ലോകത്താകമാനം വന്ധ്യതാപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതാപ്രശ്നങ്ങളുണ്ട്. ഹ്യൂമൻ റീപ്രൊഡക്റ്റീവ് അപ്‌ഡേറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച 2022 ലെ പഠനമനുസരിച്ച്, കഴിഞ്ഞ 50 വർഷത്തിനിടെ മനുഷ്യന്റെ ബീജങ്ങളുടെ എണ്ണം 50 ശതമാനത്തിലധികം കുറഞ്ഞു. ആഗോള ജനന നിരക്കും ഏറ്റവും താഴ്ന്ന നിലയിലാണ്. ലോക ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേരും “ഒരു സ്ത്രീക്ക് രണ്ട് കുട്ടികളിൽ താഴെയുള്ള” രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്ന് ബിബിസി പറയുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നതാണ് ബീജത്തിൻറെ എണ്ണവും ഗുണനിലവാരവും ഗണ്യമായി കുറയാൻ കാരണം. കൂടാതെ പുരുഷന്മാർക്കിടയിൽ വൃഷണ കാൻസറും ഉദ്ധാരണക്കുറവും മുമ്പെത്തേക്കാളും ഉയർന്ന നിരക്കിലാണ്.
എന്തുകൊണ്ട് പുരുഷന്മാരിൽ വന്ധ്യത കൂടുന്നു?
പ്രധാനമായും രണ്ടു ഘടകങ്ങളാണ് പുരുഷൻമാരിലെ വന്ധ്യതാനിരക്ക് ഉയരാൻ കാരണം. അതിലൊന്ന് പാരിസ്ഥിതികമായി വന്ന മാറ്റങ്ങളും അന്തരീക്ഷ മലിനീകരണവുമാണ്. ചൂട് ഉയർന്നത് ബീജ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രണ്ടാമത്തേത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ്. ഭക്ഷണശീലത്തിലും ജീവിതരീതികളിലുമുണ്ടായ മോശം പ്രവണത ബീജ ഉൽപാദനം കുറയാൻ ഇടയാക്കിയിട്ടുണ്ട്. കൂടാതെ പാരമ്പര്യമായി ഈ വന്ധ്യതാപ്രശ്നം അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു.
“ഒരു പുരുഷന്റെ പ്രത്യുത്പാദന ആരോഗ്യവും അവന്റെ മൊത്തത്തിലുള്ള ആരോഗ്യവും തമ്മിൽ ശക്തമായ ഒരു ബന്ധമുണ്ട്. ഇതും വന്ധ്യതാ നിരക്ക് ഉയർത്തുന്നു,” ലോകപ്രശസ്ത യൂറോളജിസ്റ്റ് ഡോ. ഐസൻബെർഗ് ലെവിൻ CNN-നോട് പറഞ്ഞു. കൂടാതെ, “അമ്മയുടെ മാനസിക സമ്മർദ്ദം, അമ്മയുടെ പുകവലി, പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മനുഷ്യനിർമ്മിത രാസവസ്തുക്കളായ phthalates എന്നിവയും പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ വികാസത്തെ തടസ്സപ്പെടുത്തും,” ലെവിൻ കൂട്ടിച്ചേർത്തു.
വന്ധ്യതയ്ക്ക് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും പോലും കാരണമാകുന്നു. ഉയരുന്ന താപനില ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതായി 2022ലെ ഒരു പഠനം സൂചിപ്പിക്കുന്നു. താപ സമ്മർദ്ദം സസ്തനികളിലെ പ്രത്യുൽപാദന പ്രവർത്തനത്തിന്റെ ഏറ്റവും സ്വാധീനമുള്ള കാരണമായി കണക്കാക്കപ്പെടുന്നതായി പഠനം പറയുന്നു. പ്ലാസ്റ്റിക്, ഗാർഹിക മരുന്നുകൾ, ഭക്ഷണ ശൃംഖലയിലും വായുവിലും കാണപ്പെടുന്ന രാസവസ്തുക്കൾ തുടങ്ങിയവ ഡിഎൻഎ വിഘടനം അല്ലെങ്കിൽ ബീജത്തിന്റെ ജനിതക വസ്തുക്കളിൽ കേടുപാടുകൾ ഉണ്ടാക്കുന്നതായി ബിബിസിയിൽ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിൽ പറയുന്നു.
Also Read: പുരുഷൻമാരിലെ വന്ധ്യത: ബീജത്തിന്‍റെ എണ്ണവും ഗുണവും എങ്ങനെ വർദ്ധിപ്പിക്കാം?
പ്രത്യുൽപാദനക്ഷമത നിലനിർത്താനായി അടിസ്ഥാനമായി വേണ്ട ബീജത്തിൻറെ അളവിനെയും ഗുണത്തെയുംകുറിച്ച് ആളുകൾക്ക് വേണ്ടത്ര ധാരണയില്ലെന്ന് ഡോ. റേച്ചൽ ഗ്രോസ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഒരു മില്ലിലിറ്റർ ശുക്ലത്തിൽ 40 ദശലക്ഷം ബീജം ഒരു വ്യക്തിക്ക് ആവശ്യമാണ്. എന്നാൽ അതിൽ കൂടുതൽ അളവിൽ ബീജം ഉള്ളവർക്ക് വന്ധ്യത വരില്ലെന്ന് അർത്ഥമാകുന്നില്ലെന്നും ഡോ. റേച്ചൽ ഗ്രോസ് പറയുന്നു.
Content Summary: What are the reasons for male infertility?