പെൺകുട്ടികൾക്ക് ആർത്തവ അവധി അനുവദിച്ചുകൊണ്ട് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി. വിദ്യാർത്ഥികളുടെ ഏറെ നാളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ടാണ് തീരുമാനം. ഇതോടെ വിദ്യാർഥികൾക്ക് ആർത്തവ അവധി അനുവദിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സർവ്വകലാശാലയായി കുസാറ്റ് മാറി.
ഈ സെമസ്റ്റർ മുതലാണ് അവധി ലഭ്യമാകുക. അധികമായി 2 ശതമാനം അവധിയാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. സാധാരണ പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണ്ടിടത്ത് ഇനി പെൺകുട്ടികൾക്ക് 73 ശതമാനം ഹാജർ മതിയാകും. സർവ്വകലാശാലയിൽ പിഎച്ച്‌ഡി പഠിക്കുന്നവർ ഉൾപ്പെടെ എല്ലാ സ്ട്രീമുകളിലെയും വിദ്യാർത്ഥിനികൾക്ക് ഉത്തരവ് ബാധകമാകും.
എതിർപ്പ് ഉന്നയിക്കാതെ തങ്ങളുടെ ആവശ്യം സർവ്വകലാശാല അംഗീകരിച്ചതിൽ സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ നമിത ജോർജ് സന്തോഷം പ്രകടിപ്പിച്ചു.