കൊല്ലം കടയ്ക്കലിൽ ഏഴുവയസുകാരിക്ക് ബ്രൂസെല്ലോസിസ് രോഗം

കൊല്ലം: കടയ്ക്കലിൽ ഏഴുവയസുകാരിക്ക് ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചു. കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് ഈ രോഗത്തിന് കാരണം. കുട്ടിയുടെ നില തൃപ്തികരമാണെന്നും ആരോഗ്യനില കർശനമായി നിരീക്ഷിച്ചുവരികയാണെന്നും എസ്എടിയിലെ ഡോക്ടർമാർ അറിയിച്ചു.

ജൂൺ രണ്ടാം വാരത്തോടെയാണ് കടുത്ത പനി ബാധിച്ച് കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി കുറയാത്തതിനെ തുടർന്ന് എസ്എടിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എസ്എടിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു. പ്ലേറ്റ്ലെറ്റ് ക്രമാതീതമായി ഉയർന്ന നിലയിലായിരുന്നു. മുഖത്ത് നീർക്കെട്ട് ബാധിച്ച് വീങ്ങിയ അവസ്ഥയിലുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്രൂസെല്ലോലിസ് സ്ഥിരീകരിച്ചത്.

പ്രധാനമായും മൃഗങ്ങളിൽ കണ്ടുവരുന്ന ബാക്ടീരിയയാണ് ബ്രൂസെല്ലോസിസ്. മൃഗങ്ങളുമായി അടുത്തിടപഴകുന്നവരിലും പാൽ പോലെയുള്ളവ തിളപ്പിച്ച് ഉപയോഗിക്കാത്തവരിലുമാണ് ഈ രോഗം പിടിപെടുന്നത്. യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകുന്ന രോഗാവസ്ഥയാണിത്. അതേസമയം കുട്ടിയുടെ വീട്ടിൽ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

കുട്ടിക്ക് ഇപ്പോഴും കടുത്ത പനിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നതും പ്രതീക്ഷയേകുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയശേഷം ഇപ്പോൾ നൽകുന്ന ചികിത്സയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്നും ഡോക്ടർമാർ അറിയിച്ചു.

അതേസമയം കുട്ടിയുടെ വീട്ടിൽ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശനം നടത്തി. ഇവരുടെ വീട്ടിലെ പശുവിന്‍റെ സാംപിൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും ബ്രൂസെല്ലോസിസ് കണ്ടെത്താനായിട്ടില്ല.

Content Summary: A 7-year-old girl in Kadakkal, Kollam infected with rare Brucellosis