വിറ്റിലിഗോ – മംമ്ത മോഹൻദാസിന് കണ്ടെത്തിയ നിറം നഷ്ടപ്പെടുന്ന രോഗം എന്താണ്?

തനിക്ക് വിറ്റിലിഗോ എന്ന സ്വയം രോഗപ്രതിരോധ രോഗമുണ്ടെന്ന് മലയാള നടി മംമ്ത മോഹൻദാസ് വെളിപ്പെടുത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ക്യാൻസറും ഹോഡ്ജ്കിൻസ് ലിംഫോമയും മംമ്തക്ക് നേരത്തെ വന്നിട്ടുണ്ട്. ഈ രോഗങ്ങളോട് ധീരയായി പോരാടിയ മംമ്ത മോഹൻദാസ് അടുത്ത രോഗാവസ്ഥയെയും നേരിടാൻ തയ്യാറെടുക്കുകയാണ്. കമന്റിലൂടെ ആരാധകരും പിന്തുണ അറിയിക്കുന്നുണ്ട്.

എന്താണ് വിറ്റിലിഗോ

വിറ്റിലിഗോ ചർമ്മത്തെ ബാധിക്കുന്ന അസുഖമാണ്. ചർമ്മത്തിലെ മെലാനിന്റെ അളവ് കുറയുന്നതാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് വരാൻ കാരണം. ശരീരത്തിലെ പ്രതിരോധകോശങ്ങൾ ചർമ്മകോശങ്ങളെ ആക്രമിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. അതുകൊണ്ടാണ് ഇത് ഓട്ടോഇമ്മ്യൂൺ രോഗമാണ് എന്ന് പറയുന്നത്. മെലാനിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളായ മെലാനോസൈറ്റ് എന്ന ചർമ്മകോശങ്ങളെയാണ് പ്രതിരോധകോശങ്ങൾ ആക്രമിക്കുന്നത്. ചർമ്മത്തിലെ ചില ഭാഗങ്ങളിൽ നിറം നഷ്ടപ്പെടാൻ ഇത് കാരണമാകുന്നു.

കൈകളിലും കാൽമുട്ടുകളിലും വെളുത്ത പാടുകൾ വരുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. മുഖം, ചുണ്ട്, എന്നീ ഭാഗങ്ങളിലും പാടുകൾ വരാറുണ്ട്. ശരീരത്തിന്റെ ഏതുഭാഗത്തും ഈ അസുഖം വരാം. എങ്കിലും, മുഖം, ചുണ്ട്, കൈകാലുകൾ എന്നിവിടങ്ങളിലാണ് സാധാരണയായി പാടുകൾ കണ്ടുവരുന്നത്. മുടി, തലയോട്ടി, പുരികം, കൺപീലികൾ, താടി, ശരീര രോമങ്ങൾ തുടങ്ങി എല്ലാ ശരീരഭാഗങ്ങളിലും വെളുത്ത പാടുകൾ വരാം.

ജനിതകമായ കാരണങ്ങൾ കൊണ്ട് വിറ്റിലിഗോ വരാം. മാനസിക സമ്മർദ്ദം, ചില രാസവസ്തുക്കൾ എന്നിവയും രോഗകാരണമാകാറുണ്ട്. അമിതമായി സൂര്യപ്രകാശമേൽക്കുന്നത് രോഗം വരാൻ കാരണമായി പറയാറുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ തെളിവുകളില്ല.

കൂടുതലും ചെറുപ്പക്കാരിലാണ് ഈ രോഗം കണ്ടുവരുന്നത്. എങ്കിലും, ഏതുപ്രായക്കാരിലും വരാവുന്ന അവസ്ഥയാണിത്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല.

ചികിത്സ

വിറ്റിലിഗോയ്ക്ക് ഇതുവരെ പൂർണ്ണമായ ചികിത്സ ലഭ്യമായിട്ടില്ല. നിറം പുനഃസ്ഥാപിക്കുക, കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനുള്ള ചികിത്സകൾ ചെയ്യുക എന്നിവയാണ് പ്രതിവിധികൾ. തുടക്കത്തിലേ ചികിത്സ തേടുന്നത് രോഗം പെട്ടെന്ന് നിയന്ത്രിക്കാൻ സഹായകരമാകും. കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നതും ഒഴിവാക്കാം. ഫോട്ടോ തെറാപ്പി പോലുള്ള ചികിത്സകളും ചർമ്മത്തിൽ പുരട്ടുന്ന ചില ലേപനങ്ങളും വിറ്റിലിഗോ ഭേദമാകാൻ ഉപയോഗിക്കാറുണ്ട്.

Image source: Mamtha Mohandas/facebook

summary: Actress Mamtha Mohandas diagnosed with vitiligo. What is vitiligo? Symptoms and causes.