മലയാളികളുടെ അടുക്കളയിൽ ഇപ്പോഴും ഉണ്ടാകുന്ന ഒന്നാണ് നെയ്യ്. രുചികരമാണെന്ന് മാത്രമല്ല, ആരോഗ്യകരവുമാണ് നെയ്യ്. ചിലരെങ്കിലും ചെറിയ പേടിയോടെയാണ് നെയ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്. എന്നാൽ കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും സഹായകരമായ ഭക്ഷണമാണ് നെയ്യ്.
നെയ്യ് കുടലിന് ഗുണകരമാകുന്നത് എന്തുകൊണ്ട്?
ബ്യൂട്ടിറിക് ആസിഡ് എന്ന ഫാറ്റി ആസിഡാണ് നെയ്യ് കുടലിന് പ്രിയപ്പെട്ടതാക്കുന്നത്. ഇത് ദഹനം എളുപ്പമാക്കുകയും കുടലിലെ അസ്വസ്ഥതകൾ അകറ്റുകയും ചെയ്യുന്നു. കുടൽ ഭിത്തി ശക്തമാക്കാനും ഈ സംയുക്തം സഹായിക്കും. ദഹനപ്രശ്നങ്ങളോ ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള കുടൽ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവർ നെയ്യ് കഴിക്കുന്നത് നല്ലതാണ്.
അതോടൊപ്പം നെയ്യ് ഒരു പ്രീബയോട്ടിക് കൂടിയാണ്. ഇത് കുടലിലെ നല്ല ബാക്ടീരിയകുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇത് ദഹനം, പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു.
നമ്മുടെ അടുക്കളയിൽ ലഭ്യമായ ചില ചേരുവകൾ ചേർക്കുന്നതിലൂടെ നെയ്യിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നെയ്യിൽ എന്തൊക്കെ ചേരുവകൾ ചേർക്കാം എന്ന് നോക്കാം.
- മഞ്ഞൾ
മഞ്ഞളിലെ സജീവ സംയുക്തമായ കുർകുമിൻ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കും ശരീരത്തിലെ വിഷാംശം നീക്കുന്നതിനും പേരുകേട്ട സുഗന്ധവ്യഞ്ജനമാണ്. ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാനും നെയ്യിൽ മഞ്ഞൾ ചേർത്ത് കഴിക്കുന്നതിലൂടെ സാധിക്കും.
- ഇഞ്ചി
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉള്ള ജിഞ്ചറോൾ പോലുള്ള സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമാക്കുകയും ചെയ്യും. ദഹനനാളത്തെ ശമിപ്പിക്കാനും ദഹനക്കേടിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഇത് സഹായിക്കും. ഇഞ്ചി നെയ്യിൽ ചേർക്കുന്നത് നെയ്യുടെ ഗുണം വർദ്ധിപ്പിക്കും.
- പെരുംജീരകം
ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാനും, വയറു വീർക്കുന്നത് കുറയ്ക്കാനും, മൊത്തത്തിലുള്ള ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കാനും പെരുംജീരകം ഉപയോഗിക്കാറുണ്ട്. ദഹനനാളത്തിലെ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ജീരകം ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടവുമാണ്. ദഹനത്തെ സഹായിക്കാൻ പരമ്പരാഗതമായി ഇത് ഉപയോഗിക്കാറുണ്ട്.
Also Read: നെയ്യ് ആരോഗ്യത്തിന് നല്ലതാണോ? അറിയേണ്ട കാര്യങ്ങൾ
- ഏലം
ദഹനക്കേട്, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ പരമ്പരാഗതമായി ഏലം ഉപയോഗിക്കുന്നു. ഇതിന് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
- കുരുമുളക്
കുരുമുളകിൽ പിപെറിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ചില പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുകയും ചെയ്യും.
നെയ്യ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും നെയ്യിൽ കലോറിയും പൂരിത കൊഴുപ്പും കൂടുതലാണ്. നെയ്യ് കഴിക്കുമ്പോൾ ഇക്കാര്യം മറക്കരുത്. അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാനും ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാകാനും സാധ്യതയുണ്ട്. വളരെക്കുറഞ്ഞ അളവിൽ വേണം നെയ്യ് കഴിക്കാൻ. ഒന്നോ രണ്ടോ ടേബിൾസ്പൂണിൽ കൂടുതൽ നെയ്യ് ഒരു ദിവസം കഴിക്കാൻ പാടില്ല. അതുപോലെ മികച്ച ഗുണം ലഭിക്കാൻ ഗുണമേന്മയുള്ള നെയ്യ് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
Content Summary: Mix these ingredients in ghee to improve gut health