കേരളത്തിലെ 90 ശതമാനം പേരിലും ദന്തക്ഷയം സംഭവിക്കുന്നതായി പഠനം

കൊച്ചി: കേരളീയരിൽ 90 ശതമാനം പേർക്കും പല്ല് ക്ഷയിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമുള്ളതായി ഗവേഷകർ പറയുന്നു. ദന്തശുചിത്വം പാലിക്കാത്തതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്ന് കേരള ദന്തൽ കൌൺസിൽ വിലയിരുത്തുന്നതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ദന്ത ആരോഗ്യം സംബന്ധിച്ച് വേണ്ടത്ര ശ്രദ്ധ പുലർത്താത്തതും അവബോധമില്ലാത്തതും ഇതുസംബന്ധിച്ച ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ ഇടയാകുന്നതായും ചൂണ്ടികാണിക്കപ്പെടുന്നു.

കുട്ടിക്കാലം മുതൽക്കേ ശരിയായ രീതിയിൽ ബ്രഷ് ചെയ്യാത്തതും ദന്തശുചിത്വം പാലിക്കാത്തതും പ്രായമാകുമ്പോൾ ദന്താരോഗ്യം കുഴപ്പത്തിലാക്കുമെന്ന് വിദഗ്ദർ പറയുന്നു. ജോലിക്കാരായ മാതാപിതാക്കളുള്ള കുട്ടികളിലാണ് ദന്താരോഗ്യപ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ശരിയായ രീതിയിൽ ബ്രഷ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കാത്തതാണ് പ്രശ്നം വഷളാക്കുന്നത്.

ദന്തശുചിത്വം സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സ്കൂളുകളിൽ ക്യാംപ് നടത്താൻ ഡോക്ടർമാർ തയ്യാറാണെന്ന് ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സൈമൺ മോറിസൻ പറഞ്ഞു. ഇതുസംബന്ധിച്ച് ക്ലാസുകളിലെത്തി കുട്ടികൾക്ക് ബോധവത്കരണം നടത്തുകയും ശരിയായ രീതിയിൽ ബ്രഷ് ചെയ്യുന്നത് പരിശീലിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതിനോടകം ചില സ്കൂളുകളിൽ കുട്ടികൾക്കായി ഇത്തരം ക്യാംപുകൾ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടാൽ കൂടുതൽ സ്കൂളുകളിൽ ക്യാംപ് നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: പല്ലുകളുടെ ആരോഗ്യം മൊത്തം ആരോഗ്യത്തെ ബാധിക്കുമോ? എങ്ങനെ?

ശരിയായി ബ്രഷ് ചെയ്യുന്നതിനെക്കുറിച്ചും ദന്തശുചിത്വം സംബന്ധിച്ചും ചെറിയ ക്ലാസുകളിലും അംഗനവാടികളിലും യാതൊന്നും കുട്ടികളെ പഠിപ്പിക്കുന്നില്ലെന്ന് കേരള ദന്തൽ ഹൈജീനിസ്റ്റ് അrസോസിയേഷൻ ജനറൽ സെക്രട്ടറി അജയകുമാർ പറയുന്നു. ആരോഗ്യവകുപ്പ് ദന്തശുചിത്വം സംബന്ധിച്ച് വർഷം 250 ക്യാംപുകൾ നടത്താറുണ്ട്. എന്നാൽ സർക്കാർ മേഖലയിൽ തന്നെ 6000 സ്കൂളുകളുള്ള സംസ്ഥാനത്ത് ഈ ബോധവത്കരണ പരിപാടി ഭൂരിഭാഗം കുട്ടികളിലേക്കും എത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..

Content Summary: 90 percent of the people from Kerala have teeth decaying; New study