ശ്വാസകോശങ്ങളെ ബാധിക്കുന്ന അസുഖമാണ് ആസ്ത്മ. ശ്വാസതടസം, നെഞ്ചുവേദന തുടങ്ങിയവയാണ് ആസ്ത്മയുടെ ചില ലക്ഷണങ്ങൾ. ആസ്ത്മക്ക് പല കാരണങ്ങളുമുണ്ട്. കൂടിവരുന്ന അന്തരീക്ഷ മലിനീകരണം അതിലൊന്നാണ്. കുട്ടികളായിരിക്കുമ്പോൾ ആൺകുട്ടികളിലാണ് ആസ്ത്മ കൂടുതലായും ബാധിക്കുന്നത്. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ സ്ത്രീകളിൽ ആസ്ത്മ വരാനുള്ള സാധ്യത കൂടുതലാണ്. ലൈംഗിക ഹോർമോണുകൾ, ജനിതക, എപിജെനെറ്റിക് വ്യതിയാനങ്ങൾ, സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങൾ, ആസ്ത്മ ചികിത്സകളോടുള്ള പ്രതികരണങ്ങൾ എന്നിവ ആസ്ത്മ രൂക്ഷമാകാൻ കാരണമാകുന്നു.
ലിംഗവ്യത്യാസത്തിനനുസരിച്ച് ആസ്ത്മ രോഗത്തിന്റെ വ്യാപനത്തിലും തീവ്രതയിലും വ്യത്യാസം ഉണ്ടാകാം. പ്രായപൂർത്തിയായ സ്ത്രീകളിൽ ആസ്ത്മ കൂടുതൽ വ്യാപകമാവുകയും കഠിനമാവുകയും ചെയ്യുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രായപൂർത്തിയാകുമ്പോൾ ആർത്തവചക്രം, ഗർഭം എന്നിവയുമായി ബന്ധപ്പെട്ട് ലൈംഗിക ഹോർമോണുകളുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഇത് ആസ്ത്മ രോഗത്തെ സ്വാധീനിക്കുന്നുണ്ട്.
സ്ത്രീകളിൽ ആസ്ത്മ വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്?
സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ ശ്വാസകോശ സംബന്ധമായ തകരാറിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. മാത്രമല്ല, പാചകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും പൊടിപടലങ്ങളുമായി കൂടുതൽ സമ്പർക്കമുണ്ടാകുന്നതും സ്ത്രീകൾക്കാണ്. ഇത് ആസ്ത്മയിലേക്ക് നയിച്ചേക്കാം. അമിതമായ ശാരീരികപ്രവർത്തനങ്ങളും ആസ്ത്മ വരാൻ കാരണമായി കരുതുന്നു.
ആർത്തവസമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നത് സ്ത്രീകളിൽ ആസ്ത്മ രൂക്ഷമാകാൻ കാരണമായേക്കാം. ആസ്ത്മയുള്ള 20 മുതൽ 25 ശതമാനം സ്ത്രീകളിലും ആർത്തവചക്രം ആരംഭിക്കുന്നതിന് മുൻപായി നെഞ്ചെരിച്ചിൽ, ശ്വാസംമുട്ടൽ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. അതുപോലെ ഗർഭധാരണം പ്രൊജസ്ട്രോണിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ശ്വാസനാളത്തിന്റെ സങ്കോചത്തിനും ശ്വാസതടസ്സത്തിനും കാരണമാകും. ആസ്ത്മയുള്ള 30 ശതമാനം സ്ത്രീകളിലും ഗർഭാവസ്ഥയിൽ ആസ്ത്മയുടെ ലക്ഷണങ്ങൾ തീവ്രമാകാറുണ്ട്.
ആർത്തവവിരാമത്തിനു ശേഷമുള്ള ഹോർമോൺ മാറ്റങ്ങൾ സ്ത്രീകളെ കൂടുതൽ ദുർബലരാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആസ്ത്മ കൂടുതൽ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് ഡോക്ടർമാരും പറയുന്നു. ആസ്ത്മ നേരത്തെ തിരിച്ചറിയാനായാൽ കൂടുതൽ ഫലപ്രദമായ പ്രതിരോധനടപടികൾ സ്വീകരിക്കാൻ സാധിക്കും.
ലക്ഷണങ്ങൾ
- മൂക്കൊലിപ്പ്
- തുമ്മൽ
- തലവേദന
- ശ്വാസതടസ്സം
- പടികൾ കയറുമ്പോൾ ശ്വാസം മുട്ടൽ
- ചുമക്കുമ്പോൾ കഫം
Content Summary: Why Asthma affects women differently?