കൊതുകിനെ തുരത്താം; പപ്പായ ഇലയും വെളുത്തുള്ളിയും കാപ്പിപ്പൊടിയും, പിന്നെയുമുണ്ട് മാർഗങ്ങൾ

മഴക്കാലമെത്തിയതോടെ കൊതുകുശല്യം രൂക്ഷമായിട്ടുണ്ട്. ഉറവിടങ്ങളിൽത്തന്നെ കൊതുകിനെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും രണ്ടും മൂന്നും ദിവസം നീണ്ടുനിൽക്കുന്ന ഡ്രൈഡേ ദിനാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വീട്ടിലും പരിസരങ്ങളിലും കൊതുക് മുട്ടയിട്ട് പെരുകാനിടയുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ കൊതുകിനെ തുരത്താൻ നമ്മുടെ അടുക്കളയിലും വീട്ടിലും പരിസരത്തുമുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചാൽ മതി. അവ എന്തൊക്കെയെന്ന് നോക്കാം.

പപ്പായ ഇല

കൊതുകിനെ തുരത്താൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് പപ്പായ ഇല ഉപയോഗിച്ചുള്ള ഒരു പ്രയോഗം. പപ്പായ ഇല ചതച്ചെടുക്കുന്ന നീര് കൊതുക് മുട്ടയിട്ട് പെരുകുന്ന വെള്ളക്കെട്ടുകളിൽ ഒഴിച്ചാൽ കൊതുകിൻറെ ലാർവകൾ നശിക്കും. അതുപോലെ പപ്പായയുടെ തണ്ടിൽ മെഴുക് ഉരുകിയൊഴിച്ച്‌ തയ്യാറാക്കുന്ന മെഴുകുതിരിയും കൊതുകിനെ തുരത്താൻ ഫലപ്രദമാണ്.

കാപ്പിപ്പൊടി

സാധാരണഗതിയിൽ വൈകുന്നരേങ്ങളിലും രാത്രിയിലും രാവിലെയുമാണ് കൊതുകുശല്യം രൂക്ഷമാകുന്നത്. ഈ സമയങ്ങളിൽ ചെറിയ പാത്രങ്ങളിൽ കാപ്പിപ്പൊടി കുറേശെയായി എടുത്ത് വീടിന്റെ ജനാലഭാഗത്തും സിറ്റൌട്ടിലും വരാന്തയിലുമൊക്കെ തുറന്ന് വയ്ക്കുക. ഇങ്ങനെ ചെയ്താൽ, കൊതുക് അവിടങ്ങളിലേക്ക് വരില്ല തീർച്ച.

ആര്യവേപ്പ്

കൊതുക് കുത്താതിരിക്കാനുള്ള ഫലപ്രദമായ വഴിയാണ് ആര്യവേപ്പില പ്രയോഗം. ആര്യവേപ്പിലയിട്ട് കാച്ചിയ എണ്ണ ശരീരത്തിൽ നന്നായി തേച്ചുപിടിപ്പിച്ചാൽ മതി. കൊതുക് കുത്തുമെന്ന ഭീതി വേണ്ട. സാധാരണഗതിയിൽ വൈകുന്നേരങ്ങളിലാണ് ഇങ്ങനെ ചെയ്യേണ്ടത്. ഉറങ്ങുന്നതിന് മുമ്പ് ഇത് കഴുകി കളയുകയും വേണം.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ തൊലി പേപ്പറിൽ പൊതിഞ്ഞശേഷം അത് കൊതുകുവരുന്ന ഭാഗത്തുവച്ച്‌ കത്തിച്ചാൽ മതി, ഇങ്ങനെ ചെയ്താൽ പിന്നീട് കൊതുക് ആ ഭാഗത്തേക്ക് വരികയേയില്ല.

Content Summary: Natural mosquito repellents you can prepare in home