കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് ആശ്വാസമാണ് ഐവിഎഫ് ചികിത്സ. അൽപ്പം ചെലവേറിയതാണെങ്കിലും നിരവധിപ്പേർ ഈ ചികിത്സയിലൂടെ തങ്ങളുടെ കുഞ്ഞെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നു. ഭ്രൂണം ടെസ്റ്റ് ട്യൂബിൽ വികസിപ്പിച്ചെടുത്തത് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണിത്.
ഐവിഎഫ് ചികിത്സ പരാജയപ്പെടാൻ കാരണം
40 വയസ്സിന് താഴെയുള്ള സ്ത്രീകളിൽ 20-40% മാത്രമാണ് ഐവിഎഫ് ചികിത്സയുടെ വിജയം. ചികിത്സ വിജയകരമാകാൻ സാധ്യതയുള്ള ഭ്രൂണങ്ങൾ കണ്ടെത്തുന്നത് ശ്രമകരമാണ്. അതുകൊണ്ടുതന്നെ ഒന്നിലധികം ഐവിഎഫ് ചികിത്സകളിലൂടെ കടന്നുപോകുമ്പോഴാണ് പലർക്കും കുഞ്ഞിലേക്ക് എത്താൻ സാധിക്കുന്നത്.
പല കാരണങ്ങൾ കൊണ്ട് ഐവിഎഫ് ചികിത്സ പരാജയപ്പെടാറുണ്ട്. ഭ്രൂണത്തിന്റെ ഗുണനിലവാരം അറിയാൻ ഫലവത്തായ മാർഗങ്ങൾ ഇല്ലാത്തത് ഐവിഎഫ് പരാജയപ്പെടാൻ കാരണമാകാറുണ്ട്. ഭ്രൂണത്തിന്റെ രൂപവും വലിപ്പവുമുൾപ്പെടെയുള്ള പുറമെ കാണുന്ന സവിശേഷതകളാണ് സാധാരണയായി ഡോക്ടർമാർ പരിശോധിക്കുന്നത്. കാഴ്ചയിൽ നല്ലതെന്ന് കരുതുന്ന ഭ്രൂണമാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. എന്നാൽ ഈ ഭ്രൂണത്തിന് ജനിതകവൈകല്യങ്ങൾ ഉണ്ടോ എന്നത് പരിശോധിക്കുന്നത് ബുദ്ധിമുട്ടാണ്. ഭ്രൂണത്തിന്റെ ബയോപ്‌സിയിലൂടെയും ഗുണനിലവാരം പരിശോധിക്കാറുണ്ട്.
പുതിയ പഠനം
ഭ്രൂണത്തിന്റെ ആരോഗ്യം വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്നതാണ് പുതിയ പഠനം. രക്തപരിശോധന പോലുള്ള ഒരു പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുന്നത്. കാലിഫോർണിയ സർവകലാശാലയിലെ സാൻ ഡീഗോ സ്കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞർ ലാബിൽ വളരുന്ന ഭ്രൂണങ്ങളുടെ ഗുണനിലവാരം കൃത്യമായി മനസിലാക്കാൻ പറ്റുന്ന പുതിയ പഠനം അവതരിപ്പിച്ചത്.
ഭ്രൂണം വളരുന്ന ടെസ്റ്റ് ട്യൂബിലെ ദ്രാവകത്തിൽ നിന്ന് ശേഖരിക്കുന്ന ആർഎൻഎ തന്മാത്രകളിലൂടെയാണ് ഭ്രൂണത്തിന്റെ ജനിതക ഘടന പരിശോധിക്കുക. സെൽ ജീനോമിക്സിലാണ് ഇത് സംബന്ധിക്കുന്ന പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
പുതിയ പഠനം ഐവിഎഫ് ചികിത്സയുടെ വിജയത്തിന് വലിയ സംഭാവനയാണെന്ന് ശാസ്ത്രലോകം കരുതുന്നു. ഇതിനെപ്പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
Also Read:
വന്ധ്യതക്ക് കാരണമാകുന്ന 6 ജീവിതശൈലികൾ
സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയുടെ 10 കാരണങ്ങൾ
Content Summary: New study to test for embryo quality will help IVF treatments success.