30 വയസ്സ് തികയാറായോ? സ്ത്രീകൾ ഈ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കൂ

30 വയസ്സ് എല്ലാവരുടെയും ജീവിതത്തിലെ നാഴികക്കല്ലാണ്. സ്വയം തിരിച്ചറിയുന്നതും ജീവിതത്തെ കൂടുതൽ മനസിലാക്കുന്നതും മുപ്പതുകളിലായിരിക്കും. മുപ്പത് കഴിഞ്ഞാൽ സ്ത്രീകളിൽ വലിയ മാറ്റങ്ങൾ കണ്ടുവരാറുണ്ട്. ഇഷ്ടങ്ങൾ പ്രകടിപ്പിക്കാനും സന്തോഷങ്ങൾ കണ്ടെത്താനും സ്ത്രീകൾ ആരംഭിക്കുന്നത് പലപ്പോഴും അവരുടെ മുപ്പതുകളിലാണ്. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ കൈവരുന്നതും ഈ പ്രായത്തിലാണ്.

പ്രായം അനുസരിച്ച് 30 എന്നത് ഒരു വലിയ സംഖ്യയാണ്. ചില കാര്യങ്ങൾ പരീക്ഷിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പ്രായം കൂടിയാണിത്. നിങ്ങളുടെ ജീവിതത്തെയും സമൂഹത്തെയും നിങ്ങൾ മനസ്സിലാക്കുന്ന രീതികളെയും പൂർണ്ണമായും മാറ്റാൻ കഴിയുന്ന കാര്യങ്ങൾ. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

ഒറ്റക്കുള്ള യാത്രകൾ

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒരു ട്രെൻഡ് മാത്രമല്ല, പുതിയ സ്ഥലങ്ങൾ കാണാനും സ്വന്തമായി ജീവിതം ആസ്വദിക്കാനും ലഭിക്കുന്ന അവസരം കൂടിയാണിത്. പുതിയ സ്ഥലങ്ങൾ പരിചയപ്പെടുന്നത് സ്ത്രീകളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഏത് സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ ഇത് സഹായിക്കും. വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ച് മനസിലാക്കാനും ഇത് സഹായിക്കും. ഇവയെല്ലാം വ്യക്തിഗത വളർച്ചയ്ക്കും ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണത്തിനും കാരണമാകുന്നു.

അണ്ഡങ്ങൾ ശീതീകരിക്കാം

ആധുനിക ലോകത്ത്, സ്ത്രീകൾ അവരുടെ പ്രത്യുൽപാദന സമയക്രമത്തിൽ നിയന്ത്രണം നേടാനുള്ള വഴികൾ ആശ്രയിക്കാറുണ്ട്. അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്നത് ഭാവിയിൽ ഫെർട്ടിലിറ്റി സാധ്യതകൾ സംരക്ഷിക്കുന്നതിനുള്ള ഒരു പരിഹാരമാണ്. ഈ നടപടിക്രമം IVF-കളേക്കാൾ കൂടുതൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും നല്ല പ്രായത്തിലാണ് അണ്ഡങ്ങൾ ശേഖരിക്കുന്നത് എന്നതിനാൽ ഈ രീതി ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. വിവാഹിതരും അവിവാഹിതരുമായ സ്ത്രീകൾക്ക് ഇത്തരത്തിൽ അണ്ഡങ്ങൾ സൂക്ഷിച്ചുവെക്കാവുന്നതാണ്. 30 വയസ്സ് തികയുന്നതിന് മുമ്പ് അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്നത് പരിഗണിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

നിക്ഷേപിക്കാൻ തുടങ്ങാം

സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകളെ സംബന്ധിച്ച് ആത്മവിശ്വാസവും ഊർജ്ജവും നൽകുന്ന ഒന്നാണ്. മുപ്പതിനോടടുക്കുമ്പോൾ തന്നെ നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങാം. വിവിധ നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കുകയും വ്യത്യസ്തമായ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുകയും ചെയ്യാം.

പുതിയ കഴിവുകൾ വികസിപ്പിക്കാം

ടെക്നോളജി അതിവേഗം പുരോഗമിക്കുകയാണ്. ജീവിതത്തിലും ജോലിയിലും ഉപകാരപ്പെടുത്താവുന്ന പുതിയ കഴിവുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കാവുന്നതാണ്. പഠനം ഒരിക്കലും തീരുന്നില്ല. പുതിയ കാര്യങ്ങൾ പഠിക്കുന്നത് ജീവിതത്തെ കൂടുതൽ അനായാസമാക്കാൻ സഹായിക്കും.

ആരോഗ്യ പരിശോധനകൾ

മുപ്പതുകളിൽ തന്നെ സമഗ്രമായ ആരോഗ്യ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും ആവശ്യമുള്ള ചികിത്സകൾ തുടങ്ങാനും ഇത് സഹായിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പരിഗണനകളിലൊന്ന് സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് ആണ്.സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സെർവിക്കൽ ക്യാൻസർ ഇന്ത്യയിൽ വളരെക്കൂടുതൽ സ്ത്രീകളിൽ കണ്ടുവരുന്നുണ്ട്. ഏകദേശം 99% സെർവിക്കൽ ക്യാൻസർ കേസുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) കാരണമാണ്, പ്രാഥമികമായി ലൈംഗിക സമ്പർക്കത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ 21 വയസ്സ് മുതൽ സ്ത്രീകൾ പതിവായി സ്ക്രീനിംഗ് ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.

മകൾ, ഭാര്യ, മരുമകൾ, അമ്മ.. സ്ത്രീകളുടെ റോളുകൾ മാറിക്കൊണ്ടിരിക്കും. എന്നാൽ സ്ത്രീകൾ സ്വന്തം ജീവിതത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

Content Summary: Women often begin to express their passions and find happiness in their thirties. This is also the perfect age to try out some new things. Things that can completely change your life and the way you perceive yourself.