പത്തനംതിട്ട: അരയ്ക്കുതാഴെ ശരീരഭാഗങ്ങളില്ലാതെ ജനിച്ച കുഞ്ഞിനും മാതാപിതാക്കൾക്കും ആശുപത്രി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. വിദേശത്ത് താമസിക്കുന്ന മലയാളി ദമ്പതികളാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി നൽകിയത്. ഗർഭിണിയായിരുന്നപ്പോൾ നാലാം മാസത്തിൽ നടത്തിയ സ്കാൻ പരിശോധനയിലുണ്ടായ വീഴ്ചയാണ് ഇത്തരത്തിൽ വൈകല്യമുള്ള കുട്ടിക്ക് ജന്മം നൽകാൻ ഇടയായതെന്ന് വിശദമായ വാദത്തിനൊടുവിൽ കമ്മീഷൻ കണ്ടെത്തി.
വിദേശത്തായിരുന്ന ദമ്പതികൾ ഗർഭപരിചരണത്തിനും പ്രസവചികിത്സയ്ക്കുമായാണ് കേരളത്തിലെത്തിയത്. പത്തനംതിട്ടയിലെ ന്യൂ ലൈഫ് ഫെർട്ടിലിറ്റി സെൻറർ എന്ന സെൻറ് ലുക്ക് ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്. 2015 ജനുവരി പത്തിനാണ് യുവതി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ കുഞ്ഞിന് അരയ്ക്കു കീഴെയുള്ള ശരീരഭാഗങ്ങളില്ലായിരുന്നു. പ്രസവശേഷമാണ് ഇത് തിരിച്ചറിഞ്ഞത്.
ഇതേത്തുടർന്നാണ് ദമ്പതികൾ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. യുവതി ഗർഭം ധരിച്ച് നാല് ആഴ്ചകൾക്കുശേഷം നിരവധി തവണ അൾട്രസൌണ്ട് സ്കാൻ പരിശോധന നടത്തിയെങ്കിലും ഇത്തരമൊരു വൈകല്യമുള്ളത് കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിക്കാത്തത് വലിയ പോരായ്മയാണ് കമ്മീഷൻ നിരീക്ഷിച്ചു. നാലാമത്തെയോ അഞ്ചാമത്തെയോ മാസത്തിൽ നടത്തുന്ന അനോമലി സ്കാൻ വേണ്ടരീതിയിൽ നടത്താത്തതുകൊണ്ടാണ് ഇത്തരമൊരു അവസ്ഥ തങ്ങൾക്കുണ്ടായതെന്ന് ദമ്പതികൾ പറയുന്നു.
എന്നാൽ അൾട്രാസൌണ്ട് സ്കാൻ പരിശോധന എപ്പോഴും 100 ശതമാനം ശരിയാകാറില്ലെന്ന വാദമാണ് ആശുപത്രി അധികൃതർ മുന്നോട്ടുവെച്ചത്. എല്ലാത്തരം വൈകല്യങ്ങളും ഈ പരിശോധനയിൽ വ്യക്തമാകില്ലെന്നും അവർ വാദിച്ചു.
എന്നാൽ ഈ പ്രശ്നത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗം തലവൻ ഉൾപ്പടെയുള്ള വിദഗ്ധ പാനലിനെ കമ്മീഷൻ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് പ്രകാരം 18ാം ആഴ്ചയിലെ സ്കാനിലൂടെ ഇത്തരം വൈകല്യം കൃത്യമായി തിരിച്ചറിയാനാകുമെന്ന് വ്യക്തമാക്കി. കൂടാതെ സോണോഗ്രാം റിപ്പോർട്ടിലെ പാളിച്ചയും ഇത്തരമൊരു വൈകല്യം തിരിച്ചറിയാതെ പോകാൻ ഇടയാക്കിയെന്നും വിദഗ്ധ സമിതി റിപ്പോർട്ട് നൽകി.
ഇതിൻറെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗങ്ങളായ ഡി അജിത് കുമാർ, കെ ആർ രാധാകൃഷ്ണൻ എന്നിവർ ആശുപത്രി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. റേഡിയോളജിസ്റ്റിൻറെ സാന്നിദ്ധ്യമില്ലാതെ ഗൈനക്കോളജിസ്റ്റ് തന്നെ സ്കാൻ ചെയ്തതും വീഴ്ചയായെന്ന് കമ്മീഷൻ വിലയിരുത്തി.
Content Summary: The State Consumer Disputes Redressal Commission has ordered the hospital to pay Rs 50 lakh as compensation to a baby, born without lower limbs and hip, and his parents.