ജോലിക്കിടെ ബിസ്ക്കറ്റ്, കോഫി, ചായ, മിഠായികൾ ചിപ്സ്, എന്നിവയൊക്കെ കഴിക്കുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ ഇത് അത്ര നല്ല ശീലമല്ലെന്നാണ് വിദഗ്ദർ പറയുന്നത്. ജോലിക്കിടെ ചായയും കോഫിയും ബിസ്ക്കറ്റുമൊക്കെ കഴിക്കുന്നത് താൽക്കാലിക ഉൻമേഷവും സന്തോഷവും നൽകുമെങ്കിലും, ജോലിയിൽ മികവ് കാട്ടാൻ ഇത് സഹായിക്കില്ലത്രെ. എന്നാൽ പഴങ്ങൾ, നട്ട്സ്, പച്ചക്കറികൾ തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ശീലമാക്കിയാൽ ജോലിയിൽ കൂടുതൽ മികവ് കാട്ടാനും പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കാനും സഹായിക്കും. ജോലിയിൽ മികവ് കാട്ടാനും പ്രൊഡക്ടിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാനും സഹായിക്കുന്ന ലഘുഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
വാഴപ്പഴം
നമ്മുടെ നാട്ടിൽ ജോലിസമയം സാധാരണഗതിയിൽ എട്ട് മുതൽ പത്ത് മണിക്കൂർ വരെയാണ്. ഇത്രയും സമയം ഉൻമേഷത്തോടെയും ഊർജത്തോടെയും തുടർന്നാൽ മാത്രമേ , ജോലിയിൽ തിളങ്ങാനാകൂ. വാഴപ്പഴം ഇക്കാര്യത്തിൽ ഏറെ സഹായകരമാണ്. ജോലിക്കിടെ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നിവ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഇതിനിടയിൽ ലഘുഭക്ഷണമായി വാഴപ്പഴം കഴിച്ചാൽ കൂടുതൽ ഉൻമേഷവും ഊർജവും നിലനിർത്താനാകും. വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസും കാർബോ ഹൈഡ്രേറ്റുമാണ് ഉൻമേഷവും ഊർജവും നൽകുന്നത്.
ബദാം
ജോലിക്കിടെ ലഘുഭക്ഷണമായി കഴിക്കാവുന്ന ഓപ്ഷനുകളിൽ ഏറ്റവും മുന്തിയ സ്ഥാനമാണ് ബദാമിനുള്ളത്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ബദാമിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ക്ഷീണം അകറ്റുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.
Also Read: ബദാം കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ
ആപ്പിൾ
ജോലിക്കിടെ വിരസതയും സമ്മർദ്ദവും അനുഭവിക്കുമ്പോൾ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് ചായയോ കോഫിയോ കുടിക്കുക എന്നത്. എന്നാൽ കോഫിയേക്കാൾ ഊർജം നൽകുന്ന ഒന്നാണ് ആപ്പിൾ. നിരവധി ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുള്ള ആപ്പിളിൽ പഞ്ചസാരയുടെ അളവ് കുറവാണ്. കൂടാതെ ആവശ്യത്തിന് പ്രോട്ടീനും കലോറിയും അടങ്ങിയിട്ടുണ്ട്.
സോയ നട്സ്
ജോലിക്കിടെ കഴിക്കാവുന്ന ഏറെ ആരോഗ്യപ്രദമായ ഒരു ഓപ്ഷനാണ് സോയ നട്സ്. ഉണങ്ങിയ സോയാബീൻസിൽനിന്നാണ് സോയ നട്സ് ഉണ്ടാക്കുന്നത്. ഇതിൽ നാരുകളും സസ്യ പ്രോട്ടീനും മറ്റനവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Content Summary: Productivity snacks to eat while working to get more energy