വീട്ടിലേക്ക് മഴവെള്ളം ഇരച്ചുകയറുന്നത് കണ്ട് വയോധികയ്ക്ക് ഹൃദയാഘാതം

തൊടുപുഴ: കനത്ത മഴയിൽ സ്വന്തം വീട്ടിലേക്ക് പ്രളയജലം ഇരച്ചുകയറുന്നത് കണ്ട് വീട്ടമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായി. തൊടുപുഴ മുതലിയാർമഠത്തിലാണ് സംഭവം. കുറുമ്പലത്ത് വീട്ടിൽ ലക്ഷ്മിയമ്മയ്ക്കാണ്(85) ഹൃദയാഘാതം ഉണ്ടായത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സംഭവത്തെക്കുറിച്ച് ലക്ഷ്മിയമ്മയുടെ മകൻ പ്രദീപ് പറയുന്നത് ഇങ്ങനെ, “വ്യാഴാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ വീട്ടിനുള്ളിലേക്ക് മഴവെള്ളം കയറുന്നത് കണ്ട് അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനായതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണിപ്പോൾ”.

18 വർഷംമുമ്പാണ് ലക്ഷ്മിയമ്മയും കുടുംബവും മുതലിയാർമഠത്തിൽ 20 സെന്‍റ് സ്ഥലംവാങ്ങിച്ച് വീട് വെച്ച് താമസമായത്. എന്നാൽ ഒന്നര വർഷം മുമ്പാണ് മഴ പെയ്താൽ വീടിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ട് തുടങ്ങിയത്. അയൽക്കാർ മഴവെള്ള സംഭരണി ഉണ്ടാക്കിയത് മുതലാണ് ലക്ഷ്മിയമ്മയുടെ ദുരിതം ആരംഭിച്ചത്. ഇതേക്കുറിച്ച് ലക്ഷ്മിയമ്മ പരാതി പറയാത്ത ഓഫീസുകളില്ല. എന്നാൽ അവരാരും ലക്ഷ്മിയമ്മയുടെ പരാതി ചെവിക്കൊണ്ടില്ല. ഒടുവിൽ അടുത്തിടെയാണ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. മഴവെള്ളം സംഭരണിയിൽ നിറയുന്ന വെള്ളം ഒഴുക്കിക്കളയാനായി ഒരു ചാല് നിർമ്മിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ദിവസം ഇവരുടെ സമീപത്തുള്ള മറ്റൊരു വീട്ടുകാർ ഈ ചാൽ അടച്ചതോടെ വീണ്ടും ലക്ഷ്മിയമ്മയുടെ വീടും പരിസരവും മഴവെള്ളത്തിൽ മുങ്ങാൻ തുടങ്ങി. തങ്ങളുടെ കിണറ്റിലേക്ക് വെള്ളമിറങ്ങുന്നുവെന്ന് ആരോപിച്ചാണ് അവർ ചാല് അടച്ചത്. വീടിന് ചുറ്റും വെള്ളക്കെട്ടായതോടെ ലക്ഷ്മിയമ്മയെ മകൻ പ്രദീപ് തൊട്ടടുത്തുള്ള തന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ വീട്ടിൽനിന്നാൽ ലക്ഷ്മിയമ്മയുടെ വീട് കാണാനാകും. വ്യാഴാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയിൽ തന്‍റെ വീട്ടിലേക്ക് പ്രളയജലം കയറുന്നത് കണ്ടാണ് ലക്ഷ്മിയമ്മ കുഴഞ്ഞുവീണത്.

Content Summary: An old woman had a heart attack after seeing the rainwater seeping into her house