ഒരു ലാപ്‌ടോപ്പ്, ഒരു ലഞ്ച് ബോക്സ്, ഒരു വാട്ടർ ബോട്ടിൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പലരുടേയും ഓഫീസ് ബാഗ്. ഒരു ലാപ്‌ടോപ്പിന് ഏകദേശം 2 കിലോ ഭാരമുണ്ടാകും. ബാഗിൽ മറ്റ് ആക്‌സസറികൾ ചേർത്താൽ അത് 2.5 മുതൽ 3 കിലോ വരെയാകാം. സ്ഥിരമായി 3 കിലോ ഭാരം ചുമന്ന് കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
ചെറുപ്പക്കാർ അത്തരം ഭാരം പതിവായി ചുമക്കുന്നതുകൊണ്ട് കുഴപ്പമില്ലായിരിക്കാം. പക്ഷേ, ഭാവിയിൽ ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിവെക്കും.
തോളിലും കഴുത്തിലും പുറകിലുമുള്ള പേശികളിൽ ഇത് പ്രശ്നങ്ങൾ ഉണ്ടാക്കും. കാലക്രമേണ പേശികളുടെ ആരോഗ്യം നശിക്കുന്നതിലേക്ക് ഇത് വഴിവെക്കുന്നു.
നട്ടെല്ലിന്റെ സ്വാഭാവിക വളവിനെ ഈ ഭാരം ചുമക്കൾ ബാധിക്കും. ഇത് വിട്ടുമാറാത്ത വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കുകയും ചെയ്യും. ഭാരമേറിയ ബാഗ് ചുമക്കുമ്പോൾ ആളുകൾ മുന്നോട്ട് ചായാറുണ്ട്. ഇങ്ങനെ മുന്നോട്ട് ചായുന്നത് കഴുത്തിലെ പേശികളെ ആയാസപ്പെടുത്തും, ഇത് കഴുത്ത് വേദന, തലവേദന, നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.
ഭാരമുള്ള ബാഗ് ഒരു തോളിൽ ചുമക്കുന്നതിലൂടെ, നട്ടെല്ലിന്റെ തെറ്റായ ക്രമീകരണത്തിനും പേശികളുടെ അസന്തുലിതാവസ്ഥയ്ക്കും ഇടയാക്കും. അതായത്, ചില പേശികൾ ശക്തമാവുകയും മറ്റുള്ളവ ദുർബലമാവുകയും ചെയ്യുന്നു, ഇത് കൂടുതൽ ശാരീരിക പ്രശ്നങ്ങൾക്കും വേദനയ്ക്കും ഇടയാക്കും. ഭാരമേറിയ ബാഗുകളിൽ നിന്നുള്ള ആയാസം സന്ധികളുടെ ചലനശേഷി കുറയാൻ ഇടയാക്കും. ദൈനംദിന പ്രവർത്തനങ്ങൾ സുഖകരമായി നിർവഹിക്കാനുള്ള കഴിവിനെ ഇത് ബാധിക്കും.
കൗമാരക്കാരിൽ, ഭാരമേറിയ ബാഗുകൾ ചുമക്കുന്നത് സ്കോളിയോസിസ് പോലെയുള്ള നട്ടെല്ല് വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം, കാരണം അവരുടെ ശരീരം വളർന്നുകൊണ്ടിരിക്കുകയാണ്. ഭാരമേറിയ ബാഗ് ചുമക്കുന്നത് സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തും.
ഓഫീസ് ബാഗ് ഭാരം കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം?
- അനാവശ്യമായ സാധനങ്ങൾ മാറ്റി, ആവശ്യമുള്ളത് മാത്രം കൊണ്ടുപോകുക.
- പാഡഡ് സ്ട്രാപ്പുകളും ബാക്ക് സപ്പോർട്ടും ഉള്ള ബാഗുകൾ തിരഞ്ഞെടുക്കുക. വീതിയേറിയതും ക്രമീകരിക്കാവുന്നതുമായ ഷോൾഡർ സ്ട്രാപ്പുകളും പാഡഡ് ബാക്ക് പാനലും ഉള്ള ബാക്ക്പാക്കുകൾ അനുയോജ്യമാണ്.
- ഭാരമേറിയ ഇനങ്ങൾ നിങ്ങളുടെ പുറകിലേക്ക് അടുപ്പിക്കുകയും ഭാരം കുറഞ്ഞ ഇനങ്ങൾ ബാഗിന്റെ പുറം ഭാഗത്തേക്ക് വയ്ക്കുകയും ചെയ്യുക. ഇത് മികച്ച ബാലൻസ് നിലനിർത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
- നിങ്ങളുടെ തോളിലും പുറകിലും ഭാരം തുല്യമായി വിതരണം ചെയ്യാൻ ബാക്ക്‌പാക്കിന്റെ രണ്ട് തോൾ സ്‌ട്രാപ്പുകളും ഉപയോഗിക്കുക. ഒരൊറ്റ സ്ട്രാപ്പ് ധരിക്കുന്നത് ശരിയായ രീതിയല്ല.
- സ്‌ട്രാപ്പുകൾ ഇറുകിയതും എന്നാൽ വളരെ ഇറുകിയതും അല്ലാത്ത വിധത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ബാക്ക്‌പാക്ക് നിങ്ങളുടെ പുറകോട് ചേർന്ന് ഇരിക്കണം, വളരെ താഴ്ന്ന് തൂങ്ങുകയുമരുത്.
- ബാക്ക്പാക്ക് നിങ്ങളുടെ ശരീരഭാരത്തിന്റെ 10-15% കവിയാൻ പാടില്ല. പാക്ക് ചെയ്യുമ്പോൾ ഇത് മനസ്സിൽ വയ്ക്കുക.
- ഒരു ഭാരമേറിയ ബാഗ് ദീർഘനേരം കൊണ്ടുപോകേണ്ടി വന്നാൽ, ഇടവേളകൾ എടുക്കാൻ മറക്കരുത്.
- നിങ്ങൾ ഒരു വശത്ത് ഇടാവുന്ന ബാഗാണ് ഉപയോഗിക്കുന്നതെങ്കിൽ ലോഡ് ബാലൻസ് ചെയ്യുന്നതിന് ഇടയ്ക്കിടെ വശങ്ങൾ മാറ്റുക.
Content Summary: Know what will happen if you are carrying a heavy laptop bag to the office every day.