തലച്ചോറ് തിന്നുന്ന അമീബ രോഗം ഇതുവരെ ബാധിച്ചത് ആറ് പേർക്ക്; മരണ സാധ്യത 97 ശതമാനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഗുരുദത്ത് എന്ന പതിനഞ്ചുകാരൻ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവ അമീബിക് മസ്തിഷ്ക്ക ജ്വരം രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. തലച്ചോറ് ഭക്ഷിക്കുന്ന നീഗ്ലേറിയ ഫൌളേറി എന്ന തരം അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്. സംസ്ഥാനത്ത് ഇതാദ്യമായല്ല അമീബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിക്കുന്നത്. 2016 ജനുവരിയില്‍ ആലപ്പുഴ തിരുമലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. അതിനുശേഷം 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും രോഗബാധയുണ്ടായി.

അതേസമയം ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പതിനായിരകണക്കിന് പേരിൽ ഒരാൾക്ക് മാത്രമാണ് ഈ രോഗം ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം 97 മുതൽ 100 ശതമാനം വരെയാണ് ഈ രോഗത്തിന്‍റെ മരണസാധ്യത. അതായത് നിപ്പയേക്കാൾ ഉയർന്ന മരണനിരക്കാണ് അമീബിക് മസ്തിഷ്ക്കജ്വരത്തിനുള്ളത്. നിപ്പയുടെ മരണനിരക്ക് 90-95 ശതമാനമാണ്. അമേരിക്കയിൽ 1962 മുതൽ 2022 വരെയുള്ള കണക്കെടുത്താൽ 135 പേർക്കാണ് അമീബിക് മസ്തിഷ്ക്കജ്വരം ബാധിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരെ മാത്രമാണ് രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറയുന്നു.

ലക്ഷണങ്ങൾ

പനി, തലവേദന, ഛർദ്ദി, അപസ്മാരം എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. രോഗകാരിയായ അമീബ ശരീരത്തിലെത്തി 3-7 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ലക്ഷണങ്ങളിലേറെയും മസ്തിഷ്ക്കജ്വരത്തിന് സമാനമാണ്.

കാരണം

മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും അമീബിക് മസ്തിഷ്ക്കജ്വരത്തിന് കാരണമായ നീഗ്ലേറിയ ഫൌളേറി അമീബ ശരീരത്തിലെത്താൻ ഇടയാകും. മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെയോ വായിലൂടെയോ ആകാം ഈ രോഗകാരി ശരീരത്തിലെത്തുക. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഒഴുക്കില്ലാത്ത ജലാശയങ്ങളിലും നീര്‍ച്ചാലിലും മറ്റും സ്വതന്ത്രമായാണ് രോഗകാരിയായ അമീബ കാണപ്പെടുന്നത്. പരാദസ്വഭാവമില്ലാതെ സ്വതന്ത്രമായാണ് ഇവ കഴിയുക. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യന്റെ ശരീരത്തില്‍ കടക്കുക. തുടര്‍ന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യും.

ആലപ്പുഴ ചേർത്തല പാണാവള്ളി കിഴക്കേത്തറ അനിൽകുമാറിന്‍റെയും ശാലിനിയുടെയും മകനാണ് ഗുരുദത്ത് എന്ന പതിനഞ്ചുകാരൻ. ഗുരുദത്തിന് ജൂണ്‍ 29നാണ് പനി ആരംഭിച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ജൂലൈ ഒന്നിന് തലവേദന, ഛര്‍ദി, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് തുറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. പരസ്പര ബന്ധമില്ലാത്ത പെരുമാറ്റവും മറ്റ് അസ്വസ്ഥയും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എന്‍ഫലൈറ്റിസ് സംശയിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

Also Read: തലച്ചോർ ഭക്ഷിക്കുന്ന അമീബ; എന്താണ് നെയ്ഗ്ലേരിയ ഫൗളറി?

പ്രൈമറി അമീബിക് എന്‍സഫലൈറ്റിസ് എന്ന രോഗാവസ്ഥ ആകാം കുട്ടിക്കെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് വിദഗ്ദ്ധ പരിശോധനക്കായി സാമ്പിള്‍ അയച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമാകുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.

Content Summary: Brain-eating amoeba disease; 97 percent chance of death