മാനസികവും ശാരീരികവുമായ ആരോഗ്യമാണ് സന്തോഷകരമായ ജീവിതത്തിനുള്ള കുറുക്കുവഴി. എന്നാൽ ഇക്കാലത്ത് ജോലിയിലും മറ്റുമുള്ള മാനസികസമ്മർദ്ദങ്ങൾ ഒരാളുടെ ജീവിതത്തിൽ സന്തോഷം തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്. മാനസികസമ്മർദ്ദം രൂക്ഷമാകുമ്പോൾ അത് വിഷാദത്തിന് വഴിമാറും. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തിക്കൊണ്ട് ജീവിതത്തിൽ സന്തോഷം കൈവരിക്കാനാകും. ഇത് ജീവിതത്തെ കൂടുതൽ അർത്ഥവത്തുള്ളതാക്കി മാറ്റും. ഇവിടെയിതാ, ജീവിതം കൂടുതൽ സന്തോഷകരമാക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ…
1. നല്ലതുപോലെ ഉറങ്ങുക
ദിവസവും എട്ടു മണിക്കൂർ ഉറങ്ങുകയെന്നത് ശരീരത്തിന് മനസിനും ഏറെ പ്രധാനമാണ്. ഒരാൾ ഉറങ്ങുമ്പോഴാണ് ശരീരവും മനസും ശരിയായി വിശ്രമിക്കുന്നതും ശാരീരികപ്രവർത്തനങ്ങൾ കൂടുതൽ കൃത്യവും വ്യക്തവുമാകുന്നതും. മതിയായ സമയം ഉറങ്ങുന്നത് ഉന്മേഷവും ഊർജവും പ്രദാനം ചെയ്യും. എല്ലാ രാത്രിയിലും കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറങ്ങുകയെന്നത് വിട്ടുവീഴ്ചയില്ലാത്ത ശീലമായി മാറ്റണം.
2. വ്യായാമം മുടക്കണ്ട
വ്യായാമം മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് സമ്മർദ്ദവും ഉത്കണ്ഠയും വിഷാദവും കുറയ്ക്കാൻ സഹായിക്കും. വ്യായാമം എന്നുപറയുമ്പോൾ കഠിനമായവ വേണമെന്നില്ല. ജോഗിംഗോ സൈക്ലിംഗോ യോഗയോ എന്തായാലും ദിവസവും കുറഞ്ഞത് അരമണിക്കൂർ അതിനുവേണ്ടി മാറ്റിവെക്കണം. ഒരുകാരണവശാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. ഏറ്റവും ആസ്വാദ്യകരമായി ചെയ്യാനാകുന്ന വ്യായാമം വേണം തെരഞ്ഞെടുക്കാൻ.
3. ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം
പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. അതുപോലെ മുട്ട, പാൽ തുടങ്ങിയ സമീകൃതാഹാരങ്ങളും ശീലമാക്കണം. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഊർജ്ജ നില വർദ്ധിപ്പിക്കാനും വിട്ടുമാറാത്ത രോഗങ്ങൾ തടയാനും സഹായിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ, മധുര പാനീയങ്ങൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.
4. മാനസികസമ്മർദ്ദം നിയന്ത്രിക്കുക
സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും, ഇത് ഉത്കണ്ഠ, വിഷാദം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. ധ്യാനം, യോഗ എന്നിവ ശീലമാക്കുന്നത് മാനസികസമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കും. അതുപോലെ ഇടയ്ക്കിടെയുള്ള യാത്രകൾ മനസിന് ഉൻമേഷം നൽകും. മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ എന്തായാലും അതിനായി കൂടുതൽ സമയം മാറ്റിവെക്കക.
5. സൗഹൃദവും വ്യക്തിബന്ധങ്ങളും
സുഹൃദ് ബന്ധങ്ങളും സോഷ്യൽ നെറ്റ്‌വർക്കുകളിലെ സൗഹൃദങ്ങളും നല്ല രീതിയിൽ തുടരണം. ഇത് ഒരു മനുഷ്യന് വൈകാരിക പിന്തുണ നൽകുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള ക്ഷേമത്തിന് ഇത് ഏറെ സഹായകരമാണ്. സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി സമയം കണ്ടെത്തുക, അർത്ഥവത്തായ ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബോധപൂർവ്വം ശ്രമിക്കുക.
Content Summary: Practice these 5 things for a happier life ahead