ആസ്ത്മ ചികിത്സയിൽ പ്രതീക്ഷയേകുന്ന പുതിയ മുന്നേറ്റങ്ങൾ

വിട്ടുമാറാത്ത ഒരു ശ്വാസകോശരോഗമാണ് ആസ്ത്മ. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾ ആസ്ത്മ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ശ്വാസംമുട്ടൽ, ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ആസ്ത്മയുടെ ഭാഗമായി ഉണ്ടാകുന്നു. ചിലപ്പോൾ ഇവ കഠിനമാകുകയും ചെയ്യും. ദൈനംദിന ജീവിതത്തെ ആസ്ത്മ പ്രതികൂലമായി ബാധിക്കും.

പലപ്പോഴും കുട്ടിക്കാലത്താണ് ആരഭിക്കുന്നത് എങ്കിലും എല്ലാ പ്രായത്തിലും ഉണ്ടാകാൻ സാധ്യതയുള്ള രോഗമാണ് ആസ്ത്മ. ശരിയായ ചികിത്സയിലൂടെ ആസ്ത്മയെ നിയന്ത്രിക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും. ഇൻഹേൽഡ് ബ്രോങ്കോഡിലേറ്ററുകൾ, കോർട്ടികോസ്റ്റീറോയിഡുകൾ തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ചാണ് രോഗം നിയന്ത്രണവിധേയമാക്കുന്നത്. പുകവലി, വായു മലിനീകരണം, അലർജികൾ തുടങ്ങിയവ ആസ്ത്മ ലക്ഷണങ്ങൾ ഗുരുതരമാകുന്നതിന് കാരണമാകും.

ആസ്ത്മ ചികിത്സയിലെ പുരോഗതികൾ

ആസ്ത്മ നിയന്ത്രിച്ചു നിർത്താനുള്ള ഏറ്റവും മികച്ച ചികിത്സയാണ് ഇൻഹേൽഡ് ബ്രോങ്കോഡിലേറ്ററുകൾ. ഇന്ന് ആസ്ത്മക്ക് വളരെ വിപുലമായ ചികിത്സകൾ ലഭ്യമാണ്. സാങ്കേതികവിദ്യയിൽ ഉണ്ടായിട്ടുള്ള പുരോഗതിയും ആളുകളുടെ മനോഭാവത്തിൽ വന്ന ഗുണകരമായ മാറ്റങ്ങളും ആസ്ത്മ ചികിത്സയെ കൂടുതൽ ഫലവത്താക്കുന്നു. പതിവായി കഴിച്ചാൽ ക്രമേണ അളവ് കുറയ്ക്കാൻ സാധിക്കുന്ന മരുന്നുകൾ ഇപ്പോൾ നിലവിലുണ്ട്.

പതിവായി മരുന്ന് കഴിച്ചാലും ലക്ഷണങ്ങൾ നിയന്ത്രണവിധേയമാകാത്ത രോഗികളും ഉണ്ട്. അവർക്ക് മറ്റ് ചികിത്സകൾ ആവശ്യമായി വന്നേക്കാം. ഇത്തരത്തിൽ ഉപയോഗിക്കേണ്ടിവരുന്ന സ്റ്റിറോയിഡുകൾ മറ്റ് ചില ആരോഗ്യപ്രശനങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. എന്നാൽ സമീപ വർഷങ്ങളിൽ ആസ്ത്മ ചികിത്സയിൽ നിരവധി പുരോഗതികൾ ഉണ്ടായിട്ടുണ്ട്.

Also Read: എന്താണ് ആസ്തമ? ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിയാം

സമീപ വർഷങ്ങളിൽ ആസ്ത്മ പരിചരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്ന് ബയോളജിക്കൽ തെറാപ്പികളുടെ വികസനമാണ്. ആസ്തമ ലക്ഷണങ്ങൾക്ക് കാരണമാകുന്ന രോഗപ്രതിരോധ പ്രതികരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന തന്മാത്രകളെ പ്രത്യേകമായി ലക്ഷ്യമിടുന്ന ഒരു തരം മരുന്നാണ് ബയോളജിക്സ്. ഒമലിസുമാബ്, മെപോളിസുമാബ്, ബെൻറാലിസുമാബ് തുടങ്ങിയ ബയോളജിക്കൽ തെറാപ്പികൾ ആസ്ത്മ ചികിത്സയിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Content Summary: Promising new advances in asthma treatment