അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയാൻ എന്ത് ചെയ്യണം?

ഇക്കാലത്ത് വ്യാപകമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളാണ് അസിഡിറ്റിയും നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളുമൊക്കെ. തുടക്കത്തിൽ അത്ര വലിയ പ്രശ്നമില്ലെങ്കിലും വിട്ടുമാറാത്ത അസിഡിറ്റി നമ്മുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കും. അസിഡിറ്റിയുടെ പ്രധാന കാരണങ്ങളിലൊന്ന് തെറ്റായ ഭക്ഷണക്രമമാണ്, പ്രത്യേകിച്ച് എരിവും കൊഴുപ്പും കൂടിയ ഭക്ഷണങ്ങൾ. ഈ ഭക്ഷണങ്ങൾ ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കും, ഇത് ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

പുകവലിയും മദ്യപാനവും പോലുള്ള ചില ജീവിതശൈലി ഘടകങ്ങളും അന്നനാളത്തിന്റെ പേശികളെ അയവുവരുത്തുകയും ആമാശയത്തിലെ ആസിഡ് അതിലേക്ക് ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്നതിലൂടെ അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റിയുടെ മറ്റൊരു സാധാരണ കാരണം സമ്മർദ്ദമാണ്. ഒരാൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ശരീരം കൂടുതൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു, ഇത് ഗ്യാസ്ട്രിക് സ്രവങ്ങൾ വർദ്ധിപ്പിക്കുകയും ആമാശയത്തിലെ ആസിഡിന്റെ അളവ് ഉയർത്തുകയും ചെയ്യുന്നു.

ഇത് സാധാരണ ദഹനത്തെ തടസ്സപ്പെടുത്തുകയും നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മാത്രമല്ല, വേദനസംഹാരി മരുന്നുകളുടെ പതിവ് ഉപയോഗം ആമാശയത്തിലെ സംരക്ഷിത ആവരണത്തെ തടസ്സപ്പെടുത്തുന്നതിനാൽ അസിഡിറ്റിക്ക് കാരണമാകുന്നു.

അസിഡിറ്റി കുറയാൻ എന്ത് ചെയ്യണം?

  • കട്ടിലിൽ കിടക്കുമ്പോൾ തലയിണ ഉപയോഗിക്കുന്നത് പ്രയോജനകരമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ മുകൾഭാഗം ഉയർത്താൻ സഹായിക്കും, അങ്ങനെ ആസിഡുകളുടെ മുകളിലോട്ടുള്ള ഒഴുക്ക് തടയാൻ കഴിയും. ആസിഡ് റിഫ്ലക്സ് കുറയ്ക്കാൻ അനുയോജ്യമായ ഇടത് ലാറ്ററൽ പൊസിഷനിൽ കിടക്കുന്നതും നല്ലതാണ്.
  • രാത്രിയിൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വയർ നിറച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. രാത്രിയിലെ ഭക്ഷണത്തിനും ഉറക്കത്തിനും ഇടയിൽ 2-3 മണിക്കൂർ ഇടവേള നൽകണം.
  • എല്ലാ കോള-സോഡ ശീതള പാനീയങ്ങളും കാപ്പിയും ഒഴിവാക്കുക, ഒരു സമയം കൂടുതൽ കുടിക്കുന്നതിനു പകരം വെള്ളം കുറേച്ചെയായി ഇടയ്ക്കിടെ മാത്രം കുടിക്കുക.
  • ആസിഡുകൾ താഴേക്ക് തള്ളുന്നതിന് ഗുരുത്വാകർഷണം പ്രയോജനപ്പെടുത്തുന്നതിന് ഭക്ഷണം കഴിഞ്ഞയുടനെ അൽപസമയം നടക്കുക.
  • സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ അസിഡിറ്റി ലക്ഷണങ്ങളെ നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു, സമ്മർദ്ദം അസിഡിറ്റിക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്.
  • നാഡി ശുദ്ധി, ശീതളി, ശീതകാരി പ്രാണായാമം തുടങ്ങിയ വിവിധ ധ്യാന വിദ്യകൾ, പ്രാണായാമ വിദ്യകൾ എന്നിവയെല്ലാം അസിഡിറ്റിയെ നേരിടാൻ ഗുണം ചെയ്യും.
  • അസിഡിറ്റിയെ ചെറുക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗ്ഗം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക എന്നതാണ്. കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലൻസ് പുനഃസ്ഥാപിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രോബയോട്ടിക്സ് സഹായിക്കുന്നു, ഇത് അസിഡിറ്റിയുടെ അളവ് കുറയ്ക്കുന്നു.

Also Read: ഈ 3 ചേരുവകൾ മതി, അസിഡിറ്റി പരിഹരിക്കാൻ കഴിയും

അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ

ആസിഡ് റിഫ്‌ളക്‌സും നെഞ്ചെരിച്ചിലും നിയന്ത്രിക്കുമ്പോൾ അസിഡിറ്റി വഷളാക്കുന്ന ക്ഷണങ്ങൾ തിരിച്ചറിയണം. എരിവുള്ള ഭക്ഷണങ്ങൾ, സിട്രസ് പഴങ്ങൾ, കാപ്പി, മദ്യം, കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ പലപ്പോഴും അസിഡിറ്റി ലക്ഷണങ്ങളെ വർദ്ധിപ്പിക്കും. എന്നാൽ എല്ലാ ഭക്ഷണങ്ങളും എല്ലാവർക്കും പ്രശ്നമുണ്ടാക്കില്ല. ചിലരിൽ അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ മറ്റുചിലരിൽ അസിഡിറ്റി ഉണ്ടാക്കില്ല. ഓരോരുത്തരും ഒരു ഫുഡ് ഡയറി എഴുതി സൂക്ഷിക്കുന്നത് ഗുണം ചെയ്യുന്നു. ഓരോ ദിവസവും എന്തൊക്കെ കഴിച്ചെന്നും, ഏത് ഭക്ഷണം കഴിച്ചതിനുശേഷമാണ് അസിഡിറ്റി രൂക്ഷമായതെന്നും ഡയറിയിൽ രേഖപ്പെടുത്തുക. ഇതിന് അനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം കൊണ്ടുവരുക. അസിഡിറ്റി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി അനുയോജ്യമായ ബദലുകൾ ശീലമാക്കുക. ഉദാഹരണത്തിന് ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങൾക്ക് പകരം തണ്ണിമത്തൻ അല്ലെങ്കിൽ വാഴപ്പഴം പോലുള്ള കുറഞ്ഞ അസിഡിറ്റിയുള്ള പഴങ്ങൾ ശീലമാക്കാം.

Content Summary: Chronic acidity can badly affect our digestive system. One of the main causes of acidity is certain foods we eat, especially spicy and fatty foods. Let’s have a look how we can reduce acidity and related problems.