തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് ജന്തുക്കളിൽ നിന്ന് പകരുന്ന ബ്രൂസെല്ലോസിസ് രോഗം ബാധിച്ചത്. കണ്ണുകളിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് നിഗമനം.
പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിക്കുന്ന ഈ രോഗം മരണകാരണമാകാറുണ്ട്. സംസ്ഥാനത്ത് ഇതാദ്യമായല്ല ബ്രൂസെല്ലോസിസ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടക്കലിൽ ഏഴ് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നുവർഷം മുമ്പ് കൊല്ലം മയ്യനാട് താന്നി സ്വദേശിയായ ക്ഷീരകർഷകനും ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. രോഗം പകർന്നത് കന്നുകാലികളിൽ നിന്നാണെന്ന് തുടക്കം മുതൽ കരുതിയെങ്കിലും പരിശോധനയിൽ വീട്ടിലെ കാലികൾക്ക് രോഗമില്ലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
രോഗലക്ഷണങ്ങളുമായി ആദ്യം ചികിത്സ തേടിയത് മകനാണ്. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അച്ഛൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതാണ് ഈ രോഗം പകരാനുള്ള കാരണം. രോഗബാധയുള്ള മൃഗങ്ങളുടെ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നതും രോഗം പകരാൻ കാരണമാകുന്നു. ശരിയായി വേവിക്കാത്ത മാസവും പാലും ഉപയോഗിക്കരുത്. ബ്രൂസെല്ലോസിസിന് കാരണമാകുന്ന ബാക്ടീരിയ നിറഞ്ഞ വായു ശ്വസിക്കുന്നത് അണുബാധയ്ക്ക് കാരണമാകുന്നുണ്ട്. അറവുശാലകൾ പോലുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രോഗലക്ഷണങ്ങൾ സാധാരണയായി കണ്ടുവരാറുണ്ട്.