കരച്ചിലും വിഷമവും സ്ത്രീകൾക്ക് മാത്രം ബാധകമായ കാര്യങ്ങളാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. പുരുഷന്മാർ കരയാറില്ലേ? നിർഭാഗ്യവശാൽ, കരയുന്ന പുരുഷന്മാരെ കളിയാക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പുരുഷന്മാർക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ പോലും അവർ ആസ്വദിക്കും എന്ന ധാരണയാണ് സമൂഹത്തിന്. അതുകൊണ്ടാണ് തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ ദുൽഖർ സൽമാനെ ആളുകൾ കളിയാക്കുന്നത്.
സത്യത്തിൽ ഈ അബദ്ധധാരണകൾ ഒരുപാട് പുരുഷന്മാരുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. തങ്ങൾക്കുണ്ടായ വിഷമം തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ സാധിക്കാതെ ഉള്ളിലൊതുക്കി കഴിയുന്നത് പലതരം ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയാണ് ചെയ്യുന്നത്. പുരുഷന്മാർ മാനസികാരോഗ്യ പിന്തുണ തേടുന്നത് ബലഹീനതയായി ചിത്രീകരിക്കപ്പെടാറുണ്ട്. പലരും ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു.
സ്ത്രീകളെപ്പോലെത്തന്നെ പുരുഷന്മാരെയും വിഷമങ്ങൾ പിടികൂടും. അവരും മനുഷ്യരാണ്. സമ്മതമില്ലാതെ ഒരാൾ ശരീരത്തിൽ സ്പർശിച്ചാൽ അവരും അസ്വസ്ഥരാകും, അത് സ്വാഭാവികമാണ്. പല സാഹചര്യങ്ങളും പുരുഷന്മാരെയും കരയിക്കും. അത് ഒരിക്കലും അവരുടെ ധൈര്യക്കുറവല്ല. സമൂഹത്തിൽ നിലനിൽക്കുന്ന അബദ്ധ ധാരണകൾ കാരണം പലപ്പോഴും ആൺകുട്ടികൾ തങ്ങൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ പുറത്ത് പറയാൻ മടിക്കുന്നു. പെൺകുട്ടികളെപ്പോലെ ആൺകുട്ടികളും പലവിധ ചൂഷണങ്ങൾക്കും ഇരകളാകുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.
വിഷമങ്ങൾ പുറത്തുകാണിക്കാൻ സാധിക്കാതെ വരുമ്പോൾ മാനസികപിരിമുറുക്കം പുരുഷന്മാരിൽ പലപ്പോഴും ദേഷ്യമായാകും പുറത്തുവരിക. അതിശക്തമായ വൈകാരിക പ്രശ്നങ്ങൾ നേരിടുമ്പോൾ സാഹചര്യം മനസ്സിലാക്കുകയും അംഗീകരിക്കുകയും ആവശ്യമുള്ള മാനസിക പിന്തുണ തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്. വിശ്വസ്തരായ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തുറന്നുപറയുന്നത് മികച്ച മാർഗമാണ്. ഇനി അതിനു പറ്റുന്ന സാഹചര്യമല്ലെങ്കിൽ മെഡിക്കൽ സഹായം തേടുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല.
Also Read: മാനസികാരോഗ്യത്തിന് 10 ഭക്ഷണങ്ങൾ
സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിഷമങ്ങൾ മറികടക്കാൻ വളരെയേറെ സഹായിക്കും. കൂടാതെ, ധ്യാനവും റിലാക്സേഷൻ ടെക്നിക്കുകളും പോലുള്ള പരിശീലനങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നതും ഗുണകരമാണ്. സഹായം തേടുന്നത് ധൈര്യക്കുറവല്ല, മറിച്ച് നിങ്ങൾക്ക് ജീവിതത്തോട് പൊരുതാനുള്ള ധൈര്യമുള്ളതുകൊണ്ടാണെന്ന് ഓർക്കുക.
Content Summary: Misconceptions about men’s mental health