പ്രണയം തോന്നാൻ കാരണമുണ്ട്!

ലോകം മാറിക്കൊണ്ടിരിക്കുന്നു, നമ്മുടെ പ്രണയത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും മാറുന്നുണ്ട്. രൺവീറുമായി ഉണ്ടായിരുന്ന ഓപ്പൺ റിലേഷൻഷിപ്പിനെക്കുറിച്ച് ദീപിക പദുകോൺ പറഞ്ഞപ്പോൾ ഇന്ത്യയിൽ അത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. തനിക്ക് ഏറ്റവും യോജിക്കുന്ന പങ്കാളിയെ കണ്ടെത്താൻ ആണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്. എന്നാൽ ഗണിച്ചും ഹരിച്ചും നോക്കി പ്രണയം കണ്ടെത്താനാകുമോ?

പ്രണയം പലപ്പോഴും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. ആദ്യ കണ്ടുമുട്ടലിൽ തന്നെ മൊട്ടിടുന്ന പ്രണയങ്ങളുണ്ട്, കാണെക്കാണെ പൂത്തുലയുന്ന പ്രണയങ്ങളുണ്ട്. ആദ്യ കാഴ്ചയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ബ്രാൻഡിന്റെ വസ്ത്രം ധരിച്ച ആളോട് നിങ്ങൾക്ക് പ്രണയം തോന്നാം, നിങ്ങൾ ഇഷ്ടപ്പെടുന്ന തമാശകൾക്ക് ചിരിക്കുന്ന ആളോടും പ്രണയം തോന്നാം, നിങ്ങൾക്ക് മാത്രം ഇഷ്ടമുള്ള ഭക്ഷണമോ സിനിമയോ ഇഷ്ടപ്പെടുന്ന ആളോട് പ്രണയം തോന്നാം. അപ്പോൾ മനസ്സിൽ ലഡു പൊട്ടും; ഇതാ എന്നെപ്പോലൊരാൾ! ‘ഓപ്പോസിറ്റ്സ് അട്ട്രാക്ട്’ എന്നത് പഴഞ്ചൊല്ല് മാത്രമാണ്. അത് സംഭവിക്കുന്നത് വളരെ ചുരുക്കമാണ്.

എന്തുകൊണ്ടാണ് ആളുകൾ പ്രണയത്തിലാകുന്നത്?

“നമ്മുടെ ആവശ്യങ്ങൾക്ക് മാതാപിതാക്കളെ ആശ്രയിക്കേണ്ടി വരുന്ന നിസ്സഹായരായ ശിശുക്കളായാണ് നാം ജനിക്കുന്നത്. വളരുംതോറും നമ്മെ സ്നേഹിക്കുന്നവരെ നാം തേടിക്കൊണ്ടിരിക്കും.” “ലവ് ഡിമിസ്റ്റിഫൈഡ്: സ്ട്രാറ്റജീസ് ഫോർ എ സക്സസ്ഫുൾ ലവ് ലൈഫ്” എന്ന കൃതിയുടെ രചയിതാവായ മനശാസ്ത്രജ്ഞനായ ഡോ. ബെവർലി പാമർ പറയുന്നതാണിത്.

പരസ്പരം ആകർഷണമുണ്ടാക്കുന്ന ഘടകങ്ങളും അനുകൂലമായ സാമൂഹിക ഘടകങ്ങളും സാഹചര്യങ്ങളും ഒത്തുവരുമ്പോഴാണ് ആളുകൾ പ്രണയത്തിലാകുന്നത്‌. എന്തൊക്കെയാണ് ആ ഘടകങ്ങൾ എന്ന് നോക്കാം..

സാമ്യം:
വ്യക്തിത്വം, ചിന്താരീതികൾ, സ്വഭാവ സവിശേഷതകൾ എന്നിവയിൽ സാമ്യം തോന്നുന്നവർക്കിടയിൽ പ്രണയം സംഭവിക്കാൻ എളുപ്പമാണ്.

സാമീപ്യം:
ഒരുമിച്ച് സമയം ചെലവഴിക്കുക, അടുത്തടുത്ത് താമസിക്കുക തുടങ്ങി പരസ്പരം കൂടുതൽ സമയം ഇടപഴകേണ്ട സാഹചര്യത്തിൽ പ്രണയം സംഭവിക്കാൻ സാധ്യത കൂടുതലാണ്.

ആകർഷണം:
ഒരാളുടെ രൂപം, സ്വഭാവം, ബുദ്ധി തുടങ്ങിയ കാര്യങ്ങളിൽ ആകർഷണം തോന്നുമ്പോൾ സ്വാഭാവികമായും പ്രണയം മൊട്ടിടാം.

സാമൂഹിക സ്വാധീനം:
പൊതുവായ സാമൂഹിക മാനദണ്ഡങ്ങൾ (ജോലി, ജീവിത രീതികൾ, വിശ്വാസങ്ങൾ) പാലിക്കുന്നവർക്കിടയിൽ പ്രണയം ഉണ്ടാകാൻ സാധ്യതയുണ്ട്.

സപ്പോർട്ട്:
ഒരു വ്യക്തിക്ക് താങ്ങും തണലുമാകാൻ കഴിയുന്ന വ്യക്തിയോട് പ്രണയം തോന്നാനുള്ള സാധ്യത കൂടുതലാണ്.

അസ്വാഭാവികത:
അസാധാരണമോ ഭീതി ഉണർത്തുന്നതോ ആയ അസ്വാഭാവിക അന്തരീക്ഷത്തിൽ സമയം ചിലവിടേണ്ടിവരുന്ന രണ്ടു വ്യക്തികൾക്കിടയിൽ പ്രണയം സംഭവിക്കാം. ഈ പ്രമേയം അടിസ്ഥാനമാക്കിയുള്ള പ്രണയകഥകൾ നമുക്ക് പരിചിതമാണല്ലോ.

നിഗൂഢത:
ഒരാൾക്ക് നിങ്ങളോട് പ്രണയമുണ്ടെന്ന് അവ്യക്തമായ ധാരണ വരികയും അയാൾ നിങ്ങളെപ്പറ്റി എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കുകയും ചെയ്യുമ്പോൾ അയാളോട് ഒരു പ്രണയമൊക്കെ തോന്നാം.

പ്രത്യേകതകൾ:
ഒരാളുടെ ചില പ്രത്യേകതകൾ നിങ്ങൾക്ക് ആകർഷകമായി തോന്നുമ്പോൾ അയാളോട് പ്രണയം തോന്നാം.

ഒറ്റപ്പെടൽ:
മറ്റാരുടെയും ഇടപെടലില്ലാത്ത സാഹചര്യത്തിൽ രണ്ടുപേർ തമ്മിൽ കൂടുതൽ ഇടപെടേണ്ടി വരുമ്പോൾ ഇരുവർക്കുമിടയിൽ അടുപ്പം ഉടലെടുക്കും. ഇത് പ്രണയത്തിലേക്ക് വഴിമാറാൻ സാധ്യത ഏറെയാണ്.

Also Read: ബ്രേക്ക് അപ്പ് ആകുമെന്ന് പേടിയാണോ? പരിഹരിക്കാൻ വഴിയുണ്ട്

പ്രണയിക്കുമ്പോൾ സംഭവിക്കുന്നത്

ഒരാളോട് പ്രത്യേകമായ ഒരിഷ്ടം തോന്നുന്നതാണല്ലോ പ്രണയം. പ്രണയത്തിന്റെ ആദ്യ നാളുകളിൽ ശരീരത്തിനും മനസിനും ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. ശരീരത്തിലെ ഹോർമോണുകൾ പ്രവർത്തിച്ച് തുടങ്ങും, ഇത് സന്തോഷകരമായ മാനസികാവസ്ഥ ഉണ്ടാകാൻ സഹായിക്കും. അതേസമയം ഈ ഘട്ടം സമ്മർദ്ദവും അരക്ഷിതാവസ്ഥയും നിറഞ്ഞതുമായിരിക്കും. അടുത്ത ഘട്ടത്തിൽ, അടുപ്പവും പ്രതിബദ്ധതയും വർദ്ധിക്കുന്നു.

പ്രണയം പ്രകൃതിയൊരുക്കിയ മരുന്നാണ്. സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും ആസ്വദിക്കൂ, ജീവിതം കൂടുതൽ മനോഹരമാകും.

അവലംബം:
www.psychologytoday.com
health.howstuffworks.com

Content Summary: People fall in love when mutually attractive factors and favorable social factors and circumstances come together. Let’s see what those factors are.

One thought on “പ്രണയം തോന്നാൻ കാരണമുണ്ട്!

Comments are closed.