സലാഡ് വെള്ളരിയിൽ സാൽമോണെല്ല; ലക്ഷണങ്ങളും പ്രതിരോധവും

മധ്യപ്രദേശിലെ റത്ലാമിൽ അഞ്ചുവയസുകാരൻ സലാഡ് വെള്ളരി കഴിച്ചതിനെ തുടർന്ന് സാൽമോണെല്ല അണുബാധയേറ്റ് മരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ കുട്ടിയുടെ കുടുംബത്തിലെ തന്നെ മറ്റ് രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലായി. ആഫ്രിക്കൻ ഖീര എന്നറിയപ്പെടുന്ന ബലാം വെള്ളരി കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കുട്ടി മരണപ്പെടുകയായിരുന്നു. സാൽമോണെല്ല ബാക്ടീരിയ മൂലമുള്ള അണുബാധയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. സാൽമോണെല്ല അണുബാധയേറ്റാൽ ശരീരത്തിലെ ജലാംശവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കും. പ്രതിരോധശേഷി ഇല്ലാത്തവരിലും പ്രായമായവരിലും കുട്ടികളിലും അത്യന്തം അപകടകരമാണ് സാൽമോണെല്ല ബാക്ടീരിയയെന്നും വിദഗ്ദർ പറയുന്നു.

എന്താണ് സാൽമോണെല്ല വിഷബാധ?

സാൽമാണെല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഭക്ഷ്യവിഷബാധയാണിത്. കടുത്ത വയറുവേദനയും അതിസാരവുമാണ് പ്രാഥമിക ലക്ഷണങ്ങൾ. നമ്മുടെ രാജ്യത്ത് സാധാരണയായി കണ്ടുവരുന്ന ഭക്ഷ്യവിഷബാധകളിൽ സാൽമോണെല്ലയുമുണ്ട്. ഇതിനെ ഗാസ്ട്രോഎൻട്രൈറ്റിസ് എന്നും അറിയപ്പെടുന്നു.

സാൽമോണെല്ല ബാക്ടീരിയ വളരെ കുറഞ്ഞ അവസ്ഥയിൽ ശരീരത്തിൽ എത്തിയാലും ആരോഗ്യം വളരെ വേഗത്തിൽ മോശം അവസ്ഥയിലാകും. വയറിനുള്ളിലെ ആസിഡിനെയും രോഗപ്രതിരോധശേഷിയെയുമാണ് സാൽമോണെല്ല ബാധിക്കുന്നത്. കുടലിലെ കോശങ്ങളെ നശിപ്പിക്കുകയും, ജലാംശം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങളെ തടയുകയും ചെയ്യും. ഇത് വയറുവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. അതിസാരം, ഛർദ്ദി, വയറിളക്കം എന്നീ കാരങ്ങളാൽ ശരീരത്തിലെ ജലാംശം നഷ്ടമായിത്തുടങ്ങും. 2024ൽ രാജ്യത്ത് 11269 സാൽമോണെല്ല അണുബാധ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സാൽമോണെല്ല അണുബാധയുടെ ലക്ഷണങ്ങൾ

പ്രധാനമായും വയറുവേദനയും ഛർദ്ദിയും വയറിളക്കവുമാണ് സാൽമോണെല്ല അണുബാധയുടെ ലക്ഷണങ്ങൾ. എന്നാൽ ഇവയെ കൂടാതെ മറ്റ് ലക്ഷണങ്ങളും ഈ അവസ്ഥ തിരിച്ചറിയാൻ സഹായിക്കും. അവ എന്തൊക്കെയെന്ന് നോക്കാം…

  • മലത്തിൽ രക്തം കാണുക
  • കടുത്ത പനി
  • വയറുവേദനയും അസ്വസ്ഥതയും
  • ക്ഷീണവും തളർച്ചയും
  • അസഹനീയമായ തലവേദന
  • വിരക്തി

സാൽമോണെല്ല അണുബാധയേൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ

ആർക്കുവേണമെങ്കിലും സാൽമോണെല്ല അണുബാധയേൽക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രായമായവരെയും കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞവരെയും സാൽമോണെല്ല ബാക്ടീരിയ ഗുരുതരമായി ബാധിക്കും.

ചിക്കൻ, താറാവ് ഫാമുകളിൽ ജോലി ചെയ്യുന്നവരിലും അതിനോട് ചേർന്ന് താമസിക്കുന്നവരിലും സാൽമോണെല്ല ബാക്ടീരിയ ബാധിക്കാനുള്ള സാധ്യത കൂടുതലായിരിക്കും.

സ്ഥിരമായി ആൻറിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നവരിൽ അപകടാവസ്ഥ കൂടുതലായിരിക്കും. ഇത്തരക്കാരിൽ സാൽമോണെല്ലയ്ക്കെതിരായ പ്രതിരോധം കുറവായിരിക്കും.

ഉദരരോഗങ്ങളെ ഉള്ളവരെ സാൽമോണെല്ല ബാക്ടീരിയ വളരെ വേഗം ബാധിക്കും

അഞ്ച് വയസിൽ താഴെയുള്ളവരെയും 60 വയസിൽ കൂടുതൽ ഉള്ളവരെയും സാൽമോണെല്ല ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിക്കും.

അരിവാൾരോഗം ഉള്ളവരിലും സാൽമോണെല്ല അതീവ അപകടകാരിയായിരിക്കും.

Content Summary: Salmonella poisoning symptoms