ആർത്തവത്തെക്കുറിച്ചുള്ള ഈ ധാരണകൾ തെറ്റാണ്!

ആർത്തവത്തെക്കുറിച്ചും ആർത്തവ വേദനയെക്കുറിച്ചുമെല്ലാം പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഈ ധാരണകൾ യഥാർത്ഥത്തിൽ ആർത്തവചക്രം കൂടുതൽ വിഷമകരമാക്കുകയേ ചെയ്യൂ. അതുകൊണ്ട് ആർത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറേണ്ടതുണ്ട്. എന്തൊക്കെയാണ് ആർത്തവത്തെക്കുറിച്ച് പൊതുവായി ഉള്ള ചില തെറ്റിദ്ധാരണകൾ എന്ന് നോക്കാം.

ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും

ഏതെങ്കിലും ഭക്ഷണത്തിന് ആർത്തവ വേദന കൂട്ടാനോ കുറക്കാനോ സാധിക്കില്ല. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണെന്ന് മാത്രം.

ആർത്തവ സമയത്ത് കുളിക്കുന്നത് ആരോഗ്യകരമല്ല

ആർത്തവ സമയത്ത് കുളിക്കുന്നത് നല്ലതല്ല എന്ന ധാരണ പലർക്കും ഉണ്ട്. ഇത് തെറ്റാണെന്ന് മാത്രമല്ല, ആർത്തവ സമയത്ത് വൃത്തിയായി ഇരിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

വേദന സംഹാരികൾക്ക് മാത്രമേ ആർത്തവ വേദന നിയന്ത്രിക്കാൻ സാധിക്കൂ

ഇതും ഒരു തെറ്റിദ്ധാരണ മാത്രമാണ്. ഹോട്ട് വാട്ടർ ബാഗുകൾ പോലുള്ളവ ഉപയോഗിക്കുന്നത് ആർത്തവ വേദന കുറയാൻ വളരെ സഹായകരമാണ്. മാത്രമല്ല, ഗർഭനിരോധന ഗുളികകൾ പോലുള്ള ഹോർമോണൽ കോൺട്രാസെപ്റ്റീവുകൾക്കും ആർത്തവ വേദന ലഘൂകരിക്കാൻ സാധിക്കും.

ആർത്തവ സമയത്തെ കഠിനമായ വേദന വന്ധ്യതയുടെ ലക്ഷണമാണ്

ആർത്തവ വേദന എല്ലായ്‌പ്പോഴും വന്ധ്യതയുടെ ലക്ഷണമല്ല. ആർത്തവ വേദനയുള്ള ഭൂരിഭാഗം സ്ത്രീകളും ഗർഭം ധരിക്കുന്നുണ്ട്.

ഗർഭം ധരിക്കുന്നത് ആർത്തവ വേദന ഇല്ലാതാക്കും

ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ ചില സ്ത്രീകളിൽ ഭാവിയിൽ ആർത്തവ വേദന കുറയാൻ കാരണമാകാറുണ്ട്. എന്നാൽ എപ്പോഴും ഇങ്ങനെ സംഭവിക്കാറില്ല. ഗർഭധാരണം തികച്ചും വ്യക്തിപരമായ തീരുമാനമാണ്. ഏതെങ്കിലും വേദന കുറയും എന്നുകരുതി ഗർഭം ധരിക്കേണ്ടതില്ല.

ആർത്തവ സമയത്ത് വ്യായാമം ചെയ്യാൻ പാടില്ല

ആർത്തവ സമയത്തെ വ്യായാമം ഒരിക്കലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. മറിച്ച് വ്യായാമം ശരീരത്തിൽ എൻഡോർഫിൻസ് ഉൽപ്പാദിപ്പിക്കും. പ്രകൃതിദത്തമായ വേദന സംഹാരികളാണിവ. ആർത്തവ സമയത്ത് അവനവന് സുഖപ്രദമായ രീതിയിൽ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.

Content Summary: Myths and misconceptions about menstrual cycle and menstrual cramps