താമസിക്കുന്ന സ്ഥലം സുരക്ഷിതവും മനോഹരവുമാക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഒരു വീട് പലരുടെയും ജീവിതാഭിലാഷമാകും. അതിനുവേണ്ടി ധാരാളം സമയവും ചെലവഴിക്കാൻ നമുക്ക് മടിയില്ല. വയറിങ്ങിലും പ്ലംബിങ്ങിലും വരുന്ന പാളിച്ചകൾ അപകടങ്ങൾ വരുത്തിവെക്കാറുണ്ട്. മനസമാധാനം നഷ്ടപ്പെടാൻ അതുമതി. എന്നാൽ, എത്ര ശ്രദ്ധിച്ചാലും നാമറിയാതെ പല അപകടങ്ങളും നമ്മുടെ വീട്ടിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. എന്തൊക്കെയാണ് മറഞ്ഞിരിക്കുന്ന ഈ അപകടങ്ങൾ എന്ന് നോക്കാം.
- വൃത്തിയാക്കാത്ത കിടക്ക
നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊന്ന് ഭാഗം നമ്മൾ കിടക്കയിലാണ് ചെലവഴിക്കുന്നത്. വിയർപ്പും പൊടിയും കോസ്‌മെറ്റിക്‌സും എല്ലാം കിടക്കയിൽ പറ്റിപ്പിടിക്കും. എന്നാൽ, കിടക്ക വൃത്തിയാക്കുന്നത് വളരെ ചുരുക്കവുമാണ്. എല്ലാ ആഴ്ചയും കിടക്ക വൃത്തിയാക്കുന്നത് ഒരുപാട് ഗുണങ്ങൾ കൊണ്ടുവരും. ചർമ്മ രോഗങ്ങളിൽ നിന്നും അലർജികളിൽ നിന്നും ഇത് നമ്മളെ സംരക്ഷിക്കും.
- ആസ്ബറ്റോസ്
1970-കൾ വരെ ആസ്ബറ്റോസ് വീടുകളിൽ ഉപയോഗിച്ചിരുന്ന ഒരു സാധാരണ ഉൽപ്പന്നമായിരുന്നു. റൂഫിംഗ് മുതൽ ഇൻസുലേഷൻ വരെയുള്ള കാര്യങ്ങൾക്ക് ഇത് ഉപയോഗിച്ചു. ഈ നാരുകളുള്ള വസ്തു അണയാത്തതായി കാണപ്പെട്ടു. ആസ്ബറ്റോസ് ദീർഘനേരം ശ്വസിക്കുന്നത് മെസോതെലിയോമ എന്ന ക്യാൻസറിന് കാരണമാകുമെന്ന് പിന്നീട് കണ്ടെത്തി. നിങ്ങളുടെ വീട് ആസ്ബറ്റോസ് ഉപയോഗിച്ച് നിർമിച്ചതാണെങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്.
- മോശം വെന്റിലേഷൻ
ചുവരുകളിൽ പൂപ്പൽ പാടുകൾ വരുന്നതും വീടിനകത്ത് ദുർഗന്ധം ഉണ്ടാകുന്നതും വായുസഞ്ചാരം കുറയുന്നതുകൊണ്ടാണ്. ഇത് വായുവിലൂടെ പകരുന്ന വൈറസുകളുടെ വ്യാപനം വർദ്ധിപ്പിക്കുകയും ഹൈപ്പർസെൻസിറ്റിവിറ്റി, അലർജി പ്രശ്നങ്ങൾ, സൈനസ് പ്രശ്നങ്ങൾ, തലവേദന എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കാൻ ഈർപ്പമുള്ള മുറികളിൽ വിൻഡോകൾ തുറന്നിടുന്നതും, വെന്റിലേറ്റർ സ്ഥാപിക്കുന്നതും, പോർട്ടബിൾ ഡീഹ്യൂമിഡിഫയർ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
- വിഷമയമായ മെഴുകുതിരികൾ
സുഗന്ധമുള്ള മെഴുകുതിരികൾ പരിസ്ഥിതിക്ക് മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും ദോഷം വരുത്തുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ചില മെഴുകുതിരികളിൽ പാരഫിൻ മെഴുക് അടങ്ങിയിട്ടുണ്ട്, ഇത് യഥാർത്ഥത്തിൽ കൽക്കരി, പെട്രോളിയം അല്ലെങ്കിൽ ഷേൽ ഓയിൽ എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇത്തരം മെഴുകുതിരികൾ കത്തുമ്പോൾ വിഷ രാസവസ്തുക്കൾ പുറത്തുവിടുന്നു. ഈ അപകടകരമായ സംയുക്തങ്ങളിൽ നെയിൽ വാർണിഷ് റിമൂവറും പെയിന്റ് സ്ട്രിപ്പറും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസെറ്റോൺ, ക്രൂഡ് ഓയിലിൽ സ്വാഭാവികമായി കാണപ്പെടുന്ന ടോലുയിൻ എന്നിവ ഉൾപ്പെടുന്നു.
- പാചകവാതക ചോർച്ച
പാചകവാതകം ചോരുന്നത് പല വീടുകളിലും സംഭവിക്കുന്ന കാര്യമാണ്. ചെറിയ ചോർച്ചയാണെങ്കിൽ ആളുകൾ അത് കാര്യമാക്കാറും ഇല്ല. ഇത് പണനഷ്ടം മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. പാചകവാതകം ചോരുന്നത് തീപ്പിടിത്തത്തിലേക്കും കാർബൺ മോണോക്സൈഡ് വിഷബാധയിലേക്കും നയിച്ചേക്കാം. കാണാൻ കഴിയില്ലെങ്കിലും പാചകവാതകം ചോരുമ്പോൾ അസഹ്യമായ ഗന്ധം ഉണ്ടാകാറുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടാൽ ഉടനെ ഒരു പ്രൊഫഷണലിനെ കാണിക്കുക.
- വായു മലിനീകരണം
വായു മലിനീകരണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മൾ വലിയ നഗരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത് – എന്നാൽ വാസ്തവത്തിൽ, നമ്മുടെ സ്വന്തം വീടുകളിൽ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി മാലിന്യങ്ങളുണ്ട്. പുകവലിക്കുന്നതിൽ നിന്നോ വിറകടുപ്പിൽ നിന്നോ വരുന്ന പുക നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.
- കുളിമുറിയിലെ ഉൽപ്പന്നങ്ങൾ
കുളിക്കാനും മുടി കഴുകാനും നമ്മൾ ഉപയോഗിക്കുന്ന പല ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് ദോഷകരമാണ്. കാമ്പെയ്‌ൻ ഫോർ സേഫ് കോസ്‌മെറ്റിക്‌സിന്റെ അഭിപ്രായത്തിൽ, ഫോർമാൽഡിഹൈഡ്, ഫോർമാൽഡിഹൈഡ്-റിലീസിംഗ് പ്രിസർവേറ്റീവുകൾ, 1,4-ഡയോക്‌സൈൻ (ഷാംപൂകളിലും ലിക്വിഡ് സോപ്പുകളിലും പലപ്പോഴും കാണപ്പെടുന്നു) തുടങ്ങിയ രാസവസ്തുക്കൾ ചർമ്മത്തിനും ആന്തരിക അവയവങ്ങൾക്കും ദോഷകരമാണ്. ഇവ കാൻസറിനും കാരണമാകും.
- പരവതാനികൾ
എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് പരവതാനി. പുതിയ പരവതാനികൾക്ക് ഒരു മണമുണ്ട്. ഇത് അവയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കളുടെ മണമാണ്. പുതിയ പരവതാനി ഉപയോഗിക്കുമ്പോൾ വായുസഞ്ചാരം ഉറപ്പാക്കുക. അതുപോലെ, പരവതാനികൾ ഇടയ്ക്കിടെ വൃത്തിയാക്കാനും ശ്രദ്ധിക്കുക.
- വിഷമുള്ള പൂന്തോട്ട സസ്യങ്ങൾ
നിങ്ങളുടെ മനോഹരമായ പൂന്തോട്ടം മലിനമായ പൂക്കളുടെയും വിനാശകരമായ സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണെന്ന് നിങ്ങൾക്കറിയാമോ? ചില ചെടികൾ പരിപാലിക്കുമ്പോൾ കയ്യുറകൾ ഉപയോഗിക്കേണ്ടതുണ്ട്.
- എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ
എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ പതിവായി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഓരോ മെഷീനിലും പൊടിപടലങ്ങൾ പിടിക്കുന്ന ഫിൽട്ടറുകൾ ഉണ്ട്. ഇവ ബാക്ടീരിയകളാൽ വായുവിനെ പെട്ടെന്ന് മലിനമാക്കും. കൂടാതെ, വെള്ളം കെട്ടിക്കിടക്കുന്നത് ഇത് പൂപ്പലിന്റെ പ്രജനന കേന്ദ്രമായി മാറാനും കാരണമാകും. മെഷീന്റെ ഭാഗങ്ങൾ പതിവായി തുടക്കുകയും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുകയും വേണം.
- ചോപ്പിംഗ് ബോർഡുകൾ
നിങ്ങളുടെ ചോപ്പിംഗ് ബോർഡ് എത്ര വൃത്തിയുള്ളതാണ്? പ്ലാസ്റ്റിക് ബോർഡുകൾ തടിയേക്കാൾ വൃത്തിയായി സൂക്ഷിക്കാൻ പ്രയാസമാണെന്ന് പറയുന്നു. കാരണം കൃത്രിമവും പ്ലാസ്റ്റിക്തുമായ ഉപരിതലത്തിൽ ബാക്ടീരിയകൾക്ക് കൂടുതൽ നേരം നീണ്ടുനിൽക്കാൻ കഴിയുമത്രേ. ഉപയോഗം കഴിഞ്ഞാൽ ചോപ്പിംഗ് ബോർഡുകൾ ചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്‌ത് വൃത്തിയുള്ള ടവൽ ഉപയോഗിച്ച് തുടച്ച് വെക്കുക.
- വളർത്തുമൃഗങ്ങൾ
പ്രാണികൾ, പരാന്നഭോജികൾ, ബാക്ടീരിയകൾ, വിസർജ്ജ്യം എന്നിങ്ങനെ എല്ലാത്തരം മാലിന്യങ്ങളേയും വളർത്തുമൃഗങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയും. ഇവയുടെ രോമങ്ങൾ അലർജിക്കും കാരണമാകും. നിങ്ങളുടെ വളർത്തുമൃഗത്തിന് ശരിയായ ശുചീകരണ ദിനചര്യ ഉണ്ടെന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ, ഈ അരുമ നിങ്ങളുടെ ഏറ്റവും മോശം പേടിസ്വപ്നമായി മാറിയേക്കാം.
- സ്പോഞ്ചുകൾ, തുണികൾ, തൂവാലകൾ
ചോപ്പിംഗ് ബോർഡുകൾ പോലെ അദൃശ്യമായ അണുക്കളെ ശേഖരിക്കുന്ന വസ്തുക്കളാണ് സ്പോഞ്ചുകൾ, തുണികൾ, തൂവാലകൾ എന്നിവ. അടുക്കളയിലെ ടവൽ നിങ്ങളുടെ ടോയ്‌ലറ്റ് സീറ്റിനേക്കാൾ വൃത്തികെട്ടതായിരിക്കുമെന്ന് പറയാറുണ്ട്. 2017 ൽ ജർമ്മനിയിൽ നടന്ന ഒരു പഠനത്തിൽ പാത്രം കഴുകുന്ന സ്പോഞ്ചിൽ 54 ബില്യൺ ബാക്ടീരിയൽ കോശങ്ങൾ അടങ്ങിയിരിക്കാമെന്ന് കണ്ടെത്തി. അവയെല്ലാം നനഞ്ഞാൽ കൂടുതൽ ബാക്ടീരിയകൾ വളരും. അതുകൊണ്ട് ഉപയോഗം കഴിഞ്ഞാൽ കഴുകി ഉണക്കി വെക്കുക.
- ഫ്രിഡ്ജ്
വൃത്തിയായി സൂക്ഷിക്കുന്നത് മാത്രമല്ല, ഫ്രിഡ്ജിൽ സാധനങ്ങൾ വെക്കുന്ന രീതിയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഇത് ആരോഗ്യത്തെയും ബാധിക്കും. ഏറ്റവും മുകളിലെ ഭാഗം പാകം ചെയ്ത ഭക്ഷണങ്ങൾക്കും, നടുവിലെ ഭാഗം പാലുല്പന്നങ്ങൾക്കും, ഏറ്റവും തണുപ്പുള്ള ഭാഗം മത്സ്യവും മാംസവും സൂക്ഷിക്കാനും, ഡ്രോയറുകൾ പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാനും, ഡോർ ഷെൽഫുകൾ ജാറുകളും സുഗന്ധവ്യഞ്ജനങ്ങളും സൂക്ഷിക്കാനും ഉപയോഗിക്കേണ്ടതുണ്ട്.
Content Summary: These hidden hazards at home can make you sick