ദിവസം ആരംഭിക്കുന്നത് ചായയോടൊപ്പമാണോ? 4 പാർശ്വഫലങ്ങൾ അറിയാം

രാവിലെ എഴുന്നേറ്റ ഉടൻ ഒരു ചായ പലർക്കും നിർബന്ധമാണ്. ദിവസം ആരംഭിക്കുന്നതിനുള്ള ഊർജ്ജമായി പലരും ചായയെ കണക്കാക്കുന്നു. ഉന്മേഷം നൽകുന്ന പാനീയമായി ചായയെ കാണുന്നവരുമുണ്ട്. പലതരം ചായകൾക്ക് ആരാധകരും ഏറെയുണ്ട്. എന്നാൽ രാവിലത്തെ ബെഡ് ടീ അത്ര ആരോഗ്യകരമല്ല. ചായ പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ വെറുംവയറ്റിൽ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആമാശയത്തിൽ ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുകയും വയറിന് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തേക്കാം.

മാത്രമല്ല, ചായ ശരീരത്തിന് കോർട്ടിസോൾ ഉൽപ്പാദിപ്പിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തും. ശരീരത്തിന് ഉന്മേഷം നൽകുന്ന ഹോർമോണാണിത്. ചായ കുടിച്ച ഉടൻ ഉന്മേഷം തോന്നുമെങ്കിലും കുറച്ച് കഴിയുമ്പോൾ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതിന് കാരണം ഇതാണ്. രാവിലെ ആദ്യ പാനീയമായി ചായ കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ അറിയാം.

1. വയറിൽ അസ്വസ്ഥത

വെറും വയറ്റിൽ ചായ കുടിക്കുന്നത് ആമാശയത്തിൽ ആസിഡിന്റെ അംശം വർദ്ധിക്കാൻ കാരണമാകും. ഇത് വയറ്റിൽ അസ്വസ്ഥതയും ഓർക്കാനാവും ഉണ്ടാക്കിയേക്കാം.

2. നിർജ്ജലീകരണം

ചായ ഒരു ഡൈയൂററ്റിക് ആണ്, അതായത് ഇത് മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് രാവിലെ ശരീരത്തിൽ മണിക്കൂറുകളോളം വെള്ളം ലഭിക്കാത്ത അവസ്ഥയിൽ ചായ കുടിക്കുമ്പോൾ നിർജ്ജലീകരണം സംഭവിക്കുന്നത് ശരീരത്തിന് ഒട്ടും ഗുണകരമല്ല.

3. പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു

ചായയിൽ അടങ്ങിയ ടാന്നിൻ എന്ന സംയുക്തം ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുന്നു. ചായ കുടിക്കുന്നത് ശരീരത്തിന് മറ്റ് പോഷകങ്ങൾ ലഭിക്കുന്നതിന് തടസ്സമായേക്കാം.

4. ദന്തക്ഷയം

ചായയിൽ പ്രകൃതിദത്ത ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും.കൂടുതൽ അളവിൽ ചായ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും.

Also Read: രോഗപ്രതിരോധത്തിന് 5 ഡീടോക്‌സ് പാനീയങ്ങൾ

ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായത്തിൽ ചായ കുടിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയം രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷമാണ്. ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ആരംഭിക്കുന്ന സമയമാണിത്.

ചായക്ക് പകരം കുടിക്കാവുന്ന നിരവധി ആരോഗ്യകരമായ പാനീയങ്ങളുണ്ട്. രാവിലെ അത്തരം പാനീയങ്ങൾ കുടിക്കാൻ ശ്രമിക്കുക.

Content Summary: Side effects of drinking tea on an empty stomach