ക്യാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് ലോകപ്രശസ്ത ക്യാൻസർ രോഗവിദഗ്ദനും മലയാളിയുമായ ഡോ. എൻ വി പിള്ള പറഞ്ഞു. ഇക്കാലത്ത് ക്യാൻസർ ചികിത്സയിലെ ഏറ്റവും പ്രധാനവും വ്യാപകമായി ഉപയോഗിക്കുന്നതുമായ മാർഗമാണ് കീമോതെറാപ്പി. എന്നാൽ അടുത്ത 20 വർഷത്തിനകം കീമോതെറാപ്പി ചികിത്സാരീതി ലോകത്തുനിന്ന് പൂർണമായി ഇല്ലാതാകുമെന്ന് ഡോ. എം.വി പിള്ള ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ക്യാൻസർ ചികിത്സയിൽ ജീൻ തെറാപ്പിയായിരിക്കും ഇനി നിർണായക പങ്ക് വഹിക്കുകയെന്ന് ഡോ. എം.വി പിള്ള പറഞ്ഞു. ക്യാൻസറുകൾ പൂർണമായും ഭേദമാക്കാൻ ജീൻ തെറാപ്പിക്ക് കഴിയും. ഇപ്പോൾ തന്നെ അമേരിക്കയിലും മറ്റും ഈ ചികിത്സാരീതി ഉപയോഗിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ചിലതരം വിളർച്ച, ഹീമോഫീലിയ എന്നീ അസുഖങ്ങൾക്കും ജീൻ തെറാപ്പി ഫലപ്രദമാണെന്ന് ഡോ. എം.വി പിള്ള വ്യക്തമാക്കി. ഈ ചികിത്സയിലൂടെ രോഗകാരിയായ ജീനുകളെ തിരിച്ചറിയാനും വളരെ നേരത്തെ ക്യാൻസർ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാനും കഴിയുമെന്ന് ഡോ. എം.വി പിള്ള വ്യക്തമാക്കി.
ക്യാൻസർ ആദ്യ സ്റ്റേജിലാണ് സാധാരണ ചികിത്സയിലൂടെ ഭേദമാക്കാനാകും. ഒന്നും രണ്ടും സ്റ്റേജുകളിൽ ഹോർമോൺ തെറാപ്പിയിലൂടെ ചികിത്സിക്കാം. ക്യാൻസർ മൂന്നാമത്തെ സ്റ്റേജ് ആയെങ്കിൽ അതിന് അർത്ഥം അത് ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചു എന്നാണ്. ഈ ഘട്ടത്തിൽ കീമോതെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയുമാണ് ഇപ്പോൾ ഡോക്ടർമാർ നിർദേശിക്കുന്നത്. ഇമ്മ്യൂണോതെറാപ്പി ചികിത്സ ചെലവേറിയതാണെങ്കിലും ഇപ്പോഴുള്ള ഇൻഷുറൻസ് പ്ലാനുകളിൽ അത് കൂടി ഉൾപ്പെടുത്തണമെന്നും ഡോ. എം.വി പിള്ള നിർദേശിച്ചു.
തുടക്കത്തിലേ രോഗം കണ്ടെത്തുകയാണ് ക്യാൻസർ ചികിത്സയിൽ പ്രധാനമെന്ന് ഡോ. എം.വി പിള്ള പറഞ്ഞു. കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ അവരുടെ ഉറ്റബന്ധുക്കൾ തീർച്ചയായും സ്തനാർബുദം കണ്ടെത്തുന്ന ബിആർസിഎ പോലെയുള്ള പരിശോധനകൾ നടത്തണം. ചില ജീനുകൾ മ്യൂട്ടേഷൻ സംഭവിച്ച് പാൻക്രിയാറ്റിക് ക്യാൻസറോ പ്രോസ്റ്റേറ്റ് ക്യാൻസറോ ആയി മാറാൻ സാധ്യതയുള്ളതിനാൽ ക്യാൻസർ സംബന്ധിച്ച രോഗനിർണയ പരിശോധനകൾ പ്രധാനമാണെന്നും ഡോ. എം.വി പിള്ള പറയുന്നു. ലോകത്ത് പാരമ്പര്യമായി പിടിപെടുന്ന ക്യാൻസറിന്‍റെ അളവ് 15 ശതമാനം മാത്രമാണെന്നും എന്നാൽ സ്തനാർബുദങ്ങളിൽ കൂടുതലും പാരമ്പര്യമായാണ് പിടിപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: സ്ത്രീകളിൽ ക്യാൻസർ മരണനിരക്ക് കൂടുതലാണെന്ന് പുതിയ പഠനം