കേരളത്തിൽ സൂപ്പർ ബിരിയാണി കിട്ടുന്ന 10 സ്ഥലങ്ങൾ!

ബിരിയാണി എന്ന ഭക്ഷണത്തിന് ലഭിക്കുന്ന പോപ്പുലാരിറ്റി അറിയണമെങ്കിൽ സൊമാറ്റോ, സ്വിഗി പോലെയുള്ള ഫുഡ് ഡെലിവറി ആപ്പുകളുടെ വാർഷിക കണക്ക് നോക്കിയാൽ മതി. നമ്മുടെ കേരളത്തിലും ജനപ്രീതിയിൽ മുൻപന്തിയിൽ തന്നെയാണ് ബിരിയാണിയുടെ സ്ഥാനം. കേരളത്തിൽ ഏറെ രുചികരമായ ബിരിയാണി ലഭിക്കുന്ന 10 സ്പോട്ടുകൾ ഏതൊക്കെയെന്ന് നോക്കാം…

1. പാരഗൺ, കോഴിക്കോട്

ബിരിയാണിയുടെ കാര്യത്തിൽ മലബാറിലെ ഹോട്ടലുകൾ തന്നെയാണ് മുൻനിരയിൽ കേരളത്തിലെ ഏറ്റവും രുചികരമായ ബിരിയാണി ലഭിക്കുന്നത് കോഴിക്കോട്ടെ പാരഗൺ ഹോട്ടലിലാണ്. പാരഗണിലെ ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ഭക്ഷണപ്രേമികൾക്ക് ഏറ്റവും നല്ല ചോയിസാണ്. അടുത്തിടെ ലോകത്തിലെ ലെജൻഡറി റെസ്റ്റോറന്‍റുകളിൽ പതിനൊന്നാം സ്ഥാനമെന്ന സ്വപ്നതുല്യ നേട്ടവും പാരഗൺ സ്വന്തമാക്കിയിരുന്നു. 

2. റഹ്മത്ത്, കോഴിക്കോട്

ബിരിയാണിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനവും മറ്റാർക്കും വിട്ടുനൽകാൻ കോഴിക്കോട് തയ്യാറല്ല. റെയിൽവേ സ്റ്റേഷൻ ബാക്ക് ഗേറ്റിന് സമീപത്തുള്ള റഹ്മത്ത് ബിരിയാണിപ്രേമികളുടെ ഇഷ്ടസങ്കേതമാണ്. മറ്റ് ജില്ലകളിൽനിന്ന് കോഴിക്കോട് എത്തുന്നവർ റഹ്മത്തിലെ ഫ്രൈഡ് ബീഫ് ബിരിയാണി ആസ്വദിക്കാൻ എത്താറുണ്ട്. 

3. പാരീസ്, തലശ്ശേരി

മലബാർ ബിരിയാണികൾക്ക് രണ്ട് രുചിവൈവിധ്യങ്ങളുണ്ട്. അതിലൊന്ന് കോഴിക്കോടൻ ബിരിയാണിയും മറ്റൊന്നും തലശേരി ബിരിയാണിയുമാണ്. തലശേരിയിൽ ഏറെ സ്വാദിഷ്ടമായ ബിരിയാണി ലഭിക്കുന്ന സ്പോട്ടാണ് പാരീസ് ഹോട്ടൽ. വർഷങ്ങളായി തലശേരി ബിരിയാണിയുടെ രുചിപ്പെരുമയാണ് പാരീസ്. ഇവിടുത്തെ ചിക്കൻ ബിരിയാണിയാണ് ഏറെ പ്രശസ്തം. 

4. കുറ്റിച്ചിറ ബിരിയാണി, കോഴിക്കോട്

മാനാഞ്ചിറയിലാണ് ഏറെ രുചികരമായ ബിരിയാണി ലഭിക്കുന്ന കുറ്റിച്ചിറ ബിരിയാണി സെന്‍റർ. ചിക്കൻ, ബീഫ് ബിരിയാണികളാണ് ഏറെ പ്രശസ്തം. 

5. ഹോട്ടൽ ഡെലീഷ്യ, മലപ്പുറം

മലപ്പുറം നഗരഹൃദയത്തിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിനടുത്താണ് ബിരിയാണിക്ക് പ്രശസ്തി നേടിയ ഡെലീഷ്യ ഹോട്ടൽ. ഇവിടുത്തെ ചിക്കൻ ബിരിയാണ് മസ്റ്റ് ട്രൈ ഐറ്റമാണ്. 

6. കയീസ് ഹോട്ടൽ, കൊച്ചി

അങ്ങ് മലബാറിൽ മാത്രമല്ല, കേരളത്തിന്‍റെ മധ്യഭാഗത്തും നല്ല രുചികരമായ ബിരിയാണി ലഭിക്കുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് കൊച്ചിയിലെ കയീസ് റഹ്മത്തുള്ള ഹോട്ടൽ. 1948ൽ സ്ഥാപിതമായ കയീസ് ഹോട്ടലിൽ ചിക്കൻ, മട്ടൻ ബിരിയാണിക്ക് പുറമെ രുചികരമായ മീൻ ബിരിയാണിയും കൊഞ്ച് ബിരിയാണിയും ലഭിക്കും. 

7. വൈസ്രോയി ഹോട്ടൽ, കാസർഗോഡ്

ഇനി കേരളത്തിന്‍റെ വടക്കയറ്റത്തെ ബിരിയാണി പെരുമയാണ് കാസർകോട്ടെ വൈസ്രോയി ഹോട്ടൽ. ഏറെ സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിയാണ് വൈസ്രോയി ഹോട്ടലിലേതെന്ന് ഭക്ഷണപ്രിയർ സാക്ഷ്യപ്പെടുത്തുന്നു. 

8. എംവികെ റെസ്റ്റോറന്‍റ്, കണ്ണൂർ

രുചികരമായ തലശേരി ബിരിയാണി ലഭിക്കുന്ന സ്ഥലമാണ് കണ്ണൂർ എസ്എൻ റോഡിലെ മുനീശ്വരൻ കോവിലിന് അടുത്തുള്ള എംവികെ റെസ്റ്റോറന്‍റ്. ഇവിടുത്തെ മട്ടൺ ബിരിയാണി, ചിക്കൻ ബിരിയാണി എന്നിവ മസ്റ്റ് ട്രൈ ഐറ്റമാണ്. ബിരിയാണിക്കൊപ്പം ഒരു ഗ്ലാസ് ലെമൻ ടീ കൂടിയായാൽ അടിപൊളിയാകും. 

9. സാഗർ, കോഴിക്കോട്

കോഴിക്കോട് നഗരത്തിലെ ഭക്ഷണപ്രേമികളുടെ ഇഷ്ടസങ്കേതമാണ് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ സാഗർ ഹോട്ടൽ. ഏറെ രുചികരമായ ചിക്കൻ ബിരിയാണിക്ക് പേരുകേട്ടതാണ് സാഗർ ഹോട്ടൽ. ബിരിയാണിക്കൊപ്പം ഒരു ഗ്ലാസ് സുലൈമാനി കൂടി ഓർഡർ ചെയ്യാൻ മറക്കരുത്. 

10. ബോംബെ ഹോട്ടൽ, കോഴിക്കോട്

കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമേറിയ റെസ്റ്റോറന്‍റുകളിൽ ഒന്നാണ് ബീച്ച് റോഡിന് സമീപമുള്ള ബോംബെ ഹോട്ടൽ. ഏറെ രുചികരവും സ്പൈസിയുമായ മട്ടൺ ദം ബിരിയാണിയാണ് അവിടുത്തെ സിഗ്നേച്ചർ ഡിഷ്.