയിലേക്ക് വ്യാപിച്ചാൽ അതിശക്തമായ വേദനയാകും അനുഭവപ്പെടുക. സാധാരണഗതിയിൽ ആൻറിബയോട്ടിക് ഉപയോഗിച്ചാകും ചികിത്സ. അപൂർവ്വമായി ഫംഗസ് ബാധിച്ചും അണുബധായുണ്ടാകാം. അങ്ങനെയെങ്കിൽ ചികിത്സയ്ക്ക് ആന്റിഫംഗൽ മരുന്നുകൾ ആവശ്യമാണ്. ചികിത്സയ്ക്ക് മുമ്പായി മൂത്രം കൾച്ചർ പരിശോധനയിലൂടെയാണ് ഏത് ആൻറിബയോട്ടിക്കാണ് നൽകേണ്ടതെന്ന് ഡോക്ടർ നിശ്ചയിക്കുക. ധാരാളം വെള്ളം കുടിക്കുകയെന്നതാണ് മൂത്രനാളിയിലെ അണുബാധയെ ചെറുക്കാനുള്ള മാർഗം.
കിഡ്നി സ്റ്റോൺ
ശരീരത്തിൻറെ അരിപ്പയാണ് കിഡ്നി എന്നറിയാമല്ലോ. എന്നാൽ ചെറുധാതുക്കൾ അടിഞ്ഞുകൂടി കല്ലായി രൂപാന്തരപ്പെടുന്നത് മൂത്രമൊഴിക്കുമ്പോഴും അടിവയറ്റിലും ശക്തമായ വേദനയ്ക്ക് കാരണാകും. ചിലപ്പോൾ നേരിയതോതിലും മറ്റുചിലപ്പോൾ അതിരൂക്ഷമായുമാണ് മൂത്രത്തിലെ കല്ല് മൂലമുള്ള വേദന അനുഭവപ്പെടുന്നത്. ഡോക്ടറെ കണ്ട് ചികിത്സിയ്ക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കണം. ചെറിയ കല്ലുകൾ മൂത്രമൊഴിക്കുമ്പോൾ പുറത്തുപോകും. വലുപ്പമേറിയ കല്ലുകൾ നീക്കം ചെയ്യാൻ ശസ്ത്ക്രിയ ആവശ്യമായി വരും.
പ്രോസ്റ്റേറ്റ് വീക്കം
ഇക്കാലത്ത് സർവസാധാരണമായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രോസ്റ്റേറ്റ് വീക്കം. പുരുഷൻമാരിലാണ് ഇത് കാണപ്പെടുന്നത്. മൂത്രമൊഴിക്കുമ്പോഴുള്ള ശക്തമായ വേദനയാണ് പ്രോസ്റ്റേറ്റ് വീക്കത്തിൻറെ ലക്ഷണം. അടിവയറ്റിലും മലദ്വാരത്തിൻറെ ഭാഗത്തും വേദന അനുഭവപ്പെടാം. പ്രോസ്റ്റേറ്റ് വീക്കം ബാക്ടീരിയ അണുബാധ മൂലമാണെങ്കിൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാനാകും. അതല്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന പ്രോസ്റ്റേറ്റ് ബയോപ്സി ടെസ്റ്റ് നടത്തി പ്രോസ്റ്റേറ്റ് ക്യാൻസറല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
യൂറിത്രൈറ്റിസ്
മൂത്രനാളിയിലെ വീക്കമാണ് യൂറിത്രൈറ്റിസ് എന്നറിയിപ്പെടുന്നത്. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന അസഹനീയമായ വേദനയാണ് യൂറിത്രൈറ്റിസിൻറെ ലക്ഷണം. ഇത് വളരെ സാധാരണമായ ഒരു അവസ്ഥയാണ്, കൂടാതെ സോപ്പ് മുതൽ ലൈംഗിക രോഗങ്ങൾ വരെയുള്ള നിരവധി കാര്യങ്ങൾ ഇതിന് കാരണമാകാം. ചൊറിച്ചിൽ, പെൽവിക് വേദന, ലൈംഗിക ബന്ധത്തിലെ വേദന, പുരുഷന്മാരിൽ പെനൈൽ ഡിസ്ചാർജ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.
ലൈംഗികമായി പകരുന്ന അണുബാധകൾ
ക്ലമീഡിയ, ജനനേന്ദ്രിയ ഹെർപ്പസ്, ഗൊണോറിയ എന്നിവയുൾപ്പെടെ പല ലൈംഗിക രോഗങ്ങളും വേദനാജനകമായ മൂത്രമൊഴിക്കലിന് കാരണമാകും. ചിലർക്ക് ഡിസ്ചാർജ് പോലുള്ള മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.
ലൈംഗിക രോഗങ്ങൾ(എസ്ടിഐകൾ0 പരിശോധിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ചില രോഗങ്ങൾ ലക്ഷണങ്ങൾ കാണിക്കാറില്ല. മിക്ക ലൈംഗിക രോഗങ്ങളും ചികിത്സിക്കാവുന്നതാണ്. ചികിത്സിച്ചില്ലെങ്കിൽ ചില എസ്ടിഐകൾ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യും.
മൂത്രാശയ എൻഡോമെട്രിയോസിസ്
എൻഡോമെട്രിയോസിസ് പല സ്ത്രീകളെയും ബാധിക്കുന്ന അസുഖമാണ്. എന്നാൽ മൂത്രാശയ എൻഡോമെട്രിയോസിസ് അത്ര സാധാരണമല്ല. ഇത് മൂത്രമൊഴിക്കുമ്പോൾ അസഹനീയമായ വേദന ഉണ്ടാകാൻ കാരണമാകുന്നു. എൻഡോമെട്രിയൽ ടിഷ്യു മൂത്രസഞ്ചിക്ക് ചുറ്റുമോ ഉള്ളിലോ വളരുകയും മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടാവുകയും ചെയ്യും.